പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ നിര്‍മാണം: വിജിലന്‍സ് പരിശോധനക്ക് ശിപാര്‍ശ

Posted on: July 14, 2016 9:50 am | Last updated: July 14, 2016 at 9:50 am
SHARE

constructionകല്‍പ്പറ്റ:വയനാട്ടിലെ പരിസ്ഥിതി ദുര്‍ബല മേഖലകളിലെ ബഹുനില കെട്ടിട നിര്‍മാണം സംബന്ധിച്ച് വിജിലന്‍സ് പരിശോധനക്ക് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ജില്ലാ ദുരന്ത നിവാരണ സമിതിയോഗം തീരുമാനിച്ചു. കല്‍പ്പറ്റ കെ എസ് ആര്‍ ടി സി ഗ്യാരേജിന് സമീപം ദേശീയ പാതയോരത്ത് നിര്‍മാണത്തിലിരിക്കുന്ന ബഹുനിലകെട്ടിടം തകര്‍ന്ന് വീണ സാഹചര്യത്തിലാണ് നടപടി. ആദ്യഘട്ടത്തില്‍ ലക്കിടി, കല്‍പ്പറ്റ, മൂപ്പൈനാട് മേഖലകളിലാണ് പരിശോധന നടത്താന്‍ തീരുമാനമായത്.

ആവശ്യമായ രേഖയില്ലാതെയും ഭൂമിയുടെ പ്രത്യേകതകള്‍ കണക്കിലെടുക്കാതെയും ബഹുനില കെട്ടിടങ്ങള്‍ പണിയുന്നതിന് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു. നിയമ ലംഘനവും അനധികൃത നിര്‍മാണവും ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടികള്‍ സ്വീകരിക്കാത്ത ഉദ്യോസ്ഥര്‍ക്കെതിരെയും നടപടികളുണ്ടാകും. അനുമതിയില്ലാതെയും നിയമം ലംഘിച്ചും നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ക്കും വെള്ളം ,വൈദ്യുതി കണക്ഷന്‍ എന്നിവ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും.

പൊതു സ്ഥലങ്ങള്‍ കൈയേറിയും റോഡുകളില്‍ നിന്നും നിയമാനുസൃതമുള്ള അകലം പാലിക്കാതെയും പരിസരവാസികള്‍ക്ക് ഭീഷണിയാകുന്നതുമായ കെട്ടിടനിര്‍മാണം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ദുരന്ത നിവാരണ സമിതിയെ അറിയിക്കണം.വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും ചെങ്കുത്തായ സ്ഥലങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.

തഹസില്‍ദാര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, എല്‍ എസ് ജി ഡി എന്‍ജിനീയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അപകട ഭീഷണിയുയര്‍ത്തുന്ന കെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ജില്ലയിലെ ഏതെങ്കിലും പ്രദേശങ്ങളിലുണ്ടോ എന്ന് പരിശോധിച്ച് ഒരാഴ്ചക്കകം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. റോഡിന്റെ വശങ്ങളിലും പൊതു സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അപടകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റുന്നതിന് റവന്യു- വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മഴക്കാല അപകടങ്ങള്‍ കുറക്കുന്നതിനായി ഡാമുകള്‍ തുറക്കുന്ന സമയങ്ങളില്‍ മീന്‍ പിടിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരും. 48 മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന സന്ദര്‍ങ്ങളില്‍ പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം.
മഴയുടെ തോത് കുറയുന്നത് വരെ ചെരിഞ്ഞ ഭൂപ്രദേശങ്ങളില്‍ ബഹുനില കെട്ടിടങ്ങള്‍ക്കോ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കോ മണ്ണെടുക്കുന്നത് നിര്‍ത്തിവെക്കാനും യോഗം നിര്‍ദേശിച്ചു.