ഫ്രാന്‍സിലെ നീസില്‍ ഭീകരാക്രമണം: 84 മരണം

Posted on: July 15, 2016 8:36 am | Last updated: July 15, 2016 at 1:45 pm
SHARE

france terrorനീസ്: ഫ്രാന്‍സിലെ നീസില്‍ നടന്ന ഭീകരാക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടു. ഫ്രാന്‍സിന്റേ ദേശീയ ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ട്രക്കിലുണ്ടായിരുന്നവര്‍ വെടിയുതിര്‍ത്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ട്രക്ക് ഡ്രൈവറെ പിന്നീട് പോലീസ് വെടിവെച്ചു കൊന്നു. തോക്കുകളും ഗ്രനേഡുകളും ട്രക്കിനുള്ളില്‍ കണ്ടെത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ ട്രക്ക് ജനങ്ങളെ ഇടിച്ചുവീഴ്ത്തിയ ശേഷം രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തോളം പേര്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നു. നിരവധി പേര്‍ റോഡില്‍ മരിച്ച് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ ദൃക്‌സാക്ഷികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നീസിലേത് ഭീകരാക്രമണമാണെന്നും രാജ്യം ഒറ്റക്കെട്ടായി ആക്രമണത്തെ ചെറുക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഒലാന്‍ഡോ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ആക്രമണം നടന്ന സ്ഥലം ഫ്രാന്‍സിസ് ഒലാന്‍ഡോ സന്ദര്‍ശിച്ചു. സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അടക്കമുള്ള ലോകനേതാക്കള്‍ അപലപിച്ചു. നീസ് അക്രമണത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചു. ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്ക് ഇരുവരും ആദരമര്‍പ്പിച്ചു.