മദ്യനയവും കണക്കുകളും

Posted on: July 14, 2016 6:00 am | Last updated: July 13, 2016 at 11:45 pm
SHARE

SIRAJ‘നുണ മൂന്ന് തരമാണ്. ഒന്ന് സാധാരണ നുണ, രണ്ട് പെരും നുണ. സ്ഥിതിവിവരക്കണക്കുകളാണ് മൂന്നാമത്തേത്’ ഒരു ചിന്തകന്റെ ഈ വാക്കുകളെ ശരിവെക്കുന്നതാണ് സംസ്ഥാനത്തെ മദ്യനയവുമായി ബന്ധപ്പെട്ടു പുറത്തു വന്നുകൊരിക്കുന്ന കണക്കുകള്‍. പത്ത് വര്‍ഷത്തിനകം സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ പുതിയ മദ്യനയം കൊണ്ടുവന്നത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ ഫൈവ് സ്റ്റാറുകളല്ലാത്ത ബാറുകളെല്ലാം അടച്ചുപൂട്ടുകയും ഇത് സംസ്ഥാനത്ത് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി ഔദ്യോഗക കണക്കുകളെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. 2013-14നെ അപേക്ഷിച്ചു 2014-15ല്‍ സംസ്ഥാനത്തെ മദ്യോപയോഗത്തില്‍ 2,61,50,075 ലിറ്ററിന്റെ കുറവുണ്ടായതായി കഴിഞ്ഞ വര്‍ഷം ജൂലൈ 10ന് കൊച്ചിയില്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പ്രസ്താവിച്ചു. ഇത് ഗാര്‍ഹിക, സാമൂഹികാന്തരീക്ഷത്തില്‍ ആശാവഹമായ മാറ്റങ്ങളുണ്ടായതായും ഗാര്‍ഹിക പീഡനവും കുറ്റകൃത്യങ്ങളും വാഹനാപകടങ്ങളും ഗണ്യമായി കുറഞ്ഞതായും അദ്ദേഹം അറിയിച്ചു. ഈ മാറ്റങ്ങള്‍ വേണ്ടത്ര ചര്‍ച്ചക്ക് വിധേയമാക്കാത്തതിനെ അദ്ദേഹം വിമര്‍ശിക്കുകയുമുണ്ടായി. ഈ പ്രസ്താവനയെ ശരിവെക്കുന്നതായിരുന്നു കഴിഞ്ഞ വര്‍ഷം അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍. ബാറുകള്‍ അടച്ച ശേഷം സംസ്ഥാനത്ത് മദ്യം മൂലമുള്ള സംഘട്ടനങ്ങളില്‍ 36 ശതമാനത്തിന്റെയും ഗാര്‍ഹിക പീഡനങ്ങളില്‍ 31 ശതമാനത്തിന്റെയും കുറവുണ്ടായെന്നായിരുന്നു വെളിപ്പെടുത്തല്‍.
കഴിഞ്ഞ വര്‍ഷം ഇടുക്കിയിലെ മൂലമറ്റം സെന്റ് ജോസഫ് കോളജിലെ സാമൂഹിക പഠന വിഭാഗത്