കാറോടിച്ചെത്തിയ മാനസിക രോഗി നിരവധി വാഹനങ്ങളെ ഇടിച്ചിട്ടു

Posted on: July 15, 2016 10:41 am | Last updated: July 15, 2016 at 10:41 am
SHARE

കൊണ്ടോട്ടി: മാനസിക രോഗിയായ ആള്‍ ഓടിച്ച കാര്‍ നിരവധി വാഹനങ്ങളെ ഇടിച്ചിട്ട ശേഷം കരിപ്പൂരിലെത്തി ഭീകരത പരത്തി. താമരശേരി സ്വദേശിയായ മധ്യ വയസ്‌കനായ മാനസിക രോഗിയാണ് കാറുമായി വഴി നീളെ അപകടം സൃഷ്ടിച്ച് കരിപ്പൂരിലെത്തിയത്. ഇന്നലെ കാലത്ത് ഏഴ് മണിക്കാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. മാവൂര്‍, വാഴക്കാട് വഴിയാണ് ഇയാള്‍ കാറുമായി എത്തിയത്.
വരുന്ന വഴിയില്‍ നിരവധി ബൈക്കുകളേയും കാറുകളേയും ഇടിച്ചാണ് ഇയാള്‍ യാത്ര തുടര്‍ന്നത്. എയര്‍പോര്‍ട്ടിലെത്തിയ ഇയാള്‍ അവിടെയും നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയും സമീപമുള്ള കാറ്റാടി മരത്തില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. ഇതിനിടെ ചിലര്‍ എയര്‍പോര്‍ട്ടില്‍ ചാവേര്‍ എത്തിയതായും ആശങ്ക പരത്തി. സുരക്ഷാ സേനയായ സി ഐ എസ് എഫ് ജവാന്മാര്‍ കുതിച്ചെത്തി ഇയാളെ പിടികൂടി. കരിപ്പൂര്‍ പോലീസും സ്ഥലത്തെത്തി. ചോദ്യം ചെയ്യലില്‍ അവ്യക്തമായ മറുപടിയെ തുടര്‍ന്ന് ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി വ്യക്തമായി. ഇതേ തുടര്‍ന്ന് ബന്ധുക്കളെ കരിപ്പൂരിലേക്ക് വിളിച്ചുവരുത്തി. വര്‍ഷങ്ങളായി ഇയാള്‍ മാനസിക രോഗ ചികിത്സക്ക് വിധേയനാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതിനിടെ നഷ്ടം വന്നവര്‍ക്ക് നഷ്ടപരിഹാരം കൊടുത്ത് കേസ് ഒത്തുതീര്‍പ്പുമാക്കി.