കള്ളപ്പണം നിയന്ത്രിക്കാന്‍ മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണം കൈമാറ്റങ്ങള്‍ നിരോധിക്കണമെന്ന് ശുപാര്‍ശ

Posted on: July 14, 2016 9:48 pm | Last updated: July 14, 2016 at 9:48 pm
SHARE

rupees countingന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണം നിയന്ത്രിക്കുന്നതിന് ശുപാര്‍ശകളുമായി കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം. മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണം കൈമാറ്റം നിരോധിക്കണമെന്നും ഒരു വ്യക്തിയ്ക്ക് കൈവശം വെക്കാവുന്ന പരമാവധി പണം 15 ലക്ഷമായി നിജപ്പെടുത്തണമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു. ജസ്റ്റിസ് എം ബി ഷാ അധ്യക്ഷനായ ബെഞ്ചാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.

കണക്കില്‍പെടാത്ത സ്വത്തില്‍ ഏറിയ പങ്കും സൂക്ഷിക്കപ്പെടുന്നതും ഉപയോഗിക്കുന്നതും കറന്‍സിയുടെ രൂപത്തിലാണെന്ന് സംഘം ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം തടയുന്നതിന് വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള വ്യവസ്ഥകളും പണം കൈമാറ്റങ്ങളില്‍ വിവിധ കോടതികളുടേതായ റിപ്പോര്‍ട്ടുകളും നിരീക്ഷണങ്ങളും പരിഗണിച്ചാണ് പണം കൈമാറ്റത്തിന് ഉയര്‍ന്ന പരിധി നിശ്ചയിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.

മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണം കൈമാറ്റം പൂര്‍ണമായും നിരോധിക്കണമെന്നും അത്തരം കൈമാറ്റങ്ങള്‍ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കുന്നതിന് നിയമം കൊണ്ടുവരണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഒരു വ്യക്തിയ്ക്ക് 15 ലക്ഷം രൂപയ്ക്ക് മുകളില്‍ കൈവശം വെയ്ക്കണമെങ്കില്‍ അതിന് അതാത് പ്രദേശങ്ങളിലെ ഇന്‍കം ടാക്‌സ് കമ്മീഷണറുടെ അനുമതി തേടിയിരിക്കണമെന്നും പ്രത്യേക അന്വേഷണ സംഘ സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു.