ഖത്വറിലെ മലയാള മാധ്യമങ്ങളെക്കുറിച്ച് യു എസ് വാഴ്‌സിറ്റി വിദ്യാര്‍ഥിയുടെ ഗവേഷണം

Posted on: July 15, 2016 8:11 pm | Last updated: July 15, 2016 at 8:11 pm
SHARE
Subin
സുബിന്‍ പോള്‍

ദോഹ : ഖത്വറിലെ മലയാള മാധ്യമങ്ങളുടെ സാന്നിധ്യത്തെയും സ്വാധീനത്തെയും കുറിച്ച് അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയിലെ മലയാളി ഗവേഷണ വിദ്യാര്‍ഥി പ്രബന്ധം തയാറാക്കുന്നു. യു എസ് ഇയോവ സര്‍വകലാശാലയില്‍ ഗവേഷണ പഠനം നടത്തുന്ന എറണാകുളം പിറവം സ്വദേശി സുബിന്‍ പോള്‍ ആണ് ഖത്വറിലെ മലയാള മാധ്യമങ്ങളെക്കുറിച്ച് പഠിക്കുന്നത്. ഇതാദ്യമായാണ് ഗള്‍ഫിലെ മലയാളം മാധ്യമ സാന്നിധ്യത്തെക്കുറിച്ച് ഗവേഷണം നടക്കുന്നത്. ‘മലയാളം മീഡിയ ഇന്‍ മിഡില്‍ ഈസ്റ്റ്’ എന്ന വിഷയത്തിലാണ് ഗവേഷണ പഠനം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഖത്വറിലെ മലയാള മാധ്യമങ്ങളെക്കുറിച്ച് യൂനിവേഴ്‌സിറ്റി ഗ്രാന്‍ഡോടെ പഠനം നടത്തുന്നതെന്നും സുബിന്‍ പറഞ്ഞു.
പഠനത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്വറിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി വരികയാണ് സുബിന്‍. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് സ്ഥാപകനുമായ ശശികുമാര്‍ നടത്തുന്ന ചെന്നൈയിലെ ഏഷ്യന്‍ കോളജ് ഫോര്‍ ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ചെയ്തുകൊണ്ടിരിക്കേയാണ് ഗവേഷണ പഠനത്തില്‍ തത്പരനായതും ഈ മേഖല തിരഞ്ഞെടുത്തതും. നേരത്തേ വാരണാസി ഐ ഐ ടിയില്‍നിന്നും മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ സുബിന്‍ മൂന്നു വര്‍ഷം എന്‍ജിനീയറിംഗുമായി ബന്ധമില്ലാത്ത ബേങ്കിംഗ് മേഖലയില്‍ ബാംഗ്ലൂരില്‍ ജോലി ചെയ്തു. കാമ്പസ് പ്ലെയ്‌സ്‌മെന്റിലൂടെയായിരുന്നു നിയമനം. മാധ്യമ പ്രവര്‍ത്തകനാകാനുള്ള താത്പര്യത്തെത്തുടര്‍ന്നാണ് ജോലി നിര്‍ത്തി ജേണലിസത്തിനു ചേര്‍ന്നത്. പ്രിന്റ് മീഡിയയിലാണ് പി ജി ഡിപ്ലോമ നേടിയത്. പഠനം അഞ്ചു മാസം പിന്നിട്ടപ്പോള്‍ ഉണ്ടായ ഗവേഷണ പഠന താത്പര്യത്തില്‍ അമേരിക്കയിലെ ഇയോവ സര്‍വകലാശാലയിലെ മാധ്യമ വിഭാഗത്തില്‍ പഠനമാരംഭിച്ചു. അവിടെ ടീച്ചിംഗ് അസിസ്റ്റന്റായി ജോലിയും ചെയ്യുന്നു.
വ്യത്യസ്തവും മുമ്പ് ഗവേഷണം നടന്നിട്ടില്ലാത്തതുമായ വിഷയം എന്ന നിലയിലാണ് മിഡില്‍ ഈസ്റ്റിലെ മലയാള മാധ്യമങ്ങള്‍ എന്ന വിഷയം തിരഞ്ഞെടുത്തത്. ഗവേഷണ വിഷയം ഗൈഡ് അംഗീകരിച്ചിട്ടുണ്ട്. 2019 ഓടെയാണ് ഗവേഷണം പൂര്‍ത്തിയാകുക. അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ സ്റ്റഡി എന്ന സ്ഥാപനത്തിന്റെ ഗ്രാന്‍ഡോടെ കേരളത്തിലും ദുബൈയിലും നാലു മാസം വീതം താമസിച്ച് ഗവേഷണം നടത്താനുള്ള തയാറെടുപ്പിലാണ് സുബിന്‍. ജേണലിസത്തിന്റെ ചരിത്രത്തെ അന്വേഷിക്കുന്ന സുബിന്‍, ഗവേഷണത്തിന്റെ ഭാഗമായി വിവിധ പ്രബന്ധങ്ങള്‍ ഇതിനകം തയാറാക്കി പ്രസിദ്ധീകരണത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കെതിരായ നിലപാട് സ്വീകരിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ റിപ്പോര്‍ട്ടുകള്‍, രണ്ടാം ലോക യുദ്ധം റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി ജി നാരായണന്റെ പ്രവര്‍ത്തനം, ജെ എന്‍ യു വിഷയത്തില്‍ ഹിന്ദു പത്രം സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ വായനക്കാര്‍ ഉയര്‍ത്തിയ വിമര്‍ശത്തില്‍ പത്രത്തിന്റെ ഒംബുഡ്‌സ്മാന്‍ സ്വീകരിച്ച നിലപാടുകള്‍ തുടങ്ങിയവയാണ് പ്രബന്ധങ്ങളില്‍ ചിലത്. അമേരിക്കയില്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം അമേരിക്കന്‍ ഇന്ത്യക്കാരുടെ ഗോത്രഭാഷയായ ‘മിസ്‌കാവാകി’യെ യു എസിലെ ഇംഗ്ലീഷ് പത്രങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നതു സംബന്ധിച്ചും ഗവേഷണ പ്രബന്ധം തയാറാക്കി.
വളരെ ചെറിയൊരു രാജ്യത്ത് ഇന്ത്യയിലെ ചെറിയൊരു സംസ്ഥാനത്തു നിന്നുള്ള ഇത്രയധികം പത്രങ്ങള്‍ എന്നതാണ് തന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തിയതെന്ന് ആദ്യമായി ഖത്വറിലെത്തിയ അദ്ദേഹം പറയുന്നു. ചെറുപ്പക്കാര്‍ ന്യൂ മീഡിയയെ ഇഷ്ടപ്പടുമ്പോള്‍ മലയാളികളിലെ പ്രായക്കൂടുതലുള്ളവര്‍ ഇപ്പോഴും പത്രങ്ങളെ വല്ലാതെ ഇഷ്ടപ്പെടുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഓരോ പത്രങ്ങള്‍ക്കു പിന്നിലും ഓരോ സമൂഹമുണ്ട് എന്നും മനസ്സിലാക്കുന്നു. ഖത്വറിലെ മലയാള മാധ്യമങ്ങളുടെ സാന്നിധ്യം മാത്രമായി ഒരു പ്രബന്ധമാക്കുമെന്നും ഗള്‍ഫിലെ പൊതുവായ സാന്നിധ്യം പ്രധാന തീസീസ് ആയി തയാറാക്കാനാണ് ആഗ്രഹിക്കുന്നതെന്നും സുബിന്‍ പറഞ്ഞു.
സ്വദേശം പിറവത്തെങ്കിലും മാതാപിതാക്കളുടെ സര്‍ക്കാര്‍ ഉദ്യോഗത്തെത്തുടര്‍ന്ന് ജയ്പൂരില്‍ സ്ഥിരതാമസമാക്കിയതാണ് സുബിന്റെ കുടുംബം. ഭാര്യ ദീപിക റോസ് അലക്‌സ് ഡല്‍ഹി ജവഹര്‍ലാല്‍ നഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണപഠനം നടത്തുന്നു. 2019ഓടെയാണ് അമേരിക്കയിലെ ഗവേഷണ പഠനം പൂര്‍ത്തിയാകുക. ശേഷം അസിസ്റ്റന്റ് പ്രൊഫസറായി പ്രവര്‍ത്തിക്കാനാണ് താത്പര്യം.