ഫലസ്തീന്‍ പൗരനെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ച് കൊന്നു

Posted on: July 14, 2016 5:16 am | Last updated: July 14, 2016 at 12:16 am
SHARE

ജറുസലം: ചെക്ക്‌പോയിന്റില്‍ കാറുമായി എത്തിയ 22കാരനായ ഫലസ്തീന്‍ പൗരന് നേരെ ഇസ്‌റാഈല്‍ സൈനികന്‍ വെടിയുതിര്‍ത്തു. പ്രകോപനപരമല്ലാതെ നടന്ന ഏകപക്ഷീയമായ ആക്രമണത്തില്‍ കാര്‍ ഓടിച്ചിരുന്ന അന്‍വര്‍ അല്‍ സലൈമഹ് എന്നയാള്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്നയാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍റാം ജില്ലയില്‍ ഇന്നലെ രാവിലെയാണ് സംഭവം.
കാര്‍ ചെക്ക്‌പോയിന്റിലെത്തിയപ്പോള്‍ വേഗത കൂടിയിരുന്നുവെന്നും ആക്രമണം നടക്കുമെന്ന് ഭയന്നാണ് വെടിയുതിര്‍ത്തതെന്നുമാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ മറുപടി. ദയനീയമായ ആക്രമണമാണ് നിരായുധനായ ഫലസ്തീന്‍ യുവാവിന് നേരെയുണ്ടായതെന്നും നവ വരനാണ് കൊല്ലപ്പെട്ട അന്‍വറെന്നും അല്‍റാം മുന്‍സിപ്പാലിറ്റി മേധാവി അലി മുസ്‌ലിമാനി വ്യക്തമാക്കി. അന്‍വറിനൊപ്പമുണ്ടായിരുന്ന 20കാരനായ സുഹൃത്ത് ഫാര്‍സ് ഖാദര്‍ അല്‍ റിശ്ക്കിനെ ജറുസലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന മറ്റൊരു യുവാവ് മുഹമ്മദ് നാസറിനെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നഗരസഭ മേധാവി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഇസ്‌റാഈല്‍ സൈന്യം വ്യാപകമായ അന്യായ അറസ്റ്റാണ് ഫലസ്തീന്‍ ജനതക്ക് നേരെ നടത്തുന്നത്. പ്രകോപനമില്ലാത്ത സാഹചര്യത്തില്‍ തന്നെ വെടിവെപ്പും ആക്രമണവും അഴിച്ചുവിടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. സാധാരണക്കാരുടെ വീടിന് നേരെയും കുട്ടികള്‍ക്ക് നേരെയും സൈന്യം ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നുണ്ട്.