ഒമാജിന്‍ പേള്‍ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും

Posted on: July 14, 2016 6:58 pm | Last updated: July 14, 2016 at 6:58 pm
SHARE
ഒമാജിന്‍ പേള്‍
ഒമാജിന്‍ പേള്‍

മസ്‌കത്ത്: ടൂറിസം മന്ത്രാലയത്തിന്റെ സ്വപ്‌ന പദ്ധതിയിലൊന്നായ ഒമാജിന്‍ പേള്‍ പദ്ധതിയുടെ നിര്‍മാണം അടുത്ത വര്‍ഷത്തോടെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 250 കോടി റിയാല്‍ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കുക. 2024ഓടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
പവിഴാകൃതിയിലുള്ള നിര്‍മിതിയില്‍ ഹോട്ടലുകള്‍, ഓഫീസുകള്‍, താമസകേന്ദ്രങ്ങള്‍, മനോരഞ്ചക കേന്ദ്രങ്ങള്‍ തുടങ്ങിയവയാണുണ്ടാകുക. സീബില്‍ 10 ലക്ഷം ചതുരശ്രയടി ഭൂമിയിലാണ് ഒമാന്‍ പേള്‍ നിര്‍മിക്കുന്നത്. ഏഴ് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി ആയിരം സ്വദേശികള്‍ക്ക് തൊഴിലവസരം നല്‍കും. എണ്ണ വിലയിടിവിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഫണ്ടിംഗോടെയാണ് പദ്ധതി പൂര്‍ത്തിയാക്കുകയെന്ന് പ്രൊജക്ട് ചെയര്‍മാന്‍ ഫ്രാങ്ക്‌ജെ ഡ്രോഹാന്‍ പറഞ്ഞു. ഇതിനായി യുഎസ്, യൂറോപ്പ്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സ്വകാര്യ സംരംഭകരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം ഒമാനിലെ പ്രാദേശിക പത്രത്തോട് പറഞ്ഞു. 2014 ലാണ് ഒമാജിന്‍ ഒമാന്‍ ഗവണ്‍മെന്റുമായി ഈ വന്‍കിട ടൂറിസം പദ്ധതിക്കായി ധാരണാ പത്രം ഒപ്പിട്ടത്. പണി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമായിഇത് മാറുമെന്നാണ് പ്രതീക്ഷ.