മിനി ഊട്ടിയില്‍ ദേശീയ പൈതൃക മ്യൂസിയവും ഗവേഷണ കേന്ദ്രവും ഒരുങ്ങുന്നു

Posted on: July 15, 2016 10:42 am | Last updated: July 15, 2016 at 10:42 am
SHARE

കൊണ്ടോട്ടി: കോഴിക്കോട് സാമൂതിരിയുടെ സമാരകമായി ദേശീയ പൈതൃക മ്യൂസിയവും ഗവേഷണ കേന്ദ്രവും ഉള്‍ക്കൊള്ളുന്ന നാഷണല്‍ ഹെറിറ്റേജ് ടൂറിസം പാര്‍ക്ക് ഒരുങ്ങുന്നു.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താ വളത്തിനടുത്ത് നെടിയിരുപ്പ് മിനി ഊട്ടിയിലെ ചരിത്ര പ്രസിദ്ധമാര്‍ന്ന തിരുവോണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുവോണം മലയുടെ താഴ്‌വരയിലാണ് പത്ത് ഏക്കര്‍ വിസ്തൃതിയില്‍ ദേശീയ ഹെറിറ്റേജ് ടൂറിസം പാര്‍ക്ക് നിലവില്‍ വരുന്നത്. പുതു തലമുറകളില്‍ മതനിരപേക്ഷ ചരിത്രബോധം വളര്‍ത്തുന്നതിന് യുക്തമായ ദേശീയപൈതൃക മ്യൂസിയവും ഗവേഷണ കേന്ദ്രവും ഉള്‍ക്കൊള്ളുന്ന ദേശീയ ഹെറിറ്റേജ് ടൂറിസം പാര്‍ക്കിന് നെടിയിരുപ്പ് സ്വരൂപം നാഷണല്‍ ഹെറിറ്റേജ് അക്കാദമി എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. കോഴിക്കോട് സാമൂതിരി മുഖ്യരക്ഷാധികാരിയായിട്ടുള്ള നെടിയിരുപ്പ് സ്വരൂപം നാഷണല്‍ ഹെറിറ്റേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയിലെ ഗ്രീന്‍ എര്‍ത്ത് കണ്‍സള്‍ട്ടന്‍സിയാണ് അഞ്ച് വര്‍ഷ കാലയവളവിനുള്ളില്‍ ഹെറിറ്റേജ് പാര്‍ക്ക് നിര്‍മിക്കുന്നത്.
കോഴിക്കോട് നഗരത്തിന്റെ ശില്‍പ്പികൂടിയായ സാമൂതിരി രാജാവിന്റെ സ്മരണക്കായി സര്‍ക്കാര്‍ തലത്തിലോ അക്കാദമിക് തലത്തിലോ സാംസ്‌കാരിക നിലയങ്ങളോ ഗവേഷണ കേന്ദ്രങ്ങളോ സ്ഥാപിക്കാത്ത സാഹചര്യത്തിലാണ് ചരിത്ര ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുന്ന രൂപത്തില്‍ ദേശീയ പ്രാധ്യാന്യത്തോടെ കോഴിക്കോടിന്റെ അറിയപ്പെടാത്ത പൈതൃക തലസ്ഥാനമായ നെടിയിരുപ്പ് സ്വരൂപത്തില്‍ ജനകീയ പങ്കാളിത്തത്തോടെ പാര്‍ക്ക് നിലവില്‍ വരുന്നത്. ചേരുമാന്‍ പെരുമാളിന്റെ നാമധേയത്തിലുള്ള ഹെറിറ്റേജ് ഗെയ്റ്റും സാമൂതിരിയുടെ നാമധേയത്തിലുള്ള മാനാഞ്ചിറ മാതൃകയിലുള്ള വിശാലമായ കുളവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ആര്‍ട്ട് ഗ്യാലറിയും സജ്ജീകരിക്കുന്നതിനോടൊപ്പം തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ചരിത്ര ഗവേഷകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും താമസിക്കാനുതകുന്ന തരത്തിലുള്ള ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകളും ഹെറിറ്റേജ് വില്ലകളും ഹെറിറ്റേജ് അക്കാദമിയില്‍ സജ്ജീകരിക്കുന്നുണ്ട്.
സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തിലുള്ള തിരുവോണം മലയില്‍ ഒബ്‌സര്‍വേറ്ററിയും ദേശീയ ഫോക്ക്‌ലോര്‍ മ്യൂസിയവും റഫറന്‍സ് ലൈബ്രറിയും ആംഫി തിയേറ്ററുകളും സ്ഥാപിക്കുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് കൂടി ഉപയോഗിക്കാവുന്ന വിധത്തില്‍ ഡിജിറ്റല്‍ സംവിധാനത്തോടെയും വീല്‍ ചെയര്‍ സൗഹൃദവുമാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. പരിസ്ഥിതി സൗഹൃദമായി രൂപകല്‍പ്പന ചെയ്യുന്ന പൈതൃക പാര്‍ക്കിന് മലപ്പുറം ജില്ലയില്‍ തുഞ്ചന്‍ പറമ്പും കോട്ടക്കുന്നും രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്ട് ആര്‍ രമേശാണ് നെടിയിരുപ്പ് ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍. പാര്‍ക്കിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കാനെത്തുന്ന കോഴിക്കോട് സാമൂതിരി കെ സി ഉണ്ണി അനുജന്‍ രാജക്ക് നാളെ രാജകീയ വരവേല്‍പ്പാണ് നെടിയിരുപ്പില്‍ ഒരുക്കുന്നത്.
നൂറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി സ്വന്തം തട്ടകത്തിലേക്ക് മടങ്ങിവരുന്ന സാമൂതിരി രാജാവിനെ കാലത്ത് പത്ത് മണിക്ക് അശ്വരഥത്തില്‍ കൊണ്ടോട്ടിയിലെ പ്രസിദ്ധമായ തങ്ങള്‍ കുടുംബാംഗങ്ങള്‍ കിരീടവും ചെങ്കോലും നല്‍കി സ്വീകരിക്കും. ടി വി ഇബ്‌റാഹിം എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി, കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയറ്കടര്‍ കെ ജനാര്‍ധനന്‍, സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ ബശീര്‍ അഹമ്മദ്, എ ശറഫുദ്ദീന്‍, പി കെ സന്തോഷ് തുടങ്ങിയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.