Connect with us

Editorial

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്

Published

|

Last Updated

മൈക്രോ ഫിനാന്‍സ് അഴിമതിക്കേസില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിത് സംബന്ധിച്ചു രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഉണ്ടായത്. ഇടത് മുന്നണിയുടെ രാഷ്ട്രീയ അസഹിഷ്ണതയാണ് ഇതിന് പിന്നിലെന്നും വെള്ളാപ്പള്ളി ശുദ്ധനാണെന്നുമാണ് ബി ജെ പിയുടെ പക്ഷം. വിജിലന്‍സ് എഫ് ഐ ആറിട്ടത് കൊണ്ടു മാത്രം വെള്ളാപ്പള്ളി പ്രതിയാകില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ചു സംസ്ഥാനത്ത് രാഷ്ട്രീയാടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ബി ജെ പി എന്നിരിക്കെ കുമ്മനത്തിന്റെ പ്രതികരണം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ വെള്ളാപ്പള്ളിയെ വെള്ള പൂശുന്ന ചെന്നിത്തലയുടെ പ്രതികരണത്തിന്റെ പിന്നിലെ ചേതോവികാരമാണ് മനസ്സിലാകാത്തത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച ആരോപണം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഉയര്‍ന്നത്. അന്ന് സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന് വിവിധ തലങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. പാവപ്പെട്ടവരുടെ ഉന്നമനത്തിന് വിനിയോഗിക്കേണ്ട തുക കൊള്ളപ്പലിശക്ക് വായ്പ നല്‍കി ഒരു പ്രസ്ഥാനത്തിന് ചീത്തപ്പേരുണ്ടാക്കിയ സംഭവത്തില്‍ പ്രതികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്ന നയം സംഗതമല്ല. അതേസമയം കെ പി സി സി അധ്യക്ഷന്‍ സൂധീരന്റെ നിലപാട് മാന്യമായിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്ത നടപടിയെ സ്വാഗതം ചെയ്ത അദ്ദേഹം വെള്ളാപ്പള്ളി ഇനി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുകയുമുണ്ടായി.
പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന എസ് എന്‍ ഡി പിയുടെ അഭിമാനാര്‍ഹമായ പരിപാടിയാണ് മൈക്രോഫിനാന്‍സ് പദ്ധതി വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 250 സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം സഹായം നല്‍കുമെന്നും നാലായിരത്തോളം പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്ന് കുറഞ്ഞ പലിശക്ക് വായ്പയെടുത്ത പണം അംഗങ്ങള്‍ക്ക് കൂടിയ പലിശക്ക് എസ് എന്‍ ഡി പി നേതൃത്വം മറിച്ചുനല്‍കി അണികളെ വഞ്ചിക്കുകയായിരുന്നുവത്രെ. അഞ്ച് ശതമാനം പലിശയേ ഈടാക്കാവൂ എന്ന പിന്നാക്ക കോര്‍പറേഷന്റെ വ്യവസ്ഥ ലംഘിച്ചു 10 മുതല്‍ 15 ശതമാനം വരെ പലിശയാണ് ഈടാക്കിയത്. സ്വാശ്രയ സംഘങ്ങളുടെ സാക്ഷ്യപത്രവും ഗ്രൂപ്പ് ഫോട്ടോയും ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജറാക്കണമെന്ന വ്യവസ്ഥയും പാലിച്ചില്ല. ഇടപാടിലെ ഈ ക്രമവിരുദ്ധത ശ്രദ്ധയില്‍ പെട്ടിട്ടും കോര്‍പറേഷന്‍ വീണ്ടും അഞ്ച് കോടി കൂടി അനുവദിച്ചുവെന്നും ഇങ്ങനെ ലഭ്യമായ പണം പല യോഗം ശാഖകളും ദുര്‍വിനിയോഗം ചെയ്‌തെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അഞ്ച് കോടിയില്‍ 4,75 കോടിയും ദുര്‍വിനിയോഗം ചെയ്യുകയായിരുന്നുവെന്നാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. വായ്പയെടുത്തു വഞ്ചിതരായെന്ന പരാതിയുമായി നിരവിധി പേര്‍ രംഗത്തുവന്നിരുന്നു. അടൂരില്‍ മാത്രം ഇതു സംബന്ധിച്ചു 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ ജില്ലയിലെ മണ്ണുത്തി യൂനിയനില്‍ 104 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിന് യൂനിയന്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിട്ടുണ്ട്. പീച്ചി, ചങ്ങനാശ്ശേരി യോഗം ഭാരവാഹികള്‍ക്കെതിരെയും കേസുകളുണ്ട്.
വായ്പ ഇടപാടില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും പ്രാദേശിക യൂനിറ്റുകള്‍ അവരുടെതായ ഉത്തരവാദിത്വത്തിലാണ് വായ്പകള്‍ നല്‍കിയതെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിശദീകരണം. എന്നാല്‍ ഇടപാടുകളുടെ ആവശ്യാര്‍ഥം വിവധ യൂനിയനുകളിലേക്ക് ആളുകളെ നിയമിച്ചുകൊണ്ട് വെള്ളാപ്പള്ളി അയച്ച കത്തുകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്നതോടെ ഈ വാദം പൊളിഞ്ഞു. വെള്ളാപ്പള്ളിയുടെ നോമിനികളാണ് എല്ലാ ശാഖകളിലും വായ്പാ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നതെന്നാണ് തട്ടിപ്പിനരയായവര്‍ പറയുന്നത്.
അഴിമതി നിരോധ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കല്‍, സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൂടി ചേര്‍ത്താണ് വിജലന്‍സ് വെള്ളാപ്പള്ളിക്കും യോഗം പ്രസിഡന്റ് എം എന്‍ സോമന്‍, മൈക്രോഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ കെ മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം ഡി. എന്‍ നജീബ്, നിലവിലെ എം ഡി ബി ദിലീഫ്കുമാര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തത്. മതിയായ രേഖകള്‍ ഹാജറാക്കാതിരുന്നിട്ടും വായ്പ അനുവദിക്കുകയും തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടും നടപടകള്‍ കൈക്കൊള്ളാതിരിക്കുകയും ചെയ്തതിനാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. കഴിഞ്ഞ സര്‍ക്കാറിലെ ഉന്നതരില്‍ നിന്നുള്ളവരുടെ നിര്‍ദേശാനുസരണമാണ് ഉദ്യോഗസ്ഥര്‍ ക്രമക്കേടിന് കൂട്ടുനിന്നതെന്നാണ് വിവരം.
ആരോപണങ്ങള്‍ പ്രഥമ ദൃഷ്ട്രാ ശരിയാണെന്ന് വിജിലന്‍സ് കണ്ടെത്തുകയും വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം തത്കാലം പദവിയില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് ഉചിതം.

Latest