സൂര്യനെല്ലി കേസ്: പ്രതികളുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Posted on: July 16, 2016 6:01 am | Last updated: July 16, 2016 at 10:57 am
SHARE

supreme court1ന്യൂഡല്‍ഹി: പ്രമാദമായ സൂര്യനെല്ലി പീഡനക്കേസുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഹൈക്കോടതി ശിക്ഷിച്ച പ്രതികള്‍ നല്‍കിയ അപ്പീലാണ് പരമോന്നത കോടതി ഇന്ന് പരിഗണിക്കുന്നത്. കേസില്‍ കേരള ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച മുഖ്യപ്രതി ധര്‍മരാജന്‍ അടക്കമുള്ള 29 പ്രതികളാണ് അപ്പീലുകളുമായി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ദിപക് മിശ്ര, സി നാഗപ്പന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവില്‍ ഇവര്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. അതേസമയം ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി നേരത്തെ വിസമ്മതിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ പറയുന്ന പോലെ, പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകകക്ഷി സമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക മാത്രമാണ് ചെയതെന്നുമാണ് പ്രതികളുടെ വാദം. സൂര്യനെല്ലി കേസില്‍ വിചാരണക്കിടെ പെണ്‍കുട്ടി നിരവധി തവണ മൊഴി മാറ്റിയിരുന്നുവെന്നും ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.