എം.കെ ദാമോദരനെ പരസ്യമായി പിന്തുണച്ച് മുഖ്യമന്ത്രി

Posted on: July 14, 2016 11:51 am | Last updated: July 14, 2016 at 5:27 pm
SHARE

pinarayiതിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ അഡ്വ. എം.കെ ദാമോദരനെ പരസ്യമായി പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എം.കെ ദാമോദരന്‍ നിയമോപദേശകനായി പ്രവര്‍ത്തിക്കുന്നത് പ്രതിഫലം പറ്റിയല്ല. അതിനാല്‍ ഏതെങ്കിലും കേസുകള്‍ ഏറ്റെടുക്കുന്നതിന് അദ്ദേഹത്തിന് തടസമില്ല. ഏതു കേസ് ഏറ്റെടുക്കണം തള്ളണം എന്നത് എം.കെ ദാമോദരന്റെ തീരുമാനമാണെന്നും പിണറായി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ ദാമോദരന്‍, സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായതിനെതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ദാമോദരന്‍ ജിഷയുടെ കൊലയാളിക്കുവേണ്ടിയും ഹാജരാകുമോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഇതിനു മറുപടിയായിട്ടാണ് ദാദോമരനെ പിന്തുണച്ച് മുഖ്യമന്ത്രി സംസാരിച്ചത്. വിവാദവിഷയത്തിലെ മുഖ്യമന്ത്രിയുടെ ആദ്യപ്രതികരണമാണിത്. മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ കോടതിയില്‍ ഹാജരായ വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷനിലൂടെയാണ് നിയമസഭയില്‍ ഉന്നയിച്ചത്.

മാര്‍ട്ടിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉത്തരവിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദാമോദരന്‍ ഹാജരായത്. ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് മാര്‍ട്ടിനെതിരായ 23 കേസുകള്‍ സിബിഐ എഴുതിത്തള്ളിയതിനെതിരെ ഇടതു സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ഹരജി നല്‍കിയിരുന്നു. ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മാര്‍ട്ടിനുവേണ്ടി ദാമോദരന്‍ തുടര്‍ച്ചയായി ഹാജരായതു വിവാദമായിരുന്നു.

അതേ സമയം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ അഞ്ചു കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപി പദവിയില്‍ ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു.

ശ്രീധരന്‍നായര്‍ ഡയറക്ടറായ സ്വകാര്യസ്ഥാപനത്തിന്റെ ഭൂമി മറ്റ് ഡയറക്ടര്‍മാരറിയാതെ പണയപ്പെടുത്തി അഞ്ചു കോടി രൂപ വായ്പയെടുത്തെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഡയറക്ടര്‍മാരിലൊരാളായ മുന്‍ ഡിഎംഒ ഡോ.കെ.ആര്‍.വാസുദേവനാണ് ഹരജി സമര്‍പ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശ്രീധരന്‍ നായര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ രൂക്ഷമായ വിമര്‍ശനം നടത്തിയത്.

ഡിജിപിക്കെതിരെ നിലവില്‍ കേസുകളൊന്നുമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. മഞ്ചേരി ശ്രീധരന്‍ നായരെ അതുകൊണ്ട് തന്നെ പദവിയില്‍നിന്നു മാറ്റേണ്ട കാര്യമില്ല. വായ്പ എടുക്കുകയെന്നത് കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡ് എടുത്ത തീരുമാനമാണ്. വായ്പ അപേക്ഷയില്‍ ഒപ്പിട്ട ഏഴ്‌പേരില്‍ ഒരാള്‍ മാത്രമാണ് മഞ്ചേരി ശ്രീധരന്‍ നായരെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.