Connect with us

International

അധികാരമൊഴിയുന്നത് സംബന്ധിച്ച് റഷ്യ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല: അസദ്‌

Published

|

Last Updated

ദമസ്‌കസ്: അധികാരം ഒഴിയുന്നത് സംബന്ധിച്ച് തന്നോട് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് സിറിയന്‍ പ്രസിഡന്റ് ബശറുല്‍ അസദ്. എന്‍ ബി സി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവോ അധികാരമൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നോ എന്നായിരുന്നു ചോദ്യം. അധികാരമൊഴിയാന്‍ അമേരിക്ക നടത്തുന്ന കടുത്ത സമ്മര്‍ദത്തെ അതിജീവിച്ച് സ്ഥാനത്ത് തുടരുകയാണ് അസദ്.
“അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മോസ്‌കോയിലെത്തിയിട്ടുണ്ട്. ജോണ്‍ കെറിയും പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സമ്മര്‍ദമുണ്ടാകുമോ എന്ന വിഷയത്തില്‍ താന്‍ ആശങ്കപ്പെടുന്നില്ല. കാരണം അവരുടെ രാഷ്ട്രീയം, അതായത് റഷ്യക്കാരുടെ രാഷ്ട്രീയം നിര്‍ണയിക്കുന്നത് ഏതെങ്കിലും കരാറുകളുടെ അടിസ്ഥാനത്തിലല്ല. മറിച്ച് ചില മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അമേരിക്കയുള്‍പ്പെടെയുള്ള ചില ലോക രാജ്യങ്ങള്‍ ഇടപെട്ട് ഇറാഖിലെ ഭരണാധികാരിയെ അട്ടിമറിച്ചു. അത് എണ്ണമറ്റ മനുഷ്യജീവനുകളെ അപഹരിച്ചു. ഇപ്പോഴും അപഹരിച്ചുകൊണ്ടിരിക്കുന്നു. ഈ കയ്ക്കുന്ന സത്യം എന്നാണ് ഈ രാജ്യങ്ങള്‍ മനസ്സിലാക്കുക?” അസദ് ചോദിച്ചു.
സിറിയയിലെ വിമതര്‍ക്ക് ആയുധവും മറ്റ് സഹായ സഹകരണങ്ങളും അമേരിക്കയും സഖ്യ കക്ഷികളും നല്‍കി വരുന്നു. എന്നാല്‍ വിമതര്‍ക്കെതിരെയും ഇസില്‍ ഭീകരവാദികള്‍ക്കെതിരെയും പോരാടാനെന്ന പേരില്‍ അസദിനെ പിന്തുണക്കുന്ന സമീപനമാണ് റഷ്യയുടെത്.