Connect with us

Editorial

കേന്ദ്രത്തിനു താക്കീത്

Published

|

Last Updated

കേന്ദ്ര സര്‍ക്കാറിനും ബി ജെ പിക്കും ഏറ്റ കനത്ത പ്രഹരമാണ് അരുണാചലില്‍ നബാംതൂക്കിയുടെ നേത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ പുനഃസ്ഥാപിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി. എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തിയാണ് ആറ് മാസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നബാംതൂക്കി മന്ത്രിസഭ പിരിച്ചു വിട്ടത്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന എം എല്‍ എമാരെ വരുതിയിലാക്കി സംസ്ഥാനത്ത് ബി ജെ പിക്ക് അധികാരത്തിലേറാനുള്ള രാഷ്ട്രീയ നാടകമായിരുന്നു ഇത്. ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് ഗവര്‍ണര്‍ ജ്യോതി പ്രസാദ് രാജ്‌കോവ കൂട്ടുനില്‍ക്കുകയും ചെയ്തു. കേന്ദ്രത്തിന്റെയും ഗവര്‍ണറുടെയും ഈ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടക്കാട്ടിയാണ് ജസ്റ്റിസ് ജെ എസ് ശേഖറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് അത് റദ്ദാക്കിയതും നബാംതൂക്കി മന്ത്രിസഭ പുനഃസ്ഥാപിച്ചതും.
കഴിഞ്ഞ നവംബറില്‍ കോണ്‍ഗ്രസിനകത്തെ ഉള്‍പാര്‍ട്ടി കലാപത്തെ തുടര്‍ന്ന് നിയമസഭാകക്ഷി യോഗത്തില്‍ നിന്നും 21 കോണ്‍ഗ്രസ് എം എല്‍ എ മാര്‍ വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നായിരുന്നു അവരുടെ വിശദീകരണം. ഇതിന് പിന്നാലെ ജനവരി 24ന് നിയമസഭായോഗം ചേരാന്‍ തീരുമാനിച്ച നബാംതൂക്കി സര്‍ക്കാറിന്റെ തീരുമാനത്തെ മറികടന്നു ഗവര്‍ണര്‍ രാജ്‌ഖോവ മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും അറിയിക്കാതെ ഡിസംബര്‍ 16ന് നിയമസഭ വിളിച്ചുചേര്‍ക്കുകയും സ്പീക്കര്‍ നബാന്‍ റെബിയയെ ഇംപീച്ച് ചെയ്യുകയുമുണ്ടായി. ഒരു ഹോട്ടലില്‍ നടന്ന ഈ അനധികൃത “നിയമസഭാ”സമ്മേളനത്തിലാണ് വിമതരും ബി ജെ പി എം എല്‍ എമാരും ചേര്‍ന്ന് മുഖ്യമന്ത്രി നബാംതുക്കിക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കിയത്. താമസിയാതെ ഗവര്‍ണര്‍ നബാകി സര്‍ക്കാറിനെ പിരിച്ചുവിടാന്‍ ശിപാര്‍ശ ചെയ്തു. പിന്നീട് ബി ജെ പിയുടെ സഹായത്തോടെ വിമതര്‍ കലികോ പുളിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാറിനെ അധികാരത്തിലേറ്റി. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ ഈ തീരുമാനങ്ങളെല്ലാം ഗുവാഹത്തി ഹൈക്കോടതി മരവിപ്പിച്ചു.
നിശ്ചയിച്ച തീയതിക്കു മുമ്പേ നിയമസഭ വിളിച്ചു ചേര്‍ത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുകൊണ്ട് സ്പീക്കറായിരുന്ന നബാന്‍ റെബിയ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ബുധനഴ്ചത്തെ ചരിത്രപ്രധാന വിധി. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാറിനെ രാഷ്ട്രീയ ലക്ഷ്യം വെച്ചു പിന്‍വാതില്‍ നടപടികളിലൂടെ പുറത്താക്കാനുള്ള കേന്ദ്രത്തിന്റെയും ഗവര്‍ണറുടെയും നീക്കങ്ങളെ അതിരൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടിത വമര്‍ശിച്ചത്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ മറികടുന്നു പ്രവര്‍ത്തിക്കാന്‍ നോമിനിയായ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു കോടതി നിരീക്ഷിച്ചു. സഭയില്‍ഭൂരിക്ഷം നഷ്ടപ്പെട്ടാല്‍ മാത്രമേ മുഖ്യമന്ത്രിയുടെ അഭിപ്രായം തേടാതെ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുള്ളൂ. അല്ലാത്ത ഘട്ടത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സര്‍ക്കസ് എന്നാണ് അരുണാചലിലെ കേന്ദ്ര, ഗവര്‍ണര്‍ നടപടികളെ കോടതി വിശേഷിപ്പിച്ചത്.
സുദൃഢമായ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലാണ് രാജ്യത്തിന്റെ കെട്ടുറപ്പ്. ഫെഡറല്‍ വ്യവസ്ഥ അനുശാസിക്കുന്നതും അതാണ്. ഭരണത്തിലിക്കുന്നവരുടെ രാഷ്ട്രീയ നിറം നോക്കി സംസ്ഥാനങ്ങളോടുള്ള സമീപനം തീരുമാനിക്കുന്നതും രാഷ്ട്രീയ പ്രതിയോഗികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കുന്നതും കേന്ദ്ര,സംസ്ഥാന ബന്ധങ്ങളെ ശിഥിലമാക്കുകയും രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യും. ഭരണഘടനാ ദത്തമാണ് രാഷ്ട്രപതി, ഗവര്‍ണര്‍ പദവികള്‍. ആ പദവികളില്‍ ഇരിക്കുന്നവര്‍ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. നിയമസഭയില്‍ സര്‍ക്കാറിന് ഭൂരിപക്ഷമുള്ളപ്പോള്‍ സ്വന്തംനിലക്ക് ഗവര്‍ണര്‍ തീരുമാനമെടുക്കരുത്. ജനപ്രതിനിധികളുടെ തീരുമാനങ്ങളെ മറികടക്കുന്ന അധികാരകേന്ദ്രമായി അദ്ദേഹം മാറുകയോ കേന്ദ്രത്തിന്റെ പാവയായി വര്‍ത്തിക്കുകയോ അരുത്. ഒരു സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നാല്‍ അവിടുത്തെ സര്‍ക്കാറിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്യാം എന്നാല്‍ സര്‍ക്കാറിന്റെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ ചട്ടുകമാകരുത്.
അരുണാചല്‍ പ്രശ്‌നത്തില്‍ രാഷ്ട്രപതിയുടെ നിലപാടും വിമര്‍ശന വിധേയമാണ്. കേവല കക്ഷിരാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരവും പ്രതികാരാത്മകവുമായ നടപടികള്‍ക്ക് കേന്ദ്രം ശിപാര്‍ശ ചെയ്യുമ്പോള്‍ രാഷട്രപതി അതപ്പടി അംഗീകരിക്കാവതല്ല. 356ാം വകുപ്പ് രാഷ്ട്രീയ പക തീര്‍ക്കാനുള്ളതല്ല. അത് അവസാനത്തെ ആയുധമായിരിക്കണമെന്ന് എസ് ആര്‍ ബൊമ്മെ കേസില്‍ സുപ്രീം കോടതി ചൂണ്ടിക്കാണിച്ചതാണ്. നിയമത്തിന് മുന്നില്‍ തുല്യത ഉയര്‍ത്തിപ്പിടിക്കുന്നതാകണം രാഷ്ട്രപതിയുടെ പ്രവര്‍ത്തനങ്ങളെന്ന് ഭരണഘടനയുടെ 14-ാം അനുച്ഛേദം അനുശാസിക്കുന്നുണ്ട്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അപ്പടി വഴുങ്ങാന്‍ വിധിക്കപ്പെട്ട റബ്ബര്‍ സ്റ്റാമ്പുകളായി മാറിയിരിക്കുകയാണ് ഇന്ന് ഗവര്‍ണര്‍മാരും രാഷ്ട്രപതിമാരും. അരുണാചലും ഉത്തരാഖണ്ഡും ഉണര്‍ത്തുന്നതും അതാണ്.

Latest