ഗുജറാത്തിനെക്കുറിച്ച് നമ്മള്‍ കേട്ടതെല്ലാം ശരിയായിരുന്നു

2016 മെയ് ഇരുപത്തിയേഴാം തീയതി ഡല്‍ഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററില്‍ വെച്ച് 'ഗുജറാത്ത് ഫയലുകള്‍' പ്രകാശിതമായി. മാധ്യമശ്രദ്ധ ഒട്ടും ലഭിക്കാതെപോയ ചടങ്ങായിരുന്നു അത്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രവും കാരവന്‍ മാസികയും ഒഴികെ രാജ്യത്തെ മുഴുവന്‍ പത്രങ്ങളും ചാനലുകളും ഗംഭീരമായ മൗനം പാലിച്ചു. ഇങ്ങനെ ഒരു പുസ്തകം ഇറങ്ങിയിട്ടുണ്ട് എന്നു പോലും ഈ പത്രമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയില്ല. ശേഖര്‍ ഗുപ്ത, ബര്‍ഖ ദത്ത്, അരുന്ധതി റോയ്, ഹര്‍ദോഷ് സിംഗ് പാല്‍ തുടങ്ങിയ ചുരുക്കം ചില പ്രമുഖര്‍ മാത്രമാണ് പുസ്തക പ്രകാശന ചടങ്ങില്‍ സംബന്ധിച്ചത്. ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പുതിയ ഉദാഹരണമായിരുന്നു പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കാതിരുന്ന മാധ്യമങ്ങളുടെ ജാഗ്രത.
Posted on: July 15, 2016 6:00 am | Last updated: July 14, 2016 at 11:48 pm
SHARE

Gujarat-Files_Rana-Ayyub_Vantage_The-Caravan-magazine_25-May-2016-650x4352002-ല്‍ ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോഴും അതിനു ശേഷം രാജ്യത്ത് അരങ്ങേറിയ നിരവധി വ്യാജ ഏറ്റുമുട്ടലുകള്‍ വാര്‍ത്തകളിലൂടെ പുറത്തുവന്നപ്പോഴും മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യ വിശ്വാസികള്‍ നരേന്ദ്ര മോദിയും അമിത് ഷായുമടങ്ങുന്ന രാഷ്ട്രീയക്കാരുടെ പങ്കിനെക്കുറിച്ച് സംശയിച്ചിരുന്നു. കലാപത്തിന് നേതൃത്വം നല്‍കാന്‍ ഗുജറാത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മുന്നോട്ടുവന്നതും മുസ്ലിം ജനവിഭാഗത്തിന്റെ ജീവനും സ്വത്തും മൗലികാവകാശങ്ങള്‍ പോലും ഭീഷണിയിലായതും കേവലം ആകസ്മികമായ സംഭവങ്ങള്‍ ആയിരുന്നില്ല എന്നും അവര്‍ വിശ്വസിച്ചു. ഗുജറാത്ത് കലാപം, വ്യാജ ഏറ്റുമുട്ടലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഓരോ കോടതി വിധി വരുമ്പോഴും അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും യഥാര്‍ഥ പ്രതികള്‍ തന്നെ ശിക്ഷിക്കപ്പെടുമെന്നും മതേതരവിശ്വാസികള്‍ പ്രതീക്ഷിച്ചു. ഗോധ്രയില്‍ തീവണ്ടിക്കു തീവെച്ചതും തുടര്‍ന്ന് ഗുജറാത്തില്‍ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മുസ്‌ലിംകളെ ക്രൂരമായി കൊന്നൊടുക്കിയതുമെല്ലാം ഒരേ പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ മാത്രമായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങള്‍.
ഈ വിശ്വാസത്തെ സത്യസന്ധമായി അഭിമുഖീകരിക്കുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്യുന്ന പുസ്തകമാണ് റാണ അയ്യൂബിന്റെ ‘ഗുജറാത്ത് ഫയല്‍സ്: അനാട്ടമി ഓഫ് എ കവര്‍ അപ്’. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകം. അന്വേഷണാത്മക പത്രപ്രവര്‍ത്തന ചരിത്രം തിരുത്തിയെഴുതിയ തെഹല്‍ക മാഗസിന്റെ പത്രാധിപരായിരുന്ന റാണ അയ്യൂബ് 2010-ല്‍ നടത്തിയ സ്റ്റിംഗ് ഓപറേഷന്‍ റിപ്പോര്‍ട്ട് ആണ് ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ച് സിനിമയെടുക്കാന്‍ വന്ന അമേരിക്കയില്‍ നിന്നുള്ള മൈഥിലി ത്യാഗി എന്ന ഫിലിം പ്രവര്‍ത്തകയായാണ് റാണ അയ്യൂബ് ഒളിക്യാമറയുമായി രാഷ്ട്രീയ പ്രമുഖരെയും ഉന്നത ഉദ്യോഗസ്ഥരെയും സമീപിച്ചത്. എട്ടു മാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ ഗുജറാത്ത് കലാപത്തിന്റെയും രാജ്യത്തെ നടുക്കിയ ഏറ്റുമുട്ടലുകളുടെയും യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ റാണ അയ്യൂബ് ഒപ്പിയെടുത്തു. ഗുജറാത്ത് കലാപം നടക്കുമ്പോള്‍ സംസ്ഥാനത്തെ താക്കോല്‍ സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നവരെ നേരില്‍ കണ്ട് അഭിമുഖം നടത്തിയാണ് റാണ ക്യാമറയില്‍ കുടുക്കിയത്.
റാണയുടെ തന്നെ സഹപ്രവര്‍ത്തകനായി തെഹല്‍കിയില്‍ ഉണ്ടായിരുന്ന ആശിഷ് ഖേതന്‍ ആണ് ഗുജറാത്ത് കലാപത്തെക്കുറിച്ച് നേരത്തെ ഇത്തരത്തില്‍ ഒരു സ്റ്റിംഗ് നടത്തിയത്. അന്ന് പക്ഷേ, കലാപത്തില്‍ നേരിട്ട് പങ്കെടുത്ത പ്രാദേശിക നേതാക്കളും സംഘ് പ്രവര്‍ത്തകരും മാത്രമാണ് അദ്ദേഹത്തിന്റെ ക്യാമറയില്‍ കുടുങ്ങിയത്. ആശിഷ് ഖേതന്റെ റിപ്പോര്‍ട്ട് തെഹല്‍ക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്, ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കാരവന്‍ മാഗസിന്‍ എഡിറ്ററും മലയാളിയുമായ വിനോദ് കെ ജോസ് ആണ് ഗുജറാത്ത് കലാപത്തിന്റെ പത്തു വര്‍ഷങ്ങള്‍ എന്ന നീണ്ട റിപ്പോര്‍ട്ടേജ് പുറത്തുവിട്ടത്. എന്നാല്‍ റാണ അയ്യൂബ് സംസാരിച്ചതും അഭിമുഖം നടത്തിയതും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയടക്കം പദ്ധതി ആസൂത്രണം ചെയ്തവരെയും കലാപത്തിനും ഏറ്റുമുട്ടലുകള്‍ക്കും നേതൃപരമായ പങ്കു വഹിക്കുകയും ചെയ്ത ഉന്നത ഉദ്യോഗസ്ഥരോടുമായിരുന്നു എന്നതാണ് ‘ഗുജറാത്ത് ഫയലു’കളെ വ്യത്യസ്തമാക്കുന്നത്. വര്‍ഗീയ കലാപം പ്ലാന്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി അത് നടപ്പിലാക്കിയ ‘യഥാര്‍ഥ പ്രതികള്‍’ ക്യാമറയില്‍ കുടുങ്ങി എന്നതാണ് റാണ അയ്യൂബിന്റെ അന്വേഷണത്തെ മറ്റുള്ളവയില്‍ നിന്ന് വ്യതിരിക്തമാക്കുന്നത്.
പ്രകാശനം: ഇന്ത്യന്‍
മാധ്യമങ്ങളുടെ മൗനം
അന്വേഷണത്തിനിടയില്‍ കണ്ടെത്തിയ അപൂര്‍വം തെളിവുകളും റിപ്പോര്‍ട്ടുകളും അന്നത്തെ തെഹല്‍ക എഡിറ്റര്‍മാരായിരുന്ന തരുണ്‍ തേജ്പാലിനെയും ഷോമ ചൗധരിയെയും റാണ അറിയിച്ചു കൊണ്ടേയിരുന്നു. ഓരോ ഘട്ടത്തിലും അവര്‍ രണ്ടു പേരും നല്‍കിയ പിന്തുണയും പ്രോത്സാഹനവും തനിക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു എന്ന് റാണ അയ്യൂബ് തന്നെ പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് പറയുന്നുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായി തയ്യാറാക്കിയപ്പോള്‍ തെഹല്‍ക അത് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചത് തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്ന് അവര്‍ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ തന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ നിരവധി പ്രസാധകരെയാണ് റാണ അയ്യൂബ് സമീപിച്ചത്. ആരും പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. ഭരണകൂടത്തെ, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിണക്കിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളാണ് എല്ലാ പ്രമുഖ പ്രസാധകരെയും പിന്നോട്ട് നയിച്ചത്. അവസാനം റാണ സ്വയം പ്രസാധനം ഏറ്റെടുക്കുകയായിരുന്നു.
