Connect with us

Gulf

എമിറേറ്റ്‌സ് ഐ.ഡി നടപടികള്‍ പൂര്‍ത്തിയാക്കാത്ത തൊഴിലാളികളുടെ ഈ മാസത്തെ ശമ്പളം തടയും

Published

|

Last Updated

അബൂദബി: എമിറേറ്റ്‌സ് ഐ.ഡി സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത തൊഴിലാളികളുടെ ജൂലൈ മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്ന് ധനകാര്യ മന്ത്രാലയം. ഐ.ഡിയുമായി ബന്ധപ്പെട്ട പൂര്‍ണവും കൃത്യമായതുമായ വിവരങ്ങള്‍ നല്‍കാത്തവരുടെ ശമ്പളമാണ് തടയുക. 2016 ഏപ്രില്‍ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഫെഡറല്‍ ധനകാര്യ സംവിധാനത്തിലേക്ക് തൊഴിലാളികളുടെ എമിറേറ്റ്‌സ് ഐ.ഡി നമ്പറുകള്‍ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് മന്ത്രാലയം കര്‍ശന നടപടികളുമായി രംഗത്തത്തെിയിരിക്കുന്നത്.
എല്ലാ മന്ത്രാലയങ്ങളും ഫെഡറല്‍ സ്ഥാപനങ്ങളും ഫെഡറല്‍ ധനകാര്യ സംവിധാനത്തില്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന നടപടി പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത ഫൈനാന്‍ഷ്യല്‍ റിസോഴ്‌സസ് മാനേജ്‌മെന്റ് അണ്ടര്‍ സെക്രട്ടറി മറിയം മുഹമ്മദ് ആല്‍ അമീരി ഊന്നിപ്പഞ്ഞു. മന്ത്രാലയങ്ങളിലെയും ഫെഡറല്‍ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ ശരിയായ വിവരശേഖരണം പൂര്‍ത്തിയായാല്‍ പണമിടപാടും മറ്റു ഔദ്യോഗിക കൃത്യനിര്‍വഹണവും വളരെ വേഗത്തിലും കൃത്യതയോടെയും ചെയ്യാന്‍ സാധിക്കും. പ്രധാന ഫെഡറല്‍ സര്‍ക്കാര്‍ പദ്ധതികളും എമിറേറ്റ്‌സ് ഐ.ഡി നമ്പറും തമ്മിലുള്ള ബന്ധവും മറിയം മുഹമ്മദ് ചൂണ്ടിക്കാട്ടി.
എല്ലാ മന്ത്രലയങ്ങളും ഫെഡറല്‍ സ്ഥാപനങ്ങളും ഫെഡറല്‍ ധനകാര്യ സംവിധാനത്തിലേക്ക് തങ്ങളുടെ കീഴിലെ ജീവനക്കാരുടെ എമിറേറ്റ്‌സ് ഐഡി നമ്പറുകള്‍ നല്‍കുകയും നേരത്തെ നല്‍കിയവയിലെ തെറ്റുകള്‍ തിരുത്തുകയും വേണമെന്ന് ധനകാര്യ മന്ത്രാലയം മുമ്പ് നിര്‍ദേശം നല്‍കിയിരുന്നു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി