Connect with us

International

ഇസിലിന്റെ 'യുദ്ധമന്ത്രി' അല്‍ ശിശാനി കൊല്ലപ്പെട്ടു

Published

|

Last Updated

ബഗ്ദാദ്: ഇസിലിന്റെ യുദ്ധമന്ത്രിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉയര്‍ന്ന കമാന്‍ഡര്‍ ഉമര്‍ അല്‍ ശിശാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ശിശാനിയുടെ വധം ഇസില്‍ നിയന്ത്രണത്തിലുള്ള അമഖ് ഏജന്‍സിയാണ് പുറത്തുവിട്ടതെങ്കിലും ഈ വിവരം സ്ഥിരീകരിക്കാന്‍ യു എസ് തയ്യാറായിട്ടില്ല. വടക്കുകിഴക്കന്‍ സിറിയയില്‍ ഇസില്‍ കേന്ദ്രത്തിന് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ പരുക്കേറ്റ ശിശാനി മരിച്ചെന്നു കരുതുന്നതായി കഴിഞ്ഞ മാര്‍ച്ചില്‍ യു എസ് പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ പറഞ്ഞിരുന്നു. അതേസമയം, കഴിഞ്ഞ നാല് മാസമായി തങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന ശിശാനിയെ ഇപ്പോഴാണ് വധിക്കാനായതെന്ന് രണ്ട് യു എസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇറാഖിലെ മൂസ്വിലില്‍ വെച്ചാണ് ഉമര്‍ ചെചാന്‍ എന്നും അറിയപ്പെടുന്ന ശിശാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ചതെന്നാണ് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഒദ്യോഗിക സ്ഥിരീകരണം നല്‍കാന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. ശിശാനി കൊല്ലപ്പെട്ടാല്‍, ഇസിലിന് മൂസ്വിലില്‍ ഇപ്പോഴുള്ളതു പോലുള്ള സ്വാധീനം തുടരാന്‍ കഴിയുമോ എന്നതാണ് സ്ഥിരീകരണം നല്‍കുന്നതില്‍ അമേരിക്കയെ കുഴക്കുന്നത്.
അതേസമയം, ഉമര്‍ അല്‍ ശിശാനി കൊല്ലപ്പെട്ടുവെന്ന് തന്നെയാണ് ഇസില്‍ വ്യക്തമാക്കുന്നത്. മൂസ്വിലിന് വടക്കുള്ള ശാര്‍ഖത്തില്‍ സൈനിക പരിശീലനം നല്‍കി വരവെ ശിശാനി കൊല്ലപ്പെട്ടതെന്നാണ് ഇസിലിന്റെ വെബ്‌സൈറ്റായ അമഖ് പറയുന്നത്. എന്നാല്‍, എന്നാണ് ഈ സംഭവം നടന്നതെന്ന് അമഖ് പറയുന്നില്ല. ശിശാനിയുടെ മരണം ഇസില്‍ നേരിട്ട് പ്രഖ്യാപിക്കുകയല്ല, മറിച്ച് വിവിധ പ്രവര്‍ത്തകര്‍ ശിശാനിയുടെ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത ഓര്‍മക്കുറിപ്പിലൂടെയാണ് അമഖ് സ്ഥിരീകരണം നല്‍കുന്നത്.
ഇസില്‍ തങ്ങളുടെ ഏറ്റവും ഉന്നതനായ സൈനിക കമാന്‍ഡറില്‍ ഒരാളായി കരുതുന്ന അല്‍ ശിശാനിയുടെ തലക്ക് അമേരിക്ക മുപ്പത് കോടിയിലധികം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 2013ല്‍ ഇസിലില്‍ ചേരുന്നതിന് മുമ്പ് ഇയാള്‍ ജോര്‍ജിയന്‍ സൈന്യത്തിലായിരുന്നു. അതിന് മുമ്പ് 2006ലും 2008ലും റഷ്യന്‍ സൈന്യത്തിനെതിരെ ചെചന്‍ വിമതര്‍ നടത്തിയ യുദ്ധത്തില്‍ അല്‍ ശിശാനിയും പങ്കെടുത്തിരുന്നു.

Latest