Connect with us

Kozhikode

കേരള പി വി സിയുടെ പ്രബന്ധം കോപ്പിയടി തന്നെയെന്ന് അന്വേഷണ കമ്മീഷന്‍

Published

|

Last Updated

തേഞ്ഞിപ്പലം: കേരള സര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ വീരമണികണ്ഠന്റെ പി എച്ച് ഡി ഗവേഷണ പ്രബന്ധത്തില്‍ പരിധിക്കപ്പുറം കോപ്പിയടിയുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട അന്വേഷണ കമ്മീഷന്റെ സ്ഥിരീകരണം. സര്‍വകലാശാല സൈക്കോളജി പഠനവിഭാഗത്തില്‍ ഡോ. ജെ ബേബിക്ക് കീഴില്‍ ഗവേഷണം നടത്തി വീരമണികണ്ഠന്‍ സമര്‍പ്പിച്ച പ്രബന്ധത്തില്‍ കൂടുതല്‍ വിവരങ്ങളും മറ്റ് ജേണലുകളില്‍ നിന്നും വെബ്‌സൈറ്റുകളില്‍ നിന്നും കോപ്പിയടിച്ചതാണെന്നായിരുന്നു കണ്ടെത്തല്‍. ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തെ കേരളത്തിന് പുറത്തുള്ള വിഷയ വിദഗ്ധരെക്കൊണ്ട് പ്രബന്ധം പരിശോധിപ്പിക്കുകയും കോപ്പി കണ്ടെത്തിയതിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാമിന്റെ കാലത്ത് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗങ്ങള്‍ ഉള്‍പ്പെട്ട കമ്മീഷന്‍ രൂപവത്കരിക്കുകയും അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു. ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മൂന്ന് വിഷയ വിദഗ്ധരെക്കൊണ്ട് വീണ്ടും പ്രബന്ധം പരിശോധിപ്പിച്ചപ്പോള്‍ കോപ്പിയടി തന്നെയാണെന്ന് കണ്ടെത്തി. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ഘട്ടങ്ങളിലായി പരാതിക്കാരനെയും വീരമണികണ്ഠനെയും ഗൈഡായിരുന്ന ജെ ബേബി എന്നിവരെ സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി എം നിയാസ്, ഡോ. ടി പി അഹമ്മദ്, ഡോ. വി പി അബ്ദുല്‍ ഹമീദ്, ഡോ’ കെ എം നസീര്‍ എന്നിവരടങ്ങുന്ന കമ്മീഷന്‍ വിസ്തരിച്ചു. ഇന്നലെയായിരുന്നു ഡോ. ജെ ബേബിയെ വിസ്തരിച്ചത്. വിഷയ വിദഗ്ധരുടെയും വിസ്താര മൊഴികളുടെയും അടിസ്ഥാനത്തില്‍ അന്വേഷണ കമ്മീഷന്‍ ഇന്നലെ തന്നെ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രബന്ധത്തില്‍ അടിമുടി കോപ്പിയടിയാണെന്നും റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് വിശദമായി ചര്‍ച്ച ചെയ്യണമെന്നുമാണ് അന്വേഷണ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ‘ഭരണകാലത്ത് യു ഡിഎഫ് അധ്യാപക സംഘടനാ അംഗവും യു ഡി എഫ് അനുഭാവിയുമായിരുന്നു വീരമണികണ്ഠന്‍. അക്കാലത്ത് വിഷയം കാലിക്കറ്റ് സിന്‍ഡിക്കേറ്റിന്റെ പരിഗണനക്ക് വന്നിരുന്നെങ്കിവും നടപടിയെടുത്തിരുന്നില്ല. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വെള്ളാപ്പള്ളി രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് വീര മണികണ്ഠന്‍ മാറിയിരുന്നു.