Connect with us

National

പ്രത്യേക ബജറ്റ് ഒഴിവാക്കണം: കേന്ദ്ര റെയില്‍മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: റെയില്‍വേക്ക് മാത്രമായുള്ള പ്രത്യേക ബജറ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചു. റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ചേര്‍ത്താല്‍ മതിയെന്ന നിര്‍ദേശം മുന്നോട്ട് വെച്ചാണ് കത്തയച്ചിരിക്കുന്നത്. 92 വര്‍ഷക്കാലമായി തുടരുന്ന റെയില്‍വേ പ്രത്യേക ബജറ്റ് ഒഴിവാക്കണമെന്ന ആവശ്യമാണ് മന്ത്രി ഉന്നയിച്ചത്. ഇത് റെയില്‍വേക്ക് മേലുള്ള രാഷ്ട്രീയ സമ്മര്‍ദം ഒഴിവാക്കുന്നതിനും സമഗ്രമായ ദേശീയ ഗതാഗത നയം രൂപവത്കരിക്കുന്നതിനും സഹായകമെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ജൂണിലാണ് ഇതാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നെന്നും എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ റെയില്‍വേക്ക് പ്രത്യേക ബജറ്റെന്ന രീതി മാറ്റണമെന്ന് നീതി ആയോഗ് അംഗം ബിബേക് ഡിബ്രോയിയും ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ വകുപ്പ് മെച്ചപ്പെടുത്താനുള്ള ബൃഹത് പദ്ധതികള്‍ക്കു പകരം പുതിയ പാതകളും ട്രെയിനുകളും സര്‍വ്വീസുകളും ആരംഭിക്കുന്നത് പ്രഖ്യാപിക്കാനുള്ള ഒഴു വഴി മാത്രമായി മാറിയിരിക്കുന്നുവെന്ന് ഇതാവശ്യപ്പെട്ട് ഡിബ്രോയി പരാമര്‍ശിച്ചിരുന്നു.
നിര്‍ദേശം നടപ്പായാല്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ റെയില്‍വേക്ക് മാത്രമായി പ്രത്യേക ബജറ്റ് ഉണ്ടാകില്ല. 1924-25 സാമ്പത്തിക വര്‍ഷത്തിലാണ് റെയില്‍വേ ബജറ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. സാമ്പത്തിക നഷ്ടമാണ് റെയില്‍വെക്ക് മാത്രമായി പ്രത്യേക ബജറ്റ് ആവശ്യമില്ല എന്ന നിഗമനത്തിലെത്താന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Latest