പെര്‍മനന്റ് കമ്മീഷന്‍ നിരസിച്ചെന്ന്; പരാതിയുമായി ഒബാമയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ നയിച്ച വ്യോമസേനാ ഉദ്യോഗസ്ഥ

Posted on: July 15, 2016 6:00 am | Last updated: July 15, 2016 at 12:23 am
SHARE
പൂജാ ഠാക്കൂര്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ നയിക്കുന്നു(ഫയല്‍)
പൂജാ ഠാക്കൂര്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ നയിക്കുന്നു(ഫയല്‍)

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേന പെര്‍മനന്റ് കമ്മീഷന്‍ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ വിംഗ് കമാന്‍ഡര്‍ പൂജ ഠാക്കൂര്‍ സൈനിക ട്രൈബ്യൂണലിനെ സമീപിച്ചു. കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായിരുന്ന യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ നയിച്ച വനിത എന്ന നിലയില്‍ മാധ്യമങ്ങളില്‍ നിറഞ്ഞ കമാന്‍ഡറാണ് പൂജ.
പെര്‍മെനന്റ് കമ്മീഷന്‍ അനുവദിക്കുന്ന കാര്യത്തില്‍ വ്യോമ സേനയില്‍ കടുത്ത സ്ത്രീ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും സേനാ നേതൃത്വത്തിന് ഇരട്ടത്താപ്പ് നയമാണെന്നും പൂജാ ഠാക്കൂറിന്റെ അഭിഷാഷകന്‍ സുധാംഷു പാണ്ഡേ പറഞ്ഞു. പൂജയുടെ ഹരജി ട്രൈബ്യൂണല്‍ ഫയലില്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യോമ സേനയുടെ പ്രതികരണം ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ പരമാവധി 14 വര്‍ഷത്തെ സേവനത്തിന് ശേഷം മുഴുവന്‍ ആനുകൂല്യങ്ങളില്ലാതെ വിരമിക്കുന്ന ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലാണ് പൂജ ഉള്‍പ്പെട്ടിട്ടുള്ളത്.
പെര്‍മനന്റ് കമ്മീഷന്‍ ലഭിച്ചാല്‍ 60 വയസ്സ് വരെ ജോലി ചെയ്യാനും പൂര്‍ണ ആനൂകൂല്യങ്ങളോടെ വിരമിക്കാനും കഴിയും. അതേസമയം, ചട്ടങ്ങള്‍ വനിത, പുരുഷ അംഗങ്ങള്‍ക്ക് തുല്യമാണെന്നും ഹരജിയിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഐ എ എഫ് വൃത്തങ്ങള്‍ വ്യക്തമാക്കി. ആണായാലും പെണ്ണായാലും സ്വയം പെര്‍മനന്റ് കമ്മീഷന് അപേക്ഷിക്കുകയും അതിനുള്ള മാനദണ്ഡങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുകയും വേണം.
37 കാരിയായ പൂജാ ഠാക്കൂറിനെ 2001 ജൂണ്‍ 16നാണ് അഡ്മിനിസ്‌ട്രേഷന്‍ ബ്രാഞ്ചില്‍ കമ്മീഷന്‍ ചെയ്തത്.
അതിനിടക്ക് താന്‍ സര്‍വീസ് അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് കഴിഞ്ഞ ജനുവരിയില്‍ പൂജാ ഠാക്കൂര്‍ അപേക്ഷ നല്‍കിയിരുന്നു. പിന്നീട് മനം മാറ്റമുണ്ടായാണ് സര്‍വീസ് നീട്ടി തരാന്‍ ആവശ്യപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ ഫോഴ്‌സ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ദിശ എന്ന പബ്ലിസിറ്റി സെല്ലിലാണ് പൂജ ഇപ്പോള്‍ ജോലി ചെയ്യുന്നത്.