‘ഹോസ്പിറ്റാലിറ്റി ഖത്വര്‍ 2016’ പ്രദര്‍ശനം ഒക്‌ടോബറില്‍

Posted on: July 15, 2016 9:34 pm | Last updated: July 15, 2016 at 9:34 pm
SHARE

HQ-qatarദോഹ: ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍, റസ്റ്റോറന്റ്, കഫേ തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന ‘ഹോസ്പിറ്റാലിറ്റി ഖത്വര്‍ 2016’ പ്രദര്‍ശനം ഒക്‌ടോബര്‍ 18ന് ആരംഭിക്കും. വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം അല്‍ താനിയുടെ നേതൃത്വത്തില്‍ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്ന് ദിവസമാണ് പരിപാടി.
ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ട മേഖലയിലെ മുന്‍നിര പരിപാടിയാണിത്. മേഖലയിലുടനീളമുള്ള വിദഗ്ധരെയും വ്യവസായികളെയും കാണാനും സമ്പര്‍ക്കം പുലര്‍ത്താനും അഭിപ്രായങ്ങള്‍ പങ്കുവെക്കാനും പരിപാടിയിലൂടെ സാധിക്കും. ബ്രാന്‍ഡുകള്‍, ഹോട്ടല്‍ ഗ്രൂപ്പുകള്‍, ഡെവലപ്പേഴ്‌സ്, ബാങ്കര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് പുതിയ വ്യവസായ അവസരങ്ങള്‍ തുറക്കാനും സാധിക്കും. ഫിഫ ലോകകപ്പിന് അഞ്ചര വര്‍ഷം മാത്രം ബാക്കിയിരിക്കെ ഭക്ഷണ- പാനീയങ്ങള്‍, ഹോട്ടല്‍, റസ്റ്റോറന്റ്, കഫേകള്‍ തുടങ്ങിയ മേഖലകളില്‍ പുതിയ പദ്ധതികളും ആസൂത്രണങ്ങളും അനിവാര്യമാണ്. മാത്രമല്ല രാജ്യത്ത് ഹോട്ടല്‍ നിര്‍മാണം തകൃതിയുമാണ്.
കഴിഞ്ഞ വര്‍ഷത്തെ വിജയകരമായ ഹോസ്പിറ്റാലിറ്റി പ്രദര്‍ശനത്തെ തുടര്‍ന്ന് നല്ല പ്രതികരണമാണ് ഈ വര്‍ഷവും ലഭിച്ചത്. ചൈന, ജര്‍മനി, ഇന്ത്യ, കുവൈത്ത്, ലെബനോന്‍, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, റുമാനിയ, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളിലെ കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.