Connect with us

Kerala

സി പി എമ്മിന്റെത് സംഘ്പരിവാര്‍ അജന്‍ഡകള്‍ക്ക് ചൂട്ടുപിടിക്കുന്ന സമീപനം: മുസ്‌ലിം യൂത്ത്‌ലീഗ്

Published

|

Last Updated

പി എം സാദിഖലി

കോഴിക്കോട്: സംഘ്പരിവാര്‍ അജന്‍ഡകള്‍ക്ക് ചൂട്ടുപിടിക്കുന്ന സമീപനമാണ് സി പി എമ്മിന്റെയും സി പി ഐ യുടെയും ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലിയും ജനറല്‍ സെക്രട്ടറി സി കെ സുബൈറും പറഞ്ഞു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ലീഗ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഡോ. സാക്കിര്‍ നായിക്കിനെ അകാരണമായി വേട്ടയാടുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കൊപ്പം നിലകൊള്ളുന്ന സമീപനമാണ് ഇടതു പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവന മുസ്്‌ലിം ലീഗ് നിലപാട് ശരിവെക്കുന്നതാണ്. എന്നാല്‍ നിരുത്തരവാദ പ്രസ്താവനകള്‍ ഇറക്കി സംഘ്പരിവാര്‍ അജന്‍ഡകള്‍ക്ക് പിന്തുണ നല്‍കാനാണ് കോടിയേരിയും കാനം രാജേന്ദ്രനും ശ്രമിച്ചത്. ഇരുവരും നടത്തിയ പ്രസ്താവനകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ആരെ പ്രീണിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് വ്യക്തമാണെന്നും അവര്‍ പറഞ്ഞു.
സാക്കിര്‍ നായിക്കിന്റെ ശൈലികളിലും രീതികളിലും അഭിപ്രായ വ്യത്യാസം ഉണ്ട്. അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികള്‍ ഏറ്റെടുക്കലല്ല മുസ്‌ലിം ലീഗിന്റെ ദൗത്യം. സാക്കിര്‍ നായിക്കിന് പൗരാവകാശം നിഷേധിക്കപ്പെടുന്നതിനെതിരെയാണ് ലീഗ് ശബ്ദിച്ചത്. അകാരണമായി അദ്ദേഹത്തെ വേട്ടയാടാന്‍ അനുവദിക്കുകയുമില്ല. കേന്ദ്ര സര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും അന്വേഷണത്തിന് മുമ്പെ അദ്ദേഹത്തെ കുറ്റവാളിയാക്കി പ്രഖ്യാപിക്കാനാണ് ശ്രമിച്ചത്. ഇതിനെതിരെയാണ് മുസ്‌ലിം ലീഗ് പ്രതികരിച്ചത്. ലീഗ് നിലപാടിനെതിരെ ആദ്യം മുന്നോട്ട് വന്നത് ബി ജെ പിയാണ്. ഇക്കാര്യത്തിലുള്ള ബി ജെ പിയുടെ അജന്‍ഡ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ സി പി എമ്മും, സി പി ഐയും ബി ജെ പിയുടെ താളത്തിനൊത്ത് തുള്ളുന്നതാണ് പിന്നീട് കണ്ടത്.
കേരളത്തില്‍ നിന്ന് കാണാതായവര്‍ക്ക് ഐ എസ് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ തെളിവൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ വാര്‍ത്തകള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണം. ഭീകരവാദ-തീവ്രവാദ നിലപാടുകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം ഗൗരവകരമായി തന്നെയാണ് മുസ്്‌ലിം യൂത്ത്‌ലീഗ് കാണുന്നത്. മുസ്്‌ലിം യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ക്യാമ്പയിനുകള്‍ കൂടുതല്‍ സജീവമാക്കാനും യൂത്ത്‌ലീഗ് തീരുമാനിച്ചു. ആഗസ്ത് ഒന്ന് ശിഹാബ് തങ്ങള്‍ അനുസ്മരണ ദിനത്തില്‍ സംസ്ഥാന വ്യാപകമായി സാമുദായിക ധ്രൂവീകരണത്തിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ഈ മാസം 16ന് ഞായറാഴ്ച കോഴിക്കോട്ട് ചര്‍ച്ച സംഗമം നടക്കും. 29ന് നടക്കുന്ന ഭാഷാ അനുസ്മരണ- ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചര്‍ച്ചയാകും.

Latest