Connect with us

Kerala

ഓണ്‍ലൈന്‍ വഴി പണം തട്ടുന്ന ഉത്തരേന്ത്യന്‍ സംഘം പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: ബേങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന മൊബൈല്‍ ഫോണ്‍ വഴി അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം അപഹരിക്കുന്ന ഉത്തരേന്ത്യന്‍ സംഘത്തിലെ പ്രധാനികളെ കേരള സൈബര്‍ ക്രൈം പോലീസ് ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ പട്ടേല്‍ നഗര്‍ സ്വദേശി സൗരഭ്, കീര്‍ത്തി നഗര്‍ സ്വദേശി ഋഷി നെരൂല എന്നിവരാണ് ഡല്‍ഹി തിലക് നഗറില്‍ അറസ്റ്റിലായത്. അറസ്റ്റിലായ സൗരഭ്, ഗണേഷ് നഗറിലെ ആഡംബര ഫഌറ്റ് സമുച്ചയത്തിലെ രണ്ട് മുറികളില്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററിന്റെ സി ഇ ഒ യും ഋഷി നെരൂല ടീം ലീഡറുമാണ്.
സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയില്‍ മറ്റു ചില സ്റ്റേറ്റ് ബേങ്കുകള്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പുതിയ ഡെബിറ്റ് കാര്‍ഡുകളും, ക്രെഡിറ്റ് കാര്‍ഡുകളും നല്‍കാനെന്ന വ്യാജേനയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ബേങ്ക് അക്കൗണ്ട് ഉള്ളവരുടെ ഫോണിലേക്ക് ബേങ്ക് ഉദ്യോഗസ്ഥരെന്ന രീതിയില്‍ വിളിച്ച് കാര്‍ഡ് നമ്പറും തുടര്‍ന്ന് അയക്കുന്ന രഹസ്യ നമ്പറും കരസ്ഥമാക്കിയാണ് ഇവര്‍ ലക്ഷങ്ങള്‍ അപഹരിക്കുന്നത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനിയായ സ്ത്രീയെ എസ് ബി ഐ ഉദ്യോഗസ്ഥനെന്ന പേരില്‍ വിളിച്ച് അക്കൗണ്ട് വിവരങ്ങളും ഒ ടി പിയും കരസ്ഥമാക്കി 31,425 രൂപ തട്ടിയെടുത്ത പരാതിയിലുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. ഇവരുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ തട്ടിയെടുത്ത തുകകൊണ്ട് മുംബൈയില്‍ നിന്ന് ഗോള്‍ഡ് കോയിന്‍ വാങ്ങിയിട്ടുള്ളതായും അത് ഡല്‍ഹിയിലെ തിലക് നഗറിലുള്ള മേല്‍ വിലാസത്തിലേക്ക് എത്തിയതായും പോലീസിന് വ്യക്തമായി. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അത് വ്യാജ മേല്‍വിലാസമാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവര്‍ക്ക് സാധനങ്ങള്‍ കൈമാറിയ കൊറിയര്‍ ഏജന്‍സി മുഖാന്തരം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുരുങ്ങിയത്.
ബേങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തന്ത്രപൂര്‍വം സംസാരിക്കുന്ന ഇവര്‍ ഹെഡ് ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞശേഷം പുതിയ ഓഫറുകള്‍, ഡിസ്‌കൗണ്ട് എന്നിവയുടെ പേരിലാണ് സാധാരണക്കാരെ പറ്റിച്ച് രഹസ്യകോഡുകളും മറ്റും കരസ്ഥമാക്കുന്നത്. യഥാര്‍ഥ ഉദ്യോഗസ്ഥരെന്ന് ധരിച്ച് രഹസ്യകോഡുകള്‍ ഇവരോട് അബദ്ധത്തില്‍ പറഞ്ഞുകൊടുക്കുന്നതിലൂടെയാണ് അക്കൗണ്ട് ഉടമകള്‍ വഞ്ചിതരാവുന്നത്. ഇവ കൈപ്പറ്റി നിമിഷങ്ങള്‍ക്കകം ഇരകളുടെ അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈന്‍ വിപണികളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് സ്വര്‍ണനാണയങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും വാങ്ങുകയും അവ കൊറിയര്‍ സര്‍വീസ് മുഖേന കൈപ്പറ്റുകയുമാണ് ഇവരുടെ രീതി. കൊറിയര്‍ സര്‍വീസിന് നല്‍കുന്ന വിലാസവും ഇവരുടെ യഥാര്‍ഥ വിലാസവും വ്യത്യസ്തമായിരിക്കും. കൂടാതെ ഇവര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും ഇന്റര്‍നെറ്റ് സംവിധാനങ്ങളിലെ വിലാസങ്ങളും വ്യാജമായിരിക്കും. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ ഇടക്കിടെ സ്ഥലം മാറുന്ന രീതിയും ഇവരിലേക്ക് എത്തുന്നതിന് പോലീസിന് തടസ്സമാകാറുണ്ട്.
കോള്‍ സെന്ററില്‍ നിന്ന് നൂറിലേറെ സിം കാര്‍ഡുകളും ഇരട്ട സിംകാര്‍ഡുകളോടുകൂടിയ പതിനൊന്ന് മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കും നിരവധി എ ടി എം കാര്‍ഡുകളും, പാന്‍ കാര്‍ഡുകളും, അനവധി ബേങ്കുകളുടെ ചെക്ക് ബുക്കുകളും, ലാപ്‌ടോപ്പുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ പ്രതികള്‍ രഹസ്യ വിവരങ്ങള്‍ കരസ്ഥമാക്കി നടത്തുന്ന തട്ടിപ്പ് കൂടാതെ www.mallmad.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെയും www. shinerecruiters.com എന്ന പേരിലുള്ള വെബ്‌സൈറ്റ് മുഖേന ഉയര്‍ന്ന ജോലികള്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി നിരവധി തൊഴില്‍ തട്ടിപ്പുകളും നടത്തിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിന്റെ മറയായാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരം തട്ടിപ്പിലൂടെ കോടികള്‍ ഇവര്‍ സമ്പാദിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തിലക് നഗര്‍ പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തില്‍ നിരവധി പേര്‍ ഇത്തരത്തിലുള്ള തട്ടിപ്പിനിരയായതായി പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കേസുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ക്രൈം ബ്രാഞ്ച് എ ഡി ജി പി ആനന്ദകൃഷ്ണന്‍ ഉത്തരവ് നല്‍കിയിരുന്നു.
ക്രൈം ബ്രാഞ്ച് എസ് പി ജോളി ചെറിയാന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എസ് സുരേഷ് ബാബു, ഒ എ സുനില്‍, സബ് ഇന്‍സ്‌പെക്ടര്‍ സജികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍ കുമാര്‍, ബിജുലാല്‍, സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ ബി ടി ഉള്‍പ്പെടുന്ന സംഘമാണ് പ്രതികളെ ന്യൂഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

 

---- facebook comment plugin here -----

Latest