ഇറ്റാലിയന്‍ വിമാനത്തിന്റെ പകുതി ഓഹരികള്‍ ഖത്വര്‍ എയര്‍വേയ്‌സ് സ്വന്തമാക്കുന്നു

Posted on: July 15, 2016 8:15 pm | Last updated: July 15, 2016 at 8:15 pm
SHARE
ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ കരാറില്‍ ഒപ്പുവെച്ചശേഷം
ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ കരാറില്‍ ഒപ്പുവെച്ചശേഷം

ദോഹ: ഇറ്റാലിയന്‍ വിമാനമായ മെരിഡിയാനയുടെ 49 ശതമാനം ഓഹരികള്‍ ഖത്വര്‍ എയര്‍വേയ്‌സ് സ്വന്തമാക്കുന്നു. വിമാനത്തിന്റെ ഉടമാവകാശമുള്ള കമ്പനിയായ അലിസര്‍ദയുമായി ഇന്നലെ ഖത്വര്‍ എയര്‍വേയ്‌സ് ഓഹരി വാങ്ങല്‍ കരാറില്‍ ഒപ്പു വെച്ചു. ഖത്വര്‍ എയര്‍വേയ്‌സിന് 49 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കുന്നതാണ് കരാര്‍. നിബന്ധനകള്‍ക്കു വിധേയമായായിരിക്കും അനുമതി. ഒക്‌ടോബറിനു മുമ്പ് പൂര്‍ത്തിയാകുന്ന രീതിയിലാണ് നടപടികള്‍.
ലോക തലത്തില്‍ ബിസിനസ് അവസരങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമാന കമ്പനികളുമായി സഹകരണം ഉണ്ടാക്കുന്നതെന്നും യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ അവസങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം നിക്ഷേപങ്ങള്‍ക്ക് വ്യാപനം കണ്ടെത്തുക കൂടിയാണെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകര്‍ പറഞ്ഞു. മുന്നേറ്റത്തിന്റെ പാതയിലുള്ള ഒരു ചുവടുവെപ്പാണിത്. മെറിഡിയാന്‍ വിമാന കമ്പനിയുടെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ഗുണകരമാകുന്നാണ് കരാര്‍. ഇറ്റലിയിലെ രണ്ടാമത്തെ വലിയ വിമാനമാണ് മെറിഡിയാന്‍. ഇറ്റലിയിലും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിപുലമായ സര്‍വീസുകളുണ്ട്. പ്രധാനപ്പെട്ട ഇറ്റാലിയന്‍ എയര്‍പോര്‍ട്ടുകളെയെല്ലാം ബന്ധിപ്പിച്ച് സര്‍വീസുകള്‍ നടത്തിവരുന്നു. യൂറോപ്പിനു പുറമേ അമേരിക്കന്‍ നഗരങ്ങളിലേക്കും ആഫ്രിക്കയിലേക്കും സര്‍വീസുണ്ട്. ഖത്വര്‍ എയര്‍വേയ്‌സ് ഓഹിരിയവകാശം പ്രയോഗത്തില്‍ വരുമ്പോള്‍ ഈ നെറ്റ് വര്‍ക്കുകളിലേക്കെല്ലാം ഖത്വര്‍ എയര്‍വേയ്‌സ് നേരിട്ടോ മെറിഡിയന്‍ എയര്‍വേയ്‌സുമായി യാത്രക്കാരെ പങ്കിട്ടോ സര്‍വീസ് എളുപ്പമാക്കും. മെറിഡിയന്‍ യാത്രക്കാര്‍ക്ക് മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ ഭൂഖണ്ഡ നഗരങ്ങളിലേക്കും യാത്ര ചെയ്യാം.
യു കെയില്‍ നടന്നു വരുന്ന ഇന്റര്‍നാഷനല്‍ എയര്‍ഷോയിലാണ് ഓഹരി വാങ്ങള്‍ കരാര്‍ ഒപ്പു വെക്കല്‍ നടന്നത്. ലാറ്റം എയര്‍ലൈനില്‍ പത്തു ശമതാനം ഓഹരി വാങ്ങാനുള്ള തീരുമാനം കഴിഞ്ഞ ദിവസം ഖത്വര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്നു. പ്രൈവറ്റ് ചാര്‍ട്ടര്‍ സര്‍വീസിനു വേണ്ടി മൂന്ന് ജി 650 ഇ ആര്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് ഗള്‍ഫ് സ്ട്രീം എയറോ സ്‌പേസുമായുള്ള കരാറിലും ഒപ്പു വെച്ചിരുന്നു.