ഫെഡറല്‍ ആശുപത്രികളില്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡ് സമ്പ്രദായം വരുന്നു

Posted on: July 15, 2016 6:59 pm | Last updated: July 21, 2016 at 7:55 pm
SHARE

FDFദുബൈ: അടുത്ത വര്‍ഷത്തോടെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളില്‍ ചികിത്സക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ സ്വീകരിക്കുന്നതിന് നിയമം ഭേദഗതി വരുത്തുന്നു. നിലവില്‍ സ്വദേശികള്‍ക്ക് മാത്രമാണ് രാജ്യത്തെ ഫെഡറല്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സാ സൗകര്യമുള്ളത്. എന്നാല്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ സ്വീകരിക്കുന്നതിന് നിയമ ഭേദഗതി വരുന്നതോടെ വിദേശികളായ തൊഴിലാളികള്‍ക്കും മികച്ച ചികിത്സാ സൗകര്യമാണ് ഇതിലൂടെ ഒരുങ്ങുന്നത്. അതേസമയം അത്യാഹിതങ്ങള്‍ക്കോ ആശുപത്രി ചെലവുകള്‍ സ്വന്തമായി വഹിക്കുന്ന രീതിയിലോ വിദേശികള്‍ക്ക് ചികിത്സാ സൗകര്യം തേടുന്നതിന് നിലവില്‍ അവസരമുണ്ട്. അതോടൊപ്പം ദുബൈയിലെ അല്‍ബറാഹ ആശുപത്രി, ഷാര്‍ജയിലെ ഖാസിമിയ്യ ആശുപത്രി എന്നിവിടങ്ങളില്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ സ്വീകരിച്ചുവരുന്നുണ്ട്.
അഞ്ഞൂറോളം വരുന്ന തൊഴിലാളികളെയാണ് ഇതിനായി പ്രത്യേകം പരിശീലനം നല്‍കിയെടുക്കുക. ചികിത്സ തേടിയെത്തുന്നവര്‍ നല്‍കുന്ന ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ക്ക് മികച്ച രീതിയില്‍ ബില്ലിംഗ് സംവിധാനം ഏര്‍പെടുത്തുന്നതിനാണ് ജീവനക്കാരെ പ്രാപ്തരാക്കിയെടുക്കുന്നത്. വരീദ് സംവിധാനവുമായി ബന്ധിപ്പിച്ച ഒരു ഇലക്‌ട്രോണിക് കളക്ഷന്‍ വ്യവസ്ഥ ഇപ്പോള്‍ നിലവിലുണ്ട്. മെഡിക്കല്‍ ബില്ലിംഗ് കമ്പനികള്‍ക്ക് രോഗികളുടെ ചികിത്സയെക്കുറിച്ചും ചികിത്സാ ചെലവുകളെകുറിച്ചും ഡാറ്റ കിട്ടുന്നതിനനുസരിച്ച് ഇന്‍ഷ്വറന്‍സ് കമ്പനികളില്‍നിന്ന് ചികിത്സാ ചെലവുകള്‍ക്ക് അര്‍ഹമായ തുക കൈപ്പറ്റാന്‍ ഇത് സഹായിക്കുന്നു.
അടുത്ത വര്‍ഷത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ 15 കേന്ദ്രങ്ങളിലാണ് ദുബൈ, ഫുജൈറ എന്നീ എമിറേറ്റുകളില്‍ ഈ സംവിധാനം അനുക്രമമായി നടപ്പിലാക്കുക.
രാജ്യത്ത് തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കി പുതിയ നിയമം ഏര്‍പെടുത്തിയിരുന്നു. വടക്കന്‍ എമിറേറ്റുകളില്‍ നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന് സമയം നീട്ടുന്നതിനെക്കുറിച്ച് ആലോചനയിലാണ്. എങ്കിലും ഈവര്‍ഷമവസാനത്തോടെ രാജ്യത്തുടനീളം നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പില്‍ വരുത്തുന്നതിനാണ് അധികൃതര്‍ തയ്യാറെടുക്കുന്നത്.
രാജ്യത്ത് നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് പദ്ധതി നിലവില്‍ വരികയും ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളില്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ സ്വീകരിക്കുന്ന സമ്പ്രദായവും ഏര്‍പെടുത്തുന്നതോടെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷയാണ് രാജ്യത്ത് ഉറപ്പ് വരുത്തുന്നത്. രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ ഇതിന്റെ ചുവടുപിടിച്ച് ചികിത്സാ ചെലവുകള്‍ കുറക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ലോകോത്തര നിലവാരമുള്ള മികച്ച ചികിത്സാ സൗകര്യങ്ങളാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളില്‍ നല്‍കി വരുന്നത്. ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ സ്വീകരിക്കപ്പെടുന്നതോടെ ഉന്നത ചികിത്സകള്‍ തേടുന്നതിന് വിദേശികളായ തൊഴിലാളികള്‍ക്ക് മന്ത്രാലയത്തിന് കീഴി ലെ ആശുപത്രികള്‍ ഏറെ സഹായകരമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.