2016 മെയ് ഇരുപത്തിയേഴാം തീയതി ഡല്‍ഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററില്‍ വെച്ച് ‘ഗുജറാത്ത് ഫയലുകള്‍’ പ്രകാശിതമായി. മാധ്യമശ്രദ്ധ ഒട്ടും ലഭിക്കാതെ പോയ ചടങ്ങായിരുന്നു അത്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രവും കാരവന്‍ മാസികയും ഒഴികെ രാജ്യത്തെ മുഴുവന്‍ പത്രങ്ങളും ചാനലുകളും ഗംഭീരമായ മൗനം പാലിച്ചു. ഇങ്ങനെ ഒരു പുസ്തകം ഇറങ്ങിയിട്ടുണ്ട് എന്ന് പോലും ഈ പത്രമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയില്ല. ശേഖര്‍ ഗുപ്ത, ബര്‍ഖ ദത്ത്, അരുന്ധതി റോയ്, ഹര്‍ദോഷ് സിംഗ് പാല്‍ തുടങ്ങിയ ചുരുക്കം ചില പ്രമുഖര്‍ മാത്രമാണ് പുസ്തക പ്രകാശന ചടങ്ങില്‍ സംബന്ധിച്ചത്. ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പുതിയ ഉദാഹരണമായിരുന്നു പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കാതിരുന്ന മാധ്യമങ്ങളുടെ ജാഗ്രത.
ആരാണ് റാണ അയ്യൂബ്?
തെഹല്‍കയുടെ അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിലെ സജീവ സാന്നിധ്യമായിരുന്നു റാണ അയ്യൂബ്. നരേന്ദ്ര മോദിക്കും ബി ജെ പിക്കും തലവേദനയുണ്ടാക്കിയ നിരവധി റിപ്പോര്‍ട്ടുകളും അന്വേഷണങ്ങളും നടത്തി ദേശീയ മാധ്യമ രംഗത്ത് ശ്രദ്ധ നേടിയ യുവപത്രപ്രവര്‍ത്തകയാണ് റാണ. തെഹല്‍കയുടെ പത്രാധിപരായിരുന്ന തരുണ്‍ തേജ്പാലിനെതിരെ ലൈംഗികാതിക്രമ കേസ് വന്നതിനു പിന്നാലെ 2013 നവംബറില്‍ തെഹല്‍കയില്‍ നിന്ന് രാജിവെച്ചു. ഇപ്പോള്‍ ഔട്ട് ലുക്ക്, എന്‍ ഡി ടിവി എന്നിവയുമായി സഹകരിച്ച് സ്വതന്ത്രമായ പത്രപ്രവര്‍ത്തനം നടത്തുന്നു. ലോകത്തെ ഏറ്റവും മികച്ച ഇരുപത് വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ഔട്ട് ലുക്ക് മാഗസിന്‍ അവതരിപ്പിച്ചപ്പോള്‍ അതിലൊന്ന് ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് റാണ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആയിരുന്നു. മികച്ച പത്രപ്രവര്‍ത്തനത്തിന് 2011-ല്‍ സംസ്‌കൃതി അവാര്‍ഡും ഈ പ്രതിഭയെ തേടിയെത്തി.
