മുന്‍ അംഗത്തെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പഞ്ചായത്ത് മെമ്പര്‍ അറസ്റ്റില്‍

Posted on: July 14, 2016 6:11 am | Last updated: July 14, 2016 at 12:11 am
SHARE

തൊടുപുഴ: പിന്നാക്ക വിഭാഗത്തില്‍പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് മെമ്പര്‍ അറസ്റ്റില്‍. കുമളി ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായിരുന്ന എസ് സി വിഭാഗത്തില്‍പെട്ട യുവതിയെ അഞ്ചുവര്‍ഷമായി പീഡിപ്പിച്ചുവന്നിരുന്ന കുമളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം വെള്ളാരംകുന്ന് നടുപ്പറമ്പില്‍ ബിനോയി കുര്യന്‍(43)ആണ് കട്ടപ്പന ഡി വൈ എസ് പിക്കു മുമ്പില്‍ കീഴടങ്ങിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന ഒരു കുട്ടിയുടെ മാതാവായ 37 കാരിയെ ഭാര്യയും രണ്ടു കുട്ടികളുമുള്ള ബിനോയി പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായപ്പോള്‍ മൂന്നുതവണ കമ്പത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. ബിനോയിയുടെ വീട്ടിലും കുമളി ഹോളിഡേ ഹോമിനു സമീപമുള്ള രണ്ട് വാടക വീടുകളിലും യുവതിയുടെ വീട്ടിലുമാണ് പീഡനം നടന്നത്. യുവതി പഞ്ചായത്തംഗമായിരുന്നപ്പോള്‍ ബിനോയി കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരുവരും മത്സരിച്ചെങ്കിലും ബിനോയി മാത്രമാണ് ജയിച്ചത്. ജൂണ്‍ 14 ന് യുവതി കുമളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും പീരുമേട് കോടതിയില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ ബിനോയി ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഇത് തള്ളിയതോടെയാണ് കീഴടങ്ങിയത്.