Connect with us

Kerala

ഷിബി ഇറാനിലേക്ക് കടന്നെന്ന് സൂചന; പാലക്കാട്ട് നിന്ന് കാണാതായവരുടെ ഇസില്‍ ബന്ധം സ്ഥിരീകരിച്ചില്ല

Published

|

Last Updated

പാലക്കാട്: കഞ്ചിക്കോട് നിന്ന് കാണാതായ ഷിബി ഇറാനിലേക്ക് കടന്നതായി സൂചന. ഹൈദരാബാദിലെ ഇറാന്‍ കോണ്‍സുലേറ്റ് മുഖേനയാണ് യാത്രാ നടപടികള്‍ ക്രമീകരിച്ചത്. ഈസയും യഹ്‌യയും താമസിച്ചിരുന്ന യാക്കരയിലെ വീടും അന്വേഷണസംഘം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. മതപഠനത്തിന് ഒമാനിലേക്ക് പോകുന്നതായി വീട്ടുകാരെ വിശ്വസിപ്പിച്ച് കഴിഞ്ഞ ജൂണ്‍ ആദ്യവാരം നാടുവിട്ട കഞ്ചിക്കോട്ടെ ഷിബി ഇറാനിലെത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍. ഒരു മാസത്തെ തീര്‍ഥാടനവിസക്ക് അപേക്ഷിച്ചു.

ഇറാനിലെ പ്രധാന അഞ്ചുസ്ഥലങ്ങള്‍ കാണുതിന് വേണ്ടിയാണ് സന്ദര്‍ശനമെന്നായിരുന്നു അപേക്ഷയുടെ ഉളളടക്കം. ഇത്തരത്തില്‍ അപേക്ഷ തയ്യാറാക്കിയതിന്റെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ബെംഗളുരു വിമാനത്താവളം വഴി രാജ്യം വിട്ടെന്നാണ് ആദ്യനിഗമനം. പോകുന്ന സ്ഥലത്ത് മതപരമായി ജീവിക്കാനും പഠനം നടത്താനും അവസരം ലഭിച്ചാല്‍ തിരിച്ചുവരില്ലെന്നുമുളള സന്ദേശം ബന്ധുക്കളില്‍ ഒരാള്‍ക്ക് ലഭിച്ചതായും വിവരം ലഭിച്ചു. അതേസമയം ഷിബിയുടെ സുഹൃത്തുക്കളായ ഈസയും യഹിയയും താമസിച്ചിരുന്ന യാക്കരയിലെ വീട്ടില്‍ അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ മതപഠനവുമായി ബന്ധമുളള പുസ്തകങ്ങളാണ് കാണാനായത്. കാസര്‍ക്കോട്ടെ തൃക്കരിപ്പൂര്‍, പടന്ന എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ വിവിധ മതപഠനഗ്രന്ഥങ്ങള്‍ യാക്കരയിലെ വീട്ടിലുണ്ട്.

ചില തെളിവുകള്‍ ലഭിച്ചെങ്കിലും പാലക്കാട് നിന്ന് കാണാതായവരില്‍ ആരും ഇറാനിലെത്തിയെന്ന് അന്വേഷണസംഘം സ്ഥിരീകരിക്കുന്നില്ല. അതേസമയം പാലക്കാട് നിന്ന് കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണം തുടങ്ങി. കാണാതായവരുടെ ബന്ധുക്കളുടെ വീട്ടിലെത്തി സംഘം വിവരങ്ങള്‍ ശേഖരിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോയുടെ പ്രതിനിധികള്‍ വരും ദിവസങ്ങളില്‍ ബന്ധുക്കളുടെ മൊഴിയെടുക്കും. പാലക്കാട് ഡിവൈ എസ് പി. എം കെ സുല്‍ഫീക്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കാണാതായതായി ആദ്യം പരാതി ലഭിച്ച യാക്കര സ്വദേശികളായ യഹിയ, ഈസ എന്നിവരെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. ഇവരുടെ മാതാപിതാക്കളില്‍ നിന്ന് വീട്ടിലെത്തി മൊഴിയെടുത്തു. യഹിയയും ഈസയും നേരത്തെ അയച്ച വാട്‌സ്ആപ് സന്ദേശങ്ങള്‍ പോലീസ് പരിശോധിച്ചു. ജില്ലക്ക് പുറത്ത് ഇവര്‍ക്ക് സംശയിക്കത്തക്ക ബന്ധങ്ങളുണ്ടോ എന്നും സംഘം അന്വേഷിക്കുന്നുണ്ട്. ഓരോ ദിവസവും ലഭിക്കുന്ന അന്വേഷണ വിവരങ്ങള്‍ അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന ഡി വൈ എസ് പിക്ക് കൈമാറും. ഇന്റലിജന്‍സ് ബ്യൂറോയുടെ അന്വേഷണത്തില്‍ പാലക്കാട് നിന്ന് കാണാതായവര്‍ക്ക് ഇതുവരെ ഐ എസ് ബന്ധം സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സിയായ റോയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. നേരത്തെ റോയുടെ പ്രതിനിധി യാക്കരയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വരും ദിവസങ്ങളിലും കൂടുതല്‍ പ്രതിനിധികള്‍ എത്തുമെന്നാണ് കരുതുന്നത്.

Latest