എം ജി പരീക്ഷാ കണ്‍ട്രോളറെ എസ് എഫ് ഐ ഉപരോധിച്ചു

Posted on: July 15, 2016 12:09 am | Last updated: July 15, 2016 at 12:09 am
SHARE

കോട്ടയം: പി ജി, ബിരുദ പരീക്ഷാഫലങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എം ജി യൂനിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ഉപരോധിച്ചു. പരീക്ഷാ ഫലം വൈകുന്നത് വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിനുള്ള അവസരം നഷ്ടപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം. ഉപരോധം നടക്കുമ്പോള്‍ വി സി, പി വി സിയും അടക്കമുള്ളവര്‍ സ്ഥലത്തില്ലായിരുന്നു. പരീക്ഷാ കണ്‍ട്രോളറും പ്രതിഷേധക്കാരുമായി ചര്‍ച്ചക്ക് തയാറായില്ല. എം ജി സിന്‍ഡിക്കേറ്റ് അംഗങ്ങളും പരീക്ഷാവിഭാഗവുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥരും ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ ജൂലൈ 19നകം മുഴുവന്‍ ബിരുദ പരീക്ഷകളുടെയും ഫലപ്രഖ്യാപനം നടത്താമെന്ന ഉറപ്പിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചത്. എം ജിയില്‍ അവസാന സെമസ്റ്റര്‍ ബിരുദഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പി ജി കോഴ്‌സുകളില്‍ ചേരാന്‍ സാധിക്കുന്നില്ല.
കേരള, കുസാറ്റ്, കാലിക്കട്ട്, കേന്ദ്രസര്‍വകലാശാല എന്നിവിടങ്ങളിലടക്കം ബിരുദഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ഇവിടങ്ങളില്‍ പിജി പ്രവേശനവും പൂര്‍ത്തിയായി. ഇക്കാരണത്താല്‍ എം ജി സര്‍വകലാശാലയ്ക്ക് കീഴില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് മറ്റ് സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളജുകളില്‍ ചേരാനുള്ള അവസരവും നഷ്ടമാകുന്ന സ്ഥിതിയാണ്.