എല്‍ ഡി ക്ലര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടണമെന്ന് ആവശ്യം

Posted on: July 14, 2016 6:00 am | Last updated: July 13, 2016 at 11:56 pm
SHARE

കോഴിക്കോട്: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിക്കല്‍ പ്രായം 60 വയസ്സാക്കിയ പശ്ചാത്തലത്തില്‍ എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ ആവശ്യം. കമ്മീഷന്‍ അംഗം പി മോഹനദാസിന്റെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ ഒരു സംഘം ഉദ്യോഗാര്‍ഥികളാണ് ഈ ആവശ്യം ഉന്നയിച്ചത്. ജനറല്‍ വിഭാഗത്തിന് നിലവിലുള്ള 36 വയസ്സിന് പകരം 39ഉം സംവരണ വിഭാഗങ്ങള്‍ക്ക് 39ന് പകരം 42ഉം ആക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പി എസ് സി സെക്രേട്ടറിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ഗവ. റസ്റ്റ് ഹൗസില്‍വച്ച് നടന്ന സിറ്റിംഗില്‍ 60 കേസുകള്‍ പരിഗണിച്ചു. ഇവയില്‍ 20 കേസുകള്‍ വിധിപറയാന്‍ മാറ്റി. നാല് കേസുകളില്‍ നടപടികള്‍ അവസാനിപ്പിച്ചു. പുതിയ രണ്ട് പരാതികള്‍ സിറ്റിംഗില്‍ ലഭിച്ചു. കോഴിക്കോട് ഡെന്റല്‍ കോളജില്‍ താത്കാലികാടിസ്ഥാനത്തില്‍ എല്‍.ഡി ക്ലര്‍ക്കായി ജോലി ചെയ്ത വടകര പുത്തൂര്‍ സ്വദേശി ബിന്ദു നല്‍കിയ പരാതിയും വിധിപറയാനായി മാറ്റിയവയില്‍ ഉള്‍പ്പെടും.