തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സാക്കിര്‍ നായിക്

Posted on: July 15, 2016 12:43 pm | Last updated: July 15, 2016 at 10:13 pm
SHARE

zakir naikമുംബൈ: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സാക്കിര്‍ നായിക്. സ്‌കൈപിലൂടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരായ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെ താന്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. ചാവേറാക്രമണങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണ്. താനെതെങ്കിലും ചാവേറാക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചതായി ഉദ്ധരിക്കാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു.

തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണ്. ബ്രിട്ടനില്‍ മാത്രമാണ് തന്റെ പ്രഭാഷണം വിലക്കിയിട്ടുള്ളത്. മലേഷ്യയില്‍ വിലക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ആ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി ലഭിച്ച ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളേയും താന്‍ അപലപിക്കുന്നു. മാധ്യമങ്ങള്‍ തന്റെ പ്രസ്താവനകള്‍ വളച്ചൊടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തന്നെ ഞെട്ടിച്ചു.25 വര്‍ഷമായി താന്‍ മതപ്രഭാഷണം നടക്കുന്നുണ്ട്. താന്‍ സമാധാനത്തിന്റെ സന്ദേശ വാഹകനാണ്. അന്യായമായി ഒരാളെ കൊല ചെയ്താല്‍ ലോകത്തെ മനുഷ്യരെ മുഴുവന്‍ കൊല ചെയ്തതിന് തുല്യമാണെന്ന് പറയുന്ന ഒരേയൊരു വിശുദ്ധ ഗ്രന്ഥം ഖുര്‍ആനാണെന്നും അദ്ദേഹം പറഞ്ഞു.