Connect with us

Articles

ഭരണപരിഷ്‌കാര കമ്മീഷന്‍ വരുമ്പോള്‍

Published

|

Last Updated

ഒരു പുതിയ നിയമ നിര്‍മാണം വഴി ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ പദം എന്ന ഒരു തൃശംങ്കുസ്വര്‍ഗം സൃഷ്ടിച്ച് ക്യാബിനറ്റ് റാങ്കോടെ വി എസ് അച്യുതാനന്ദനെ അവിടെ പ്രതിഷ്ഠിക്കാനുള്ള നീക്കം അതിന്റെ അന്തിമ ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. മിക്കവാറും ഈ നിയമസഭാ സമ്മേളന കാലത്തു തന്നെ ഇരട്ട പദവി സംബന്ധിച്ച നിയമഭേദഗതി അംഗീകരിക്കപ്പെടും. പദവി സ്വീകരിക്കണമോ വേണ്ടയോ എന്ന് വി എസ് എനിയും തീരുമാനിച്ചിട്ടില്ല. താനെന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്ന് കാത്തിരുന്നു കണ്ടോളൂ എന്നാണ് അദ്ദേഹം പറയുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ കേസിലും സുപ്രീം കോടതി വി എസിനു തിരിച്ചടി നല്‍കി. ഇത്രയൊക്കെയായിട്ടും കുഞ്ഞാലിക്കുട്ടിയെ താന്‍ വെറുതെ വിടാന്‍ പോകുന്നില്ലെന്നാണ് വി. എസ് പറയുന്നത്. സാന്റെിയാഗോ മാര്‍ട്ടിന്റെ കേസ് വാദിക്കാന്‍ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് എം കെ ദാമോദരന്‍ ഹാജരായതും സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ വക്കീല്‍ തനിക്കനുകൂലമായ നിലപാട് സ്വീകരിക്കാത്തതും വി എസിനെ ക്ഷുഭിതനാക്കിയിട്ടുണ്ട്. ഏതു നിമിഷത്തിലും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരഗ്നിപര്‍വതം പോലെ എനി എത്ര നാള്‍ ഈ വൃദ്ധ സഖാവിനെ സഹിക്കേണ്ടി വരും എന്ന ആശങ്ക പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അലട്ടുന്നുണ്ടെന്നു തോന്നുന്നു.
വി എസ് ഇവിടെ പഴയ ഗ്രീക്കു നാടക വേദിയിലെ അത്ഭുത ദൈവങ്ങളുടെ തലത്തിലേക്കുയര്‍ന്നിരിക്കുന്നു. ലത്തിന്‍ ഭാഷയില്‍ ഈ അവസ്ഥയെ Deusex Machina എന്നു പറയും. സ്റ്റേജിലെ കഥാപാത്രങ്ങളുടെ ചെയ്തികളിലൂടെ, വരാന്‍ പോകുന്ന ദുരന്തത്തിന്റെ മുമ്പില്‍ കാണികള്‍ നിസ്സഹായരാകുമ്പോള്‍ ഇതാ സ്റ്റേജിന്റെ മുകളില്‍ നിന്നും ഒരു ദൈവം ഇറങ്ങിവരുന്നു. സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെ അത്ഭുതകരമായി തട്ടിമാറ്റി നാടകം ശുഭ പര്യവസായിയാക്കുന്നു. ഇതിന്റെ ഒടുവിലത്തെ പരിണാമം അത് മാന്ത്രികനായ മാന്‍ഡ്രേക്കും ടാര്‍സനും ഇപ്പോഴത്തെ പിള്ളേരുടെ ഇഷ്ടമായ ഡിങ്കനും ഒക്കെ ആയി പുന്നപ്ര വയലാര്‍ നായകന്‍ കേരളത്തെ രക്ഷിക്കാന്‍ പോകുന്നു എന്ന പ്രതീതി ഉളവാക്കിയിരിക്കുന്നു. ശല്യക്കാരായ രാഷ്ട്രീയക്കാരെ ഒതുക്കാന്‍ ജനാധിപത്യ സര്‍ക്കാറുകള്‍ പല പദവികളും സൃഷ്ടിച്ചു പ്രശ്‌ന പരിഹാരം തേടാറുണ്ട്.
കേന്ദ്ര ഭരണത്തില്‍ വല്ല സ്വാധീനവും ഉണ്ടായിരുന്നെങ്കില്‍ ഇടതുപക്ഷം വി എസ് അച്യുതാനന്ദനെ വല്ല ഗവര്‍ണറും ആക്കി ഏതെങ്കിലും അന്യ സംസ്ഥാനങ്ങളിലേക്കു നാടുകത്തുമായിരുന്നു. ഇങ്ങനെ നാടുകടത്തപ്പെട്ട ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട്. പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കു ഇവരെക്കുറിച്ചുള്ള പ്രബന്ധം തന്നെ തയ്യാറാക്കാനുള്ള സ്‌കേപ്പുണ്ട്. ഇപ്പോഴത്തെ പ്രായത്തിനും പക്വതക്കും മുന്‍ രാഷ്ട്രീയ പരിചയങ്ങള്‍ക്കും എല്ലാം ഇണങ്ങിയത് ഗവര്‍ണര്‍ പദവി തന്നെയാണെന്നാര്‍ക്കാണ് സംശയം. എവിടെ നിയമിച്ചാലും ഈ പ്രായത്തിലും അദ്ദേഹം നല്ല ഒരു ഗവര്‍ണര്‍ തന്നെയായിരിക്കും. നിര്‍ഭാഗ്യവശാല്‍ ഇന്ന് അതിനെരു സാധ്യതയുമില്ല. അപ്പോള്‍ പിന്നെ സംസ്ഥാനത്തു തന്നെ ഗവര്‍ണര്‍ പദവിക്കു തുല്യമായ ഒരു പദവി സൃഷ്ടിച്ച് അദ്ദേഹത്തെ കുടിയിരുത്തുകയല്ലാതെ മറ്റെരു പോംവഴിയുമില്ലെന്നു തോന്നുന്നു. അതിനാലായിരിക്കണം കാര്യങ്ങള്‍ ഈ വഴിക്കു പുരോഗമിക്കുന്നത്.
പുതിയ മുഖ്യമന്ത്രി ആദ്യമായി നടത്തിയ നയം വ്യക്തമാക്കലും സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണം തേടി, അവരില്‍ നിന്നും കൂടുതല്‍ കാര്യക്ഷമത പ്രതീക്ഷിച്ചു നല്‍കിയ താക്കീതുകളും ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗവും ധനമന്ത്രി അവതരിപ്പിച്ച ബജറ്റും എല്ലാം തന്നെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ പ്രതിച്ഛായക്ക് നല്ല തിളക്കം ഉണ്ടാക്കി എന്ന് ആരും സമ്മതിക്കും. അങ്ങനെയങ്ങ് തിളങ്ങണ്ട എന്ന് ആണ് വി എസ് അച്യുതാനന്ദന്‍ വിചാരിക്കുന്നതെന്നു തോന്നുന്നു. അതുകൊണ്ടായിരുക്കുമല്ലോ സത്യപ്രതിജ്ഞാ വേദിയില്‍ തനിക്കു പ്രത്യേക പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ് യച്ചൂരിയുടെ കീശയില്‍ നിക്ഷേപിച്ചതും ചാനലുകാര്‍ ആ കുറിപ്പിന്റെ ഉള്ളടക്കം പകര്‍ത്തിയതും. വി എസ് എന്ന വിപ്ലവ നായകന്റെ വ്യക്തിത്വത്തിനു കാര്യമായ മങ്ങലേല്‍പ്പിക്കാന്‍ പര്യാപ്തമായിരുന്നു അതേ തുടര്‍ന്നു നടന്ന ചാനല്‍ ചര്‍ച്ചകള്‍. പിണറായി വിജയനെ പോലുള്ള ഒരു കമ്മ്യൂണിസ്റ്റ് പിന്‍സീറ്റ് ഡ്രൈിവിംഗിലൂടെ ആരുടെയെങ്കിലും നിയന്ത്രണത്തിന് വിധേയമാകുമെന്ന് കണക്കുകൂട്ടേണ്ടതില്ല.
നയനാര്‍ മുഖ്യമന്ത്രിയും വി എസ് പാര്‍ട്ടി സെക്രട്ടറിയും ആയിരുന്നപ്പോള്‍ മുഖ്യമന്ത്രിയെയും ഗവണ്‍മെന്റിനെയും നിയന്ത്രിക്കാന്‍ വി എസിനു കുറെയൊക്കെ കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതെ മറ്റാരെയും ഗോഡ്ഫാദറായി അംഗീകരിക്കാന്‍ പിണറായി തയ്യാറല്ലെന്ന് ബോധ്യപ്പെട്ട നാള്‍ മുതല്‍ തുടങ്ങിയതാണ് വി എസിന്റെ പിണറായിവിരോധം. ഇതിലദ്ദേഹത്തെ പിന്തുണക്കാന്‍ അസംതൃപ്തരായ ഒരു പറ്റം മുന്‍ കമ്മ്യൂണിസ്റ്റുകളും വാര്‍ത്തകള്‍ ചമയ്ക്കുന്നതില്‍ തത്പരരായ ന്യൂ ജനറേഷന്‍ മാധ്യമങ്ങളും മുന്നോട്ടു വന്നു. നാള്‍ക്കു നാള്‍ മൂര്‍ച്ഛിച്ചുകൊണ്ടിരുന്ന ഈ സംഘര്‍ഷം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സര്‍ഗാത്മക വളര്‍ച്ചയെ വളരെയേറെ പ്രതികൂലമായി ബാധിച്ചു. ഇത് കേരളീയ സമൂഹത്തിനു ചില്ലറ ദേഷം ഒന്നുമല്ല ചെയ്തത്. 2009ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പാടെ നിലം പരിശാക്കിയതും 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷ വിജയം കപ്പിനും ചുണ്ടിനും മധ്യേ വീണു പോകാന്‍ ഇടയാക്കിയതും ഇവിടുത്തെ യു ഡി എഫ് എന്ന രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഏതെങ്കിലും തരത്തിലുള്ള മികവുകൊണ്ടൊന്നുമല്ല. സി പി എമ്മിലെ വി എസ് പിണറായി ഗ്രൂപ്പു വൈര്യം ഒന്നുകൊണ്ടുമാത്രമായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും. കഴിഞ്ഞ 15 വര്‍ഷങ്ങളായി തുടരുന്ന ഈ അസംബന്ധ നാടകം കണ്ടു മടുത്ത കേരളം ഇടതു പക്ഷത്തിനൊരവസരം കൂടി നല്‍കി. അതിന്റെ ഫലമാണ് നിലവില്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റെ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെ പഴയ ചക്കളത്തിപ്പോരാട്ടം തുടരാനാണ് ഭാവമെങ്കില്‍,””യെതുശലേം പുത്രിമാരേ നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലിക്കരയുവിന്‍” എന്ന് യേശു നടത്തിയ നിരീക്ഷണം കേരളത്തിനു കൂടി ബാധകമാണെന്നു പറയേണ്ടി വരും.
ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് ആകുകയോ ആകാതിരിക്കുകയോ ചെയ്യട്ടെ രണ്ടായാലും കേരളത്തിലെ ജനസാമാന്യം ഭരണപരിഷ്‌കാരം എന്നതുകൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നത്? ആധുനികോത്തര രാഷ്ട്ര മീമാംസയിലെ ഈ പദത്തിന്റെ അര്‍ഥം പരിശോധിച്ചാല്‍ ഭരണം എന്നത് തന്നെ ഒരു അശ്ലീല വാക്കാണ്. ജുഡീഷ്യറി, എക്‌സിക്യുട്ടീവ്, ലെജിസ്ലേറ്റീവ് എന്നീ മൂന്നു തൂണുകളെ കൂടാതെ പത്രമാധ്യമങ്ങള്‍ എന്ന നാലമതൊരു തൂണും കൂടി ചേര്‍ന്നതാണ് ജനാധിപത്യം എന്ന ഇന്നത്തെ ഭരണ സംവിധാനമാകുന്ന വൃദ്ധ സദനത്തെ താങ്ങിനിറുത്തിയിരിക്കുന്നത്. നിര്‍ദിഷ്ട ഭരണപരിഷ്‌കാര കമ്മീഷനു സ്വാധീനിക്കാന്‍ കഴിയുക ഈ നാലു തൂണുകളില്‍ രണ്ടാമത്തേതായ എക്‌സിക്യുട്ടീവിനെ, അതായത് പൊതു ഖജനാവില്‍ നിന്നു ശമ്പളം പറ്റി ജീവിതം കൂശാലായി ആസ്വദിക്കുന്ന ഇവിടുത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ്. ഇവരില്‍ ഐ എ എസ്- ഐ പി എസ് കേഡറില്‍പ്പെട്ട ബ്രാഹ്മണര്‍, അതിനു തൊട്ടു താഴെയുള്ള ക്ഷത്രിയര്‍, മൂന്നാം ക്ലാസിലും നാലാം ക്ലാസിലും അതിനും താഴെയുള്ള ക്ലാസുകളിലുമായി പെട്ടി ചുമക്കാന്‍ ബാധ്യസ്ഥരായ ശൂര്‍ദ്രര്‍ എന്നിങ്ങനെ ഏറെക്കുറെ ഇന്ത്യന്‍ വര്‍ണാശ്രമ ക്രമത്തിന്റെ അതേ മാതൃകയില്‍ തന്നെയാണ് നമ്മുടെ സര്‍ക്കാര്‍ സര്‍വീസും. ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയിരിക്കുന്നത് സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം 69 വര്‍ഷം പിന്നിട്ടിട്ടും ബ്യൂറോക്രസിയുടെ ഈ ഘടനയക്ക് ക്രാര്യമായ ഒന്നും വരുത്തുവാന്‍ ഒരു ഭരണ പരിഷ്‌കാര കമ്മീഷനും മുതിര്‍ന്നുകാണില്ല.
ബ്രിട്ടീഷ് ഭരണാധികാരികള്‍ രൂപം നല്‍കിയ നമ്മുടെ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ജന്‍മസഹജമായ എല്ലാ വൈകല്യങ്ങളും കാര്യമായ മാറ്റം ഒന്നും കൂടാതെ ഇന്നും തുടരുന്നു. ഇതിനു മുമ്പ് സമര്‍പ്പിക്കപ്പെട്ട ഭരണപരിഷ്‌കാര റിപ്പോര്‍ട്ടുകള്‍ എത്രയോ എണ്ണം സെക്രട്ടറിയേറ്റില്‍ പൊടിപിടിച്ചു കിടക്കുന്നു. ആരെങ്കിലും അതില്‍ എവിടെയെങ്കിലും കൈവച്ച് എന്തെങ്കിലും പരിഷ്‌കാരം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ സെക്രട്ടേറിയറ്റ് എന്ന അധികാര സിരാകേന്ദ്രത്തിലെ വെള്ളാനകളും കുഴിയാനകളും ഒന്നിച്ചിളകി അവരുടെ കഥ കഴിക്കും.
നമ്മുടെ ഉദ്യോഗസ്ഥരില്‍ പലരും മുഴുവന്‍ ശമ്പളം പറ്റുന്നവരും ഭാഗികമായി മാത്രം ജോലി ചെയ്യുന്നവരുമാണ്. അധ്യാപകരിലും ഉദ്യേഗസ്ഥരിലും ഒരു ചെറിയ വിഭാഗം എങ്കിലും അധിക വരുമാനമുള്ള മറ്റു തൊഴിലുകള്‍ ഭംഗിയായി നിറവേറ്റുന്നവരാണ്. കലയും സാഹിത്യവും സാംസ്‌കാരിക പ്രവര്‍ത്തനവും തുടങ്ങി റിയല്‍ എസ്റ്റേറ്റ് ഡീലിംഗ്‌സ് വരെ ഇവര്‍ക്കു വഴങ്ങും. സംഘടനാ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഇവര്‍ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനം കണ്ടില്ലെന്നു നടിക്കാനാകില്ല. സര്‍വീസ് ചട്ടങ്ങളനുസരിച്ച് ജീവനക്കാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു. പക്ഷേ ജീവനക്കാരുടെ തുറുപ്പുചീട്ടെന്നത് അവരുടെ രാഷ്ട്രീയ പക്ഷപാതിത്വ മാണ്. പോലീസുകാര്‍ പോലും രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിക്കീഴില്‍ ചേരിതിരിഞ്ഞ് പരസ്പരം പാര പണിയുന്നു. ഐക്യം ഐക്യം നമ്മുടെ ശക്തി എന്നെക്കെ ഇവര്‍ മുദ്രാവാക്യം മുഴക്കുമെങ്കിലും ഇവരുടെ അനൈക്യമാണ് തങ്ങളുടെ ശക്തി എന്ന തിരിച്ചറിവുള്ളവരാണ് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍. മാറി മാറി വരുന്ന ഓരോ സര്‍ക്കാറും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് തത്വം പിന്‍തുടര്‍ന്നുകൊണ്ട് രാഷ്ട്രീയ പകപോക്കല്‍ എന്നോ ഉപകാര സ്മരണ എന്നോ തോന്നിക്കുന്ന സ്ഥലം മാറ്റങ്ങളും സ്ഥാനക്കയറ്റങ്ങളും ഒക്കെ നടത്തുന്നു. ജനാധിപത്യ സംവിധാനത്തിന്റെ നെടും തൂണുകളായ ഉദ്യോഗസ്ഥപടയും അവരുടെ ഓഫീസുകളും തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തന മാതൃകകളാണ് കാഴ്ച വെക്കുന്നത്. സെക്രട്ടേറിയറ്റു മുതല്‍ പഞ്ചായത്താഫീസുകള്‍ വരെയും യൂനിവേഴ്‌സിറ്റികള്‍ മുതല്‍ പ്രൈമറി സ്‌കൂളുകള്‍ വരെയും ഇതാണ് സ്ഥിതി.
ഭരണപരിഷ്‌കാരം ലക്ഷ്യമാക്കുന്നത് ജനങ്ങളും ഗവണ്‍മെന്റും തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുക, ജനക്ഷേമവും ജനായത്ത സംസ്‌കാരവും ശക്തിപ്പെടുത്തുക ഇവയൊക്കെയാണെങ്കില്‍ പരിഷ്‌കാരത്തിനും പൊളിച്ചെഴുത്തിനും ഒക്കെ തുടക്കം കുറിക്കേണ്ടത് താഴെ തട്ടില്‍ നിന്നാണ്. അടിത്തറ ഭദ്രമല്ലാത്ത ഒരു കെട്ടിടത്തിന്റെ മേല്‍കൂര എത്ര എടുപ്പുള്ളതായാലും അതുയര്‍ത്തുന്ന ഭീഷണി നിസ്സാരമല്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ അത്ര മോശമാണെന്നോ തീരെ കുറവാണെന്നോ ആരും പറയില്ല. ഓരോ ബജറ്റ് വരുമ്പോഴും ശമ്പള കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമ്പോഴും എന്തിന് ക്ഷാമബത്ത വര്‍ധിപ്പിച്ചു നല്‍കുമ്പോള്‍ പോലും കര്‍ഷകരും തൊഴിലന്വേഷകരായ അഭ്യസ്തവിദ്യരും വ്യാപാരി വ്യവസായികളും എല്ലാം അവരുടെ പരസ്യമായ അസംതൃപ്തി പ്രകടിപ്പിക്കുന്നതു കാണാം. ആസൂയ കലര്‍ന്ന കണ്ണുകളേടെ ഉള്ള ഇവരുടെ നോട്ടത്തിനു ചെറിയ ചികില്‍സകളൊന്നും പോരാ.
തങ്ങള്‍ കൈപ്പറ്റുന്ന പ്രതിഫലത്തിന് ആനുപാതികമായ ജോലി ചെയ്ത് തങ്ങളുടെ കടമ നിറവേറ്റുന്നുണ്ട് എന്നു പൊതുസമൂഹത്തെ ബേധ്യപ്പെടുത്താനുള്ള ബാധ്യത ഓരോ ജീവനക്കാരനും ഉണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റു പൊതുമേഖലാ ജീവനക്കാരുടെയും ഉയര്‍ന്ന വേതന നിരക്ക് സഹകരണ മേഖലയിലും മറ്റു സ്വകാര്യ മേഖലകളിലും ജോലി ചെയ്യന്നവരുടെ കൂലിക്കായുള്ള വിലപേശല്‍ ശേഷി വര്‍ധിപ്പിക്കും. നല്ല ഒരു വിഭാഗം ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷി വര്‍ധിക്കുന്നതിന്റെ ഗുണം മൊത്തം സമൂഹത്തിനും പ്രയോജനപ്പെടും. ഇത് സമ്പത്‌വ്യവസ്ഥക്ക് കരുത്തു പകരും. കാലാകാലമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വേതന വര്‍ധനവിനെ അനുകൂലിക്കുന്നവരുടെ വാദഗതി ഇങ്ങനെ പോകുന്നു. അത് അംഗികരിക്കുമ്പോള്‍ തന്നെ നാട്ടില്‍ പൊതുവായി ആരോഗ്യകരമായ ഒരു സേവനവേതന വ്യവസ്ഥ നിലനില്‍ക്കേണ്ടതുണ്ട്. മികച്ച സേവനത്തിന് മികച്ച വേതനം. അതായിരിക്കണം തത്വം. പകരം സേവനം തുച്ഛം വേതനം മെച്ചം എന്ന അവസ്ഥ ഇന്ന് സാര്‍വത്രികമായിരിക്കുന്നു. ഇത് കണക്കിലെടുത്തുകൊണ്ടുള്ള ഒരു ഭരണപരിഷ്‌കാരമാണ് നിലവില്‍ വരേണ്ടത്. അതിന് ക്യാബിനറ്റ് റാങ്കിലുള്ള ഒരു കമ്മീഷന്‍ ചെയര്‍മാനൊന്നും വേണമെന്നില്ല. ഇച്ഛാശക്തിയുള്ള ഒരു ഗവണ്‍മെന്റുണ്ടായാല്‍ മതി. 9446268581

---- facebook comment plugin here -----

Latest