കേന്ദ്രസര്‍വകലാശാലക്കെതിരെ സി ബി ഐ കുറ്റപത്രം നല്‍കി

Posted on: July 14, 2016 6:00 am | Last updated: July 13, 2016 at 11:54 pm
SHARE

കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ സെക്യൂരിറ്റി നിയമനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതികളായ ഡെപ്യൂട്ടി രജിസ്ട്രാര്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം നല്‍കി. ഫിനാന്‍സ് വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ വടകരയിലെ കെ രാജീവന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ തിരുവനന്തപുരത്തെ ശങ്കര ഗോപിനാഥ്, സര്‍വകലാശാലയിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ റിക്രൂട്ട് ചെയ്തിരുന്ന മാതാ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തിപ്പുകാരന്‍ രാഘവന്‍ എന്ന രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് സി ബി ഐ കൊച്ചി യൂനിറ്റ് എറണാകുളത്തെ പ്രത്യേക സി ബി ഐ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
സെക്യൂരിറ്റി നിയമനത്തിന്റെ പേരില്‍ ഇവര്‍ 2010 മുതല്‍ പ്രതിമാസം രണ്ടര ലക്ഷം രൂപ വീതം കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്ന് കൈക്കലാക്കിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കി. ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചു കാട്ടിയും ശമ്പളം നല്‍കിയെന്ന് വ്യാജരേഖയുണ്ടാക്കിയുമാണ ് പണം തട്ടിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. സര്‍വകലാശാല ഓഫീസില്‍ നിന്നുമാണ് തട്ടിപ്പിനുപയോഗിച്ച രേഖകള്‍ സി ബി ഐ കണ്ടെത്തിയത്. പ്രതികളുടെ വീടുകളിലും പരിശോധന നടന്നിരുന്നു. കേന്ദ്രസര്‍വ്വകലാശാലയുടെ കീഴിലുള്ള സ്ഥലം കൃത്രിമരേഖകളുണ്ടാക്കി വില്‍പ്പന നടത്തിയെന്ന പരാതി സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.