ദക്ഷിണ ചൈനാ കടല്‍ മേഖല സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും: ബീജിംഗ്‌

Posted on: July 14, 2016 5:17 am | Last updated: July 14, 2016 at 12:18 am
SHARE

_86116941_86116938ആംസ്റ്റര്‍ഡാം/ബീജിംഗ്: ദക്ഷിണ ചൈനാ കടലില്‍ ചൈനക്ക് ചരിത്രപരമായ അധികാരമൊന്നുമില്ലെന്ന് ഹേഗ് കോടതിയുടെ സുപ്രധാന വിധിയെ തള്ളി ചൈന രംഗത്തെത്തി. ദക്ഷിണ ചൈനാ കടലിലെ തങ്ങളുടെ മേഖല സംരക്ഷിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. ഇവിടെ വ്യോമ പ്രതിരോധ മേഖല ഉണ്ടാക്കുന്നത് ചൈനയുടെ അവകാശമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി ലിയു സെന്‍മിന്‍ പറഞ്ഞു. ഹേഗ് കോടതി വിധി പുറത്തുവന്ന ഉടനെ ഇതിനെ തള്ളി ചൈന രംഗത്തെത്തിയിരുന്നു. ഫിലിപ്പൈന്‍സുമായുള്ള തര്‍ക്കം പരിഗണിക്കുന്ന ഹേഗിലെ ആര്‍ബിട്രേഷന്‍ കോടതി നടപടികള്‍ ബഹിഷ്‌കരിച്ച ചൈന, വിധി തങ്ങള്‍ അംഗീകരിക്കില്ലെന്നും കോടതിക്ക് മധ്യസ്ഥ ഇടപെടലിന് അവകാശമില്ലെന്നും പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ചൈന- ഫിലിപ്പൈന്‍ കടല്‍ത്തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തിനും സമുദ്ര താത്പര്യത്തിനും നേരെയുള്ള വെല്ലുവിളികള്‍ സൈന്യത്തെ ഉപയോഗിച്ച് നേരിടുമെന്ന ചൈനയുടെ പ്രഖ്യാപനം കൂടി വന്നതോടെ വിഷയം സംഘര്‍ഷഭരിതമാകുമെന്നും ഉറപ്പായി. കിഴക്കന്‍ ചൈനാ കടലില്‍ 2013ല്‍ ചൈന വ്യോമ പ്രതിരോധ മേഖല പ്രഖ്യാപിച്ചിരുന്നെങ്കിലും യു എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിന് അംഗീകാരം നല്‍കിയിരുന്നില്ല.
ചൈനയുടെ അവകാശവാദത്തിനെതിരെ 2013ല്‍ ഫിലിപ്പൈന്‍സ് നല്‍കിയ ഹരജിയിലാണ് അന്താരാഷ്ട്ര കോടതി വിധി പുറപ്പെടുവിച്ചത്. ദക്ഷിണ ചൈനാ കടലിലെയും പൂര്‍വ ചൈനാ കടലിലെയും മിക്കഭാഗവും തങ്ങളുടെതാണെന്നായിരുന്നു ചൈനയുടെ വാദം. ഈ പ്രദേശങ്ങള്‍ക്ക് ഫിലിപ്പൈന്‍സ് അടക്കമുള്ള ദക്ഷിണ പൂര്‍വേഷ്യയിലെ മറ്റ് രാജ്യങ്ങളും അവകാശമുന്നയിക്കുന്നുണ്ട്. എന്നാല്‍, തെക്കന്‍ ചൈനാ കടല്‍ തങ്ങളുടെതാണെന്ന് സ്ഥാപിക്കാന്‍ ചൈന കൊണ്ടുവന്ന നയന്‍- ഡാഷ് ലൈന്‍ എന്ന വ്യവസ്ഥ യു എന്‍ സമുദ്ര കണ്‍വെന്‍ഷന്‍ സംബന്ധിച്ച നിയമങ്ങള്‍ക്ക് എതിരാണെന്ന് കോടതി വ്യക്തമാക്കി. ചൈന ഉന്നയിക്കുന്ന അവകാശവാദത്തിന് നിയമപരമായ ഒരു അടിസ്ഥാനവും ഇല്ല. ദക്ഷിണ ചൈനാ കടല്‍, അവിടത്തെ പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയവ ചൈനയുടെ നിയന്ത്രണത്തിലായിരുന്നതിന് പ്രകടമായ ഒരു തെളിവും ഇല്ല. ഈ മേഖലയില്‍ ചൈന കൃത്രിമമായി ദ്വീപുകള്‍ പണിതത് കടലിലെ പവിഴപ്പുറ്റുകള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാക്കി. എണ്ണ, ധാതുക്കള്‍, മത്സ്യസമ്പത്ത് തുടങ്ങിയവയാല്‍ സമ്പന്നമായ മേഖലയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കേണ്ടിവരുമെന്നും 474 പേജുള്ള ഉത്തരവില്‍ പറയുന്നു.
ശാന്തസമുദ്രത്തിന്റെ ഭാഗമായ ദക്ഷിണ ചൈനാക്കടല്‍ സിംഗപ്പൂരും മലാക്ക കടലിടുക്കും മുതല്‍ തായ്‌വാന്‍ കടലിടുക്ക് വരെ 3,500,000 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നു. തിരക്കേറിയ കപ്പല്‍ ഗതാഗതത്തിന് പേരുകേട്ടതാണ് ഈ സമുദ്രം. അടിത്തട്ടിലുള്ള വന്‍ പെട്രോളിയം നിക്ഷേപവും ഈ സമുദ്രത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. അന്താരാഷ്ട്ര നിയമം അനുസരിച്ച് സ്വാഭാവിക ദ്വീപുകളുടെ തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെ അകലെയുള്ള പ്രദേശം അതത് രാജ്യത്തിന് സ്വന്തമാണ്. എന്നാല്‍, മുങ്ങിക്കിടക്കുന്ന ദ്വീപുകള്‍ക്ക് ഈ നിയമം ബാധകമല്ല. ഇതൊഴിവാക്കാന്‍ മണ്ണിട്ടുനികത്തി മണല്‍ത്തിട്ടകള്‍ ദ്വീപുകളാക്കി മാറ്റി സ്വന്തമാക്കാനാണ് ചൈന ശ്രമം നടത്തിയത്. ഇതിനാണ് അന്താരാഷ്ട്ര കോടതി വിധിയിലൂടെ ഇപ്പോള്‍ തിരിച്ചടി നേരിട്ടത്.