117 ലോഫ്‌ളോര്‍ ബസുകള്‍ കൂടി നിരത്തിലിറങ്ങുന്നു

Posted on: July 16, 2016 6:00 am | Last updated: July 15, 2016 at 11:43 pm
SHARE

KSRTCകണ്ണൂര്‍:കേന്ദ്ര സര്‍ക്കാറിന്റെ ജവഹര്‍ലാല്‍ നെഹ്രു നാഷനല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്റെ (ജന്റം) സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് 117 ബസുകള്‍ കൂടി നിരത്തിലിറക്കുന്നു. ജന്റം രണ്ടാം ഘട്ട പദ്ധതി പ്രകാരമാണ് നിലവിലുള്ള 600ല്‍ പരം ബസുകള്‍ക്കു പുറമെ പുതുതായി 117 ബസുകള്‍ കൂടി നിരത്തിലിറക്കാന്‍ നടപടിയായത്. രണ്ട് മാസത്തിനകം ബസുകള്‍ ബന്ധപ്പെട്ട ഡിപ്പോകളിലെത്തിക്കും. നോണ്‍ എസി ബസുകള്‍ക്ക് പുറമെ എസി ബസുകളും ഇതിലുള്‍പ്പെടും. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. കെ എസ് ആര്‍ ടി സിയുടെ കീഴില്‍ തേവര ആസ്ഥാനമായി രൂപവത്കരിച്ച കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനാണ് ജന്റം ബസുകളുടെ ചുമതല. കെ യു ആര്‍ ടി സി മുഖേന 603 ബസുകളാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.190 ലോ ഫ്‌ലോര്‍ എ സി ബസുകളും 413 സെമി നോണ്‍ എ സി ലോ ഫ്‌ലോര്‍ ബസുകളും ഇതിലുള്‍പ്പെടും. ഇതു കൂടാതെയാണ് പുതിയ ലോഫ്‌ളോര്‍ ബസുകളുടെ കടന്നു വരവ്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളുള്‍പ്പെടുന്ന വടക്കന്‍ മേഖലകളില്‍ പുതുതായെത്തുന്ന ബസുകളില്‍ കൂടുതലെണ്ണം സര്‍വ്വീസ് നടത്തും.
അതേസമയം അത്തരം ബസുകളിലെ നിരക്ക് കുറക്കണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിക്കാനും കെ എസ് ആര്‍ ടി സി തയ്യാറായേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ മാര്‍ച്ച് ഒന്ന് മുതല്‍ സംസ്ഥാനത്തെ ഓര്‍ഡിനറി കെ എസ് ആര്‍ ടി സി ബസുകളില്‍ മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് ആറ് രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ജന്റം ബസുകളുടെ നിരക്ക് കുറക്കാന്‍ നടപടിയുണ്ടായിരുന്നില്ല. ജന്റം ബസുകള്‍ക്ക് മിനിമം ചാര്‍ജ് നിലവില്‍ എട്ട് രൂപയാണ്. ഇത് കുറക്കണമെന്ന ആവശ്യമാണ് യാത്രക്കാര്‍ ഉയര്‍ത്തിയിരുന്നത്. സാധാരണ ബസുകള്‍ ഒരു ലിറ്റര്‍ ഡീസലിന് 4.5 കി.മീ. ഓടുമെങ്കില്‍ ജന്റം ലോഫ്‌ളോര്‍ ബസുകള്‍ക്ക് 2.9 കി മീ മാത്രമാണ് മൈലേജ്. ഇതാണ് ബസ് ചാര്‍ജ്ജ് കുറക്കുന്നതില്‍ നിന്ന് അധികൃതരെ പിന്നോട്ടടുപ്പിച്ചത്. മെട്രോ നഗരങ്ങളില്‍ സര്‍വീസ് നടത്തുന്നതിനാണ് കേന്ദ്രനഗരവികസന കാര്യമന്ത്രാലയം ജന്റം ബസുകള്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്.
എന്നാല്‍ കേരളത്തില്‍ എല്ലായിടത്തും ഇത്തരം ബസുകള്‍ അടുത്തിടെ സര്‍വ സാധാരണമായി. അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ പദ്ധതിയുടെ ധനസഹായത്തോടെ ലഭിക്കുന്ന വാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രമുഖ നഗരങ്ങളെ മാത്രം കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുമ്പോള്‍ കേരളത്തിന്റെ സവിശേഷ നഗരസ്വഭാവം പരിഗണിച്ച് മൂന്ന് ജില്ലകളെ ഒരൊറ്റ ക്ലസ്റ്ററായി പരിഗണിച്ചാണ് കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കെ എസ് ആര്‍ ടി സിയുടെ ആയിരത്തോളം ബസുകള്‍ അറ്റകുറ്റപ്പണിക്കായി കയറ്റിവച്ചിരുന്നു. പകരം നിരത്തിലിറക്കാന്‍ പുതിയ ബസുകള്‍ ഇല്ലാതെ വന്നപ്പോഴാണ് എ സി ലോഫ്‌ളോര്‍ ബസുകളടക്കമുള്ളവ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിച്ചു തുടങ്ങിയത്. അതേസമയം ഇത്തരം ബസുകള്‍ വ്യാപകമായി കുണ്ടും കുഴിയുമുള്ള നിരത്തിലിറക്കുന്നത് ബസുകളുടെ പ്രവര്‍ത്തന ക്ഷമത ഇല്ലാതാക്കുമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ബസിനെന്തെങ്കിലും കുഴപ്പം വന്നാല്‍ ജീവനക്കാരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന പതിവും കോര്‍പറേഷനുണ്ട്.
ലോഫ്‌ളോര്‍ ബസുകള്‍ ഇപ്പോള്‍ ദീര്‍ഘദൂര പാതകളിലും ഓടുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളം എറണാകുളം, കൊച്ചി വിമാനത്താവളം കോഴിക്കോട്, കൊച്ചി വിമാനത്താവളം മലപ്പുറം, കോഴിക്കോട് എറണാകുളം, കോഴിക്കോട് സുല്‍ത്താന്‍ ബത്തേരി, സുല്‍ത്താന്‍ബത്തേരികണ്ണൂര്‍ കോഴിക്കോട് പാതകളില്‍ ജന്റം ബസുകളുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ദിവസം 21 ദീര്‍ഘദൂര സര്‍വീസുകളുണ്ട്. ഇത്തരം ബസുകള്‍ക്ക് മോശമല്ലാത്ത വരുമാനവുമുണ്ട്.