ഒരു വാക്കിന്റെ വില രണ്ടര ലക്ഷം! മൂന്ന് മാസം ജയിലും

Posted on: July 14, 2016 3:10 pm | Last updated: July 14, 2016 at 3:10 pm
SHARE

ഖോര്‍ഫുകാന്‍: അസ്ഥാനത്ത് ഉപയോഗിച്ച കേവലം ഒരു വാക്കിന് വിലയായി  യുഎഇയില്‍ യുവാവ് നല്‍കേണ്ടിവന്നത് രണ്ടര ലക്ഷം ദിര്‍ഹം. പുറമെ മൂന്നു മാസത്തെ ജയില്‍ ശിക്ഷയും. നവമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ അവിവേകം കാരണമായി കുറിച്ച ഖോര്‍ഫുകാനില്‍ താമസക്കാരനായ സ്വദേശി യുവാവിനാണ് ഖോര്‍ഫുകാരന്‍ ക്രിമിനല്‍ കോടതി രണ്ടര ലക്ഷം പിഴയൊടുക്കാനും പുറമെ മൂന്നു മാസം ജയില്‍ശിക്ഷയനുഭവിക്കാനും വിധിച്ചത്. സ്വദേശി തന്നെയാണ് പരാതിക്കാരന്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തതിന് ഒറ്റവാക്കില്‍ കമന്റിട്ടതാണ് പ്രതിക്ക് വിനയായത്. സംസ്‌കാര ശൂന്യവും പരാതിക്കാരന്റെ മാനം ഹനിക്കുന്നതുമായ പദമാണ് അയാളുടെ ചിത്രത്തിന് താഴെ പ്രതി കമന്റ് ചെയ്തത്. മാനഹാനി നേരിട്ട് സ്വദേശി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

പ്രതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത പോലീസിനോട് പ്രതി കുറ്റം നിഷേധിക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ തെളിവ് നിരത്തി പ്രതിയെ ബോധ്യപ്പെടുത്തി. പിടിച്ചുനില്‍ക്കാന്‍ രക്ഷയില്ലാതെ, തന്റെ ഫോണെടുത്ത് കുഞ്ഞു സഹോദരന്‍ ഒപ്പിച്ച വേലയാണെന്നായി പ്രതി. പോലീസ് കേസ് കോടതിയിലേക്ക് മാറ്റി. കോടതി വിചാരണക്കിടെ വീണ്ടും കുറ്റം നിഷേധിച്ച പ്രതിക്കെതിരെ സാങ്കേതിക തെളിവുകള്‍ സാക്ഷി പറഞ്ഞു. അവസാനം, വഴിവിട്ട ഒരൊറ്റ വാക്കിന് വിലയായി രണ്ടര ലക്ഷം നല്‍കാന്‍ വിധി. പുറമെ മൂന്ന് മാസം ജയില്‍ ശിക്ഷയും. എന്നാല്‍ വിധി തനിക്ക് സ്വീകാര്യമല്ലെന്ന് പറഞ്ഞ പ്രതി കോടതിയില്‍ അപ്പീല്‍ സമര്‍പിച്ചു. അപ്പീല്‍ സ്വീകരിച്ച കോടതി ഈ മാസം 19ന് കേസ് കൂടുതല്‍ വാദത്തിനായെടുക്കും.