റമസാനില്‍ ഈദ് ചാരിറ്റി നടത്തിയത് 22 മില്യന്‍ റിയാലിന്റെ പദ്ധതികള്‍

Posted on: July 15, 2016 10:39 pm | Last updated: July 15, 2016 at 10:39 pm
SHARE
ഈദ് ചാരിറ്റിയുടെ നേതൃത്വത്തില്‍ വിദേശത്ത് നടന്ന നോമ്പുതുറ (ഫയല്‍)
ഈദ് ചാരിറ്റിയുടെ നേതൃത്വത്തില്‍ വിദേശത്ത് നടന്ന നോമ്പുതുറ (ഫയല്‍)

ദോഹ: ഖത്വറിലും വിദേശത്തുമായി ശൈഖ് ഈദ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ (ഈദ് ചാരിറ്റി) 22 മില്യന്‍ ഖത്വര്‍ റിയാല്‍ ചെലവില്‍ നടത്തിയ റമസാന്‍ പദ്ധതികളില്‍ 15 ലക്ഷത്തിലേറെ പേര്‍ ഗുണഭോക്താക്കളായി.
ദോഹ, അല്‍ വക്‌റ, അല്‍ ഖോര്‍, അല്‍ ശഹാനിയ്യ തുടങ്ങി രാജ്യത്തെ 63 ഇടങ്ങളില്‍ നാല് ലക്ഷത്തിലേറെ പേര്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്തു. ഒരു ദിവസം രണ്ടിടങ്ങളില്‍ ഇന്ത്യക്കാരായ എണ്ണായിരത്തിലധികം പ്രവാസികള്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തെ എട്ട് മില്യന്‍ ഖത്വര്‍ റിയാലിന്റെ പദ്ധതിക്ക് മനുഷ്യസ്‌നേഹികളുടെ ഉദാരസഹായം ലഭിച്ചു. അബു ഹമൂര്‍, മുവൈത്വര്‍, മദീന ഖലീഫ എന്നിവിടങ്ങളിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് 700 ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്തു. റമസാനില്‍ മൊത്തം 21000 ഭക്ഷണങ്ങളാണ് വിതരണം ചെയ്തത്. 14 മില്യന്‍ ഖത്വര്‍ റിയാല്‍ ചെലവില്‍ 25 രാഷ്ട്രങ്ങളിലെ 12 ലക്ഷം പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. സിറിയയില്‍ ഭവനരഹിതരായ പതിനായിരത്തിലേറെ പേര്‍ക്കും അയല്‍ രാഷ്ട്രങ്ങളില്‍ കഴിയുന്ന മൂന്ന് ലക്ഷം പേര്‍ക്കും ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്തു. 21 രാഷ്ട്രങ്ങളിലെ മസ്ജിദുകളിലും ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ഒന്നര ലക്ഷം ഫലസ്തീനികള്‍ക്കും യമനില്‍ 13300ഉം സുഡാനിലും ഇറാഖിലും അര ലക്ഷം വീതവും ഇന്ത്യ, സോമാലിയ, മൗറിത്താനിയ എന്നിവിടങ്ങളില്‍ ഇരുപതിനായിരം പേര്‍ വീതവും മാലിയില്‍ പതിനായിരം പേര്‍ക്കും മറ്റ് രാഷ്ട്രങ്ങളിലെ ആയിരക്കണക്കിന് പേര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിച്ചു.