ഗുജറാത്ത് ഫയലുകള്‍
2002-ല്‍ ഗുജറാത്തില്‍ നടപ്പിലാക്കിയ മുസ്‌ലിം വിരുദ്ധ വര്‍ഗീയ അജന്‍ഡകളുടെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളാണ് ഗുജറാത്ത് ഫയലുകള്‍. റാണ അയ്യൂബ് നടത്തിയ സ്റ്റിംഗ് ഓപറേഷനുകളില്‍ കുടുങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉന്നത പോലീസ് മേധാവികളും രാഷ്ട്രീയ പ്രമുഖരുമടങ്ങുന്നവരുടെ സംഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. 2002നും 2010നുമിടയില്‍ ഗുജറാത്തിലെ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ച മിക്ക ആളുകളെയും റാണ കണ്ടുമുട്ടി. നരേന്ദ്ര മോദിയെ, തന്റെ വസ്ത്രത്തിനുള്ളിലും ഡയറിയിലും വാച്ചിലും ഘടിപ്പിച്ച ഒളിക്യാമറയിലൂടെയാണ് റാണ സംഭാഷണങ്ങള്‍ പകര്‍ത്തിയത്. ധീരവും ത്യാഗനിര്‍ഭരവുമായ നീണ്ട ഓപ്പറേഷന്‍. അതീവ സെക്യൂരിറ്റി സംവിധാനങ്ങളുള്ള വീടുകളിലും ഓഫീസുകളിലും അതിസാഹസികമായാണ് റാണ കടന്നു ചെല്ലുന്നതും തെളിവുകള്‍ ഒപ്പിയെടുക്കുന്നതും. യു എസില്‍ നിന്ന് ഗുജറാത്തില്‍ വന്ന് സിനിമയെടുക്കുന്നത് സര്‍ക്കാറിനും മോദിക്കും ബി ജെ പിക്കും വേണ്ടിയാണല്ലോ എന്നോര്‍ത്ത് എല്ലാ പ്രമുഖരും അഭിമുഖങ്ങള്‍ അനുവദിച്ചു. സംസാരത്തിനിടയില്‍ കലാപവും വ്യാജ ഏറ്റുമുട്ടലും കടന്നുവന്നു.
പ്രമുഖരുടെ പങ്ക് വിവരിച്ചു കൊണ്ട് നിരവധി തെളിവുകളാണ് ഈ പുസ്തകം പുറത്തുവിടുന്നത്. കലാപത്തിന് മുന്നോടിയായി അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ഉന്നതാധികാര യോഗം ചേരുകയുണ്ടായി. ചീഫ് സെക്രട്ടറി സ്വര്‍ണകാന്ത വര്‍മാ, അഡീഷനല്‍ ചീഫ് സെക്രട്ടറി അശോക് നാരായണ്‍, ഡി ജി പി കെ ചക്രവര്‍ത്തി, അഹ്മദാബാദ് പോലീസ് കമ്മീഷണര്‍ പി സി പാണ്ഡെ, സെക്രട്ടറി നിത്യാനന്ദം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര, സെക്രട്ടറി അനില്‍ മുകിം എന്നിവരാണ് പ്രസ്തുത യോഗത്തില്‍ പങ്കെടുത്തത്. വരാന്‍ പോകുന്ന കലാപത്തില്‍ ഹിന്ദുക്കള്‍ മുസ്‌ലിംകളെ കൊന്നൊടുക്കുമെന്നും ഹിന്ദുക്കളുടെ ദേഷ്യം പ്രകടിപ്പിക്കാന്‍ അവരെ സ്വതന്ത്രമായി വിടണമെന്നും നിര്‍ദേശം നല്‍കി. 2002 ഫെബ്രുവരി 27 നടന്ന ഈ മീറ്റിംഗിന്റെ മിനുട്‌സോ മറ്റു രേഖകളോ ഒന്നും തയ്യാറാക്കാതെ വാക്കാല്‍ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും പ്രസ്തുത യോഗത്തില്‍ തീരുമാനമുണ്ടായി. ഈ മീറ്റിംഗില്‍ പങ്കെടുത്ത എല്ലാവരെയും റാണ തന്റെ പുസ്തകത്തില്‍ കൊണ്ടുവരുന്നുണ്ട്. അവരുടെ സംഭാഷണങ്ങള്‍ക്കിടയില്‍ മോദിയുടെയും അമിത് ഷായുടെയും പങ്കിനെക്കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങളാണ് വിവിധ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.
കലാപത്തിന്റെ അസ്വസ്ഥകളില്‍ നിന്ന് ശ്രദ്ധതിരിക്കാനും മോദിയെ ദേശീയ തലത്തിലെ നേതാവാക്കാനുമാണ് അമിത് ഷായുടെ കാര്‍മികത്വത്തില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ സംഘടിപ്പിച്ചതെന്നും പുസ്തകം വെള ിപ്പെടുത്തുന്നു. ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ ഉള്‍പ്പെടെ 2002-നും 2006നുമിടയില്‍ ഗുജറാത്തില്‍ അരങ്ങേറിയ ഏറ്റുമുട്ടലുകള്‍ മുഴുവന്‍ വ്യാജമായിരുന്നുവെന്ന് ആ ഏറ്റുമുട്ടലുകള്‍ക്ക് നേതൃത്വം നല്‍കിയ പോലീസ് മേധാവികള്‍ തന്നെയാണ് വെളിപ്പെടുത്തുന്നത്. ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന ഹാരന്‍ പാണ്ട്യ വധക്കേസ് നേരാം വണ്ണം അന്വേഷിക്കുകയാണെങ്കില്‍ മോദി വരെ ജയിലില്‍ പോകേണ്ടി വരുമെന്ന് ആ കേസ് അന്വേഷിച്ച വൈ എ ഷെയ്ഖ് റാണ അയ്യൂബിനോട് വെളിപ്പെടുത്തുന്നുണ്ടെന്ന് പുസ്തകം പറയുന്നു. കലാപം കത്തിപ്പടരാന്‍ വേണ്ടി ഗോധ്രയില്‍ നടന്ന ട്രെയിന്‍ തീവെപ്പില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അഹമ്മദാബാദില്‍ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിയതും മോദിയാണെന്ന് ഈ പുസ്തകം തെളിവുകളോടെ വെളിപ്പെടുത്തുന്നു. കലാപത്തിലും വ്യാജ ഏറ്റുമുട്ടലുകളിലും രാഷ്ട്രീയ നേതാക്കളുടെ പങ്ക്, ഉദ്യോഗസ്ഥ പ്രമുഖരുടെ മൗനം, രാഷ്ട്രീയ തന്ത്രങ്ങള്‍, വര്‍ഗീയത ഇളക്കിവിടല്‍, ഹിന്ദുത്വ അജന്‍ഡ നടപ്പാക്കല്‍, നിരപരാധികളെ അരുംകൊല ചെയ്യല്‍, മുസ്‌ലിംകളുടെ സ്വത്ത് കൊള്ളയടിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് ഗുജറാത്ത് ഫയലുകള്‍ വായനക്കാരോട് പറയുന്നത്. ഭരണകൂട ഭീകരതയുടെ ഈ രാഷ്ട്രീയ നാടകങ്ങള്‍ നടപ്പിലാക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥരെ ഗുജറാത്ത് സര്‍ക്കാര്‍ സ്ഥലം മാറ്റുകയോ പിരിച്ചുവിടുകയോ പോലും ചെയ്തു.
ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌കോഡിന്റെ മേധാവിയായിരുന്ന ജി എല്‍ സിംഗാള്‍, ഡയറക്ടര്‍ ജനറല്‍ രാജന്‍ പ്രിയദര്‍ശി , ഇന്റലിജന്‍സ് വിഭാഗം തലവന്‍ ജി സി റൈഗാര്‍, മായ കൊദനാനി തുടങ്ങി മോദിയുമായി അടുത്ത ബന്ധമുള്ള നിരവധി പേരുടെ അഭിമുഖങ്ങളും ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു. താന്‍ നടത്തിയ സ്റ്റിംഗ് ദൃശ്യങ്ങള്‍ ഇതുവരെ റാണ അയ്യൂബ് പുറത്തുവിട്ടിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരോ ഔദ്യോഗിക നിയമ സംവിധാനങ്ങളോ ആവശ്യപ്പെട്ടാല്‍ അവ കൈമാറാന്‍ തയ്യാറാണെന്ന് റാണ അയ്യൂബ് പുസ്തക പ്രകാശന ചടങ്ങില്‍ പറഞ്ഞിട്ടുണ്ട്.
ഓണ്‍ലൈന്‍ ഹിറ്റ്
മുഖ്യധാരാ മാധ്യമങ്ങള്‍ ഗുജറാത്ത് ഫയലുകള്‍ തിരസ്‌കരിച്ചപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും സാമൂഹിക മാധ്യമ കൂട്ടായ്മകളും ഈ പുസ്തകത്തെ ഏറ്റെടുക്കുകയായിരുന്നു. ഓണ്‍ലൈനില്‍ ഈ മാസം ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്ത പുസ്തകവും ഗുജറാത്ത് ഫയലുകള്‍ തന്നെ. ആമസോണില്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇപ്പോഴും ഈ പുസ്തകം ഒന്നാം നിരയിലുണ്ട്. കേരളത്തിലെ സാംസ്‌കാരിക ചര്‍ച്ച കളില്‍ ഈ പുസ്തകം ഇനിയും കടന്നുവരേണ്ടതുണ്ട്.