സംസ്ഥാന ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങള്‍:  ഹജ്ജ് ഹൗസ് നവീകരിക്കും

Posted on: July 14, 2016 12:48 am | Last updated: July 13, 2016 at 11:50 pm
SHARE

thomas isacതിരുവനന്തപുരം: തോട്ടം മേഖലക്കായി സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരുടെ തുടര്‍ച്ചികിത്സക്ക് മരുന്നുകള്‍ വില കുറച്ച് ലഭ്യമാക്കുന്നതിന് പ്രത്യേക സംവിധാനവും ബജറ്റിന്റെ ഭാഗമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയുമ്പോഴായിരുന്നു കൂടുതല്‍ പ്രഖ്യാപനങ്ങള്‍. വഖഫ് ബോര്‍ഡിന് രണ്ട് കോടി രൂപ ഗ്രാന്റ് നല്‍കും. അന്യാധീനപ്പെട്ടുകിടക്കുന്ന വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനാവശ്യമായ തുക അനുവദിക്കും. ഹജ്ജ് ഹൗസ് നവീകരിക്കുന്നതിന് ഒരു കോടി രൂപ നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
കരള്‍ രോഗം, പക്ഷാഘാതം, ബ്രെയിന്‍ ട്യൂമര്‍ തുടങ്ങിയ രോഗങ്ങള്‍ക്കും നിലവിലുള്ള പരിധിക്കകത്ത് നിന്ന് കാരുണ്യയില്‍ നിന്നുള്ള സഹായം ലഭ്യമാക്കും. പ്ലാന്റേഷന്‍ മേഖലയില്‍ പഴഞ്ചന്‍ ന്യായങ്ങള്‍ മാറ്റി എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും വീട് വെച്ചുല്‍കുന്നതിന് സ്‌കീം തയ്യാറാക്കും. ഇതിനുള്ള ഫണ്ട് ഇ എം എസ് പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ഹൈടെക് ആക്കുന്ന പദ്ധതിയുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായ പുതുക്കാട്, തളിപ്പറമ്പ്, ആലപ്പുഴ, കോഴിക്കോട് നോര്‍ത്ത് എന്നിവിടങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ അടുത്ത മാസം തന്നെ ഈ പദ്ധതി ആരംഭിക്കും. ഇതിന്റെ അനുഭവം കൂടി കണക്കിലെടുത്താകും ഡിസംബറിനുള്ളില്‍ മറ്റെല്ലാ സ്‌കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കുക.
കക്ക തൊഴിലാളി സഹകരണ സംഘങ്ങളില്‍ നിന്ന് ഈടാക്കുന്ന റോയല്‍റ്റി ഈ സംഘങ്ങള്‍ പുനരുദ്ധരിക്കാനും തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കും. പീലിംഗ് തൊഴിലാളികളെ മത്സ്യാനുബന്ധ തൊഴിലാളികളുടെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുകയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.
വയനാട്ടിലെ പ്രൈമറി സ്‌കൂളുകളില്‍ ഒരു ആദിവാസി സ്ത്രീയെ നിയമിക്കും എന്നത് ആദിവാസി അധ്യാപികയെ എന്നാക്കും. അധികമായി പി ജി കോഴ്‌സുകള്‍ അനുവദിക്കുന്ന പ്ലാന്റേഷന്‍ മേഖലയിലെ കോളജുകളില്‍ മാനന്തവാടി സര്‍ക്കാര്‍ കോളജും ഉള്‍പ്പെടുത്തും. വയനാട്ടിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളജുകള്‍ക്ക് അനുവദിച്ച 41 കോടി രൂപ തീരുന്ന മുറക്ക് അധിക പണം അനുവദിക്കും. വയനാട്ടില്‍ മെഗാ ഫുഡ്പാര്‍ക്ക് നിര്‍മിക്കും. വള്ളംകളികള്‍ക്കായി രണ്ട് കോടി രൂപ വകയിരുത്തി. ചമ്രവട്ടം റെഗുലേറ്ററിന്റെ ചോര്‍ച്ച അടച്ച് പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ തുക നല്‍കും.
മേഴ്‌സിക്കുട്ടന്‍ അക്കാദമിക്ക് 50 ലക്ഷം രൂപയും കൊച്ചി ബിനാലേക്ക് ഏഴ് കോടി രൂപയും നല്‍കും. ഇതിനു പുറമെ സ്ഥിരം വേദി നിര്‍മ്മിക്കുന്നതിന് വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പണം അനുവദിക്കും. എസ് എസി എസ് ടി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ക്രസ്റ്റിന്റെ കാമ്പസ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് 15 കോടി രൂപ വകയിരുത്തും. ഗാന്ധി സേവാസദനം കഥകളി ക്ലാസിക് ആര്‍ട്‌സ് അക്കാദമിയുടെ വാര്‍ഷിക ഗ്രാന്റ് 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്തും. തിരുവനന്തപുരം പ്രസ് ക്ലബിലെ മീഡിയ മാനേജ്‌മെന്റ് ആന്‍ഡ് ജേണലിസ്റ്റ്‌സ് ട്രെയിനിംഗ് സെന്ററിന് 25 ലക്ഷം രൂപ നല്‍കും. ആലപ്പുഴയിലെ ദേശീയ ഗെയിംസ് റോവിംഗ് ട്രാക്ക് സ്ഥിരം വേദിയായി സംരക്ഷിക്കാനും പരിശീലനത്തിനായി വരുന്നവര്‍ക്ക് താമസിക്കാനുമുള്ള ഹോസ്റ്റലും നിര്‍മിക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് 10 കോടി രൂപ നല്‍കും.
ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് 25 കോടി രൂപ. അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെ ഫഌറ്റ് സമുച്ചയത്തിന് പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് 15 കോടി രൂപ. കടല്‍ത്തീര സംരക്ഷണത്തിന് ഓരോ പ്രദേശത്തും ഉചിതമായ നടപടി സ്വീകരിക്കാന്‍ 50 ലക്ഷം രൂപ. ഇ എം എസ് വേദപഠനം നടത്തിയ തൃശൂര്‍ ബ്രഹ്മസ്വം മഠത്തിന് ഒരു കോടി രൂപ നല്‍കും.
ശുചിത്വ ക്യാമ്പയിന്‍ സംഘാടനത്തിനായി ശുചിത്വമിഷന് 15 കോടി രൂപ നല്‍കും.