മലപ്പുറം പഠിക്കുന്നു; സര്‍ക്കാര്‍ ഉദ്യോഗത്തിന്

Posted on: July 15, 2016 5:01 am | Last updated: July 15, 2016 at 12:04 am
SHARE

മലപ്പുറം: സര്‍ക്കാര്‍ ഉദ്യോഗത്തില്‍ കയറിപ്പറ്റാന്‍ മത്സര പരീക്ഷകള്‍ക്ക് പഠിക്കുന്ന തിരക്കിലാണ് മലപ്പുറം. വിദ്യാഭ്യാസ രംഗത്ത് ജില്ലയിലുണ്ടായ മുന്നേറ്റവും തൊഴില്‍ മേഖലയില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് മലപ്പുറത്തെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. സംസ്ഥാന ന്യൂന പക്ഷ വകുപ്പിന് കീഴിലുള്ള എട്ട് പരിശീലന കേന്ദ്രങ്ങളിലും ഇപ്പോള്‍ ഉദ്യോഗാര്‍ഥികളുടെ തിരക്കാണ്. പെരിന്തല്‍മണ്ണ, പൊന്നാനി, വേങ്ങര എന്നിവിടങ്ങളിലെ പ്രധാന മത്സര പരീക്ഷാ പരീശീലന കേന്ദ്രങ്ങള്‍ക്ക് പുറമെ ഇവയുടെ അഞ്ച് ഉപകേന്ദ്രങ്ങളുമാണ് ജില്ലയിലുള്ളത്.
മലപ്പുറം നഗരസഭക്ക് കീഴില്‍ ടൗണ്‍ഹാള്‍, മേല്‍മുറി മഅ്ദിന്‍ അക്കാദമി, വളാഞ്ചേരി എടയൂര്‍ സഫ അക്കാദമി ഓഫ് സിവില്‍ സര്‍വീസ്, കരുവാരക്കുണ്ട് ദാറുന്നജാത്ത്, എടവണ്ണ ജാമിഅ നദ്‌വിയ്യ എന്നിവയാണ് ഈ കേന്ദ്രങ്ങള്‍. എല്‍ ഡി ക്ലര്‍ക്ക് വിജ്ഞാപനം വരാനിരിക്കെ കൂടുതല്‍ പേരും ഇതിനുള്ള തെയ്യാറെടുപ്പുകളിലാണ്. ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യമുള്ളതിനാല്‍ തികച്ചും സൗജന്യമായി ആറ് മാസത്തെ പരിശീലനമാണ് ഈ എട്ട് കേന്ദ്രങ്ങളിലും സര്‍ക്കാര്‍ നല്‍കുന്നത്. സ്വകാര്യ പരീശീലന സ്ഥാപനങ്ങള്‍ വന്‍ ലാഭം കൊയ്യുമ്പോഴാണ് സര്‍ക്കാറിന്റെ സൗജന്യ പരിശീലനം ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസമാകുന്നത്. പതിനായിരം മുതല്‍ പതിനയ്യായിരം വരെയാണ് സ്വകാര്യ സ്ഥാപനങ്ങളുടെ ഫീസ് നിരക്ക്. ഒരു ബാച്ച് അവസാനിക്കുമ്പോഴേക്ക് പ്രധാന സ്വകാര്യ സ്ഥാപനങ്ങളുടെ ലാഭം അരക്കോടി രൂപയോളമാണ്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, കാസര്‍കോഡ്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളില്‍ ഓരോ പ്രധാന കേന്ദ്രങ്ങളാണ് സര്‍ക്കാറിന് കീഴില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്ന് വിഭിന്നമായാണ് മലപ്പുറത്ത് കൂടുതല്‍ കേന്ദ്രങ്ങളുള്ളത്. പത്താംക്ലാസ് വിജയിച്ച പതിനെട്ട് വയസായവര്‍ക്കെല്ലാം അപേക്ഷിക്കാന്‍ കഴിയുന്നതിനാല്‍ ഓരോ കേന്ദ്രങ്ങളിലും മൂന്നൂറിനും അറുനൂറിനും ഇടയിലാണ് അപേക്ഷകരുള്ളത്. ഇവര്‍ക്ക് പ്രത്യേക പരീക്ഷ നടത്തി ഇരുനൂറോളം പേര്‍ക്കാണ് പ്രവേശനം. ഇപ്പോള്‍ നടക്കുന്ന പരിശീലനത്തില്‍ പെരിന്തല്‍മണ്ണയില്‍ 160, വേങ്ങരയില്‍ 180, പൊന്നാനിയില്‍ 165 ഉം ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറാനുള്ള തീവ്ര ശ്രമത്തിലാണ്. റഗുലര്‍, ഹോളിഡേ എന്നിങ്ങനെ രണ്ട് ബാച്ചുകള്‍ക്കാണ് ഒരേ സമയം പരിശീലനം നല്‍കുന്നത്. ഈ രംഗത്തെ വിദഗ്ധരാണ് ഫാക്കല്‍റ്റികള്‍. ഇതിനകം ജില്ലയില്‍ നിന്ന് ഇരുനൂറ്റി അമ്പതില്‍ അധികം പേര്‍ കേന്ദ്ര, സംസ്ഥാന സര്‍വീസുകളില്‍ ജോലി നേടിക്കഴിഞ്ഞു.
നിലവിലുള്ള റാങ്ക്‌ലിസ്റ്റുകളില്‍ നൂറ് കണക്കിന് ഉദ്യോഗാര്‍ഥികള്‍ ഇടം നേടിയിട്ടുമുണ്ട്. പി എസ് സിയുടെ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ പെരിന്തല്‍മണ്ണ കേന്ദ്രത്തില്‍ നിന്ന് പരിശീലനം നേടിയ പാണ്ടിക്കാട് സ്വദേശി എന്‍ പി റിയാസ് സംസ്ഥാനത്ത് തന്നെ ഒന്നാംറാങ്ക് നേടി. എസ് ഐ ലിസ്റ്റില്‍ എടത്തനാട്ടുകര കാപ്പുങ്ങല്‍ മന്‍സൂര്‍ അലി രണ്ടാം റാങ്കും കരസ്ഥമാക്കി. ലാസ്റ്റ് ഗ്രേഡ് പരീക്ഷയില്‍ പാണ്ടിക്കാട് സ്വദേശിനി സഹ്‌റാബാനും രണ്ടാം റാങ്കും വനിതാ കോണ്‍സ്റ്റബിള്‍ ലിസ്റ്റ് പി സജ്‌ന മൂന്നാം റാങ്കും നേടി. ഇവരെല്ലാം പെരിന്തല്‍മണ്ണയില്‍ നിന്നാണ് പരിശീലനം നേടിയത്.
കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് പട്ടികയില്‍ 13 പേരാണുള്ളത്. വേങ്ങര കൊളപ്പുറത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നിന്ന് 30 പേര്‍ ജോലിയില്‍ ഇടം പിടിച്ചു. പൊന്നാനിയിലെ തൃക്കാവ് കേന്ദ്രത്തില്‍ 20 പേരും സര്‍വീസില്‍ കയറി. 98 ഉദ്യോഗാര്‍ഥികള്‍ വിവിധ തസ്തികകളുടെ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. ഓരോ ബാച്ചുകളിലും അപേക്ഷകരുടെ എണ്ണം കൂടുന്നത് സര്‍ക്കാര്‍ സര്‍വീസില്‍ മലപ്പുറത്തുകാരുടെ എണ്ണം കൂടുമെന്നതിന്റെ സൂചന കൂടിയാണ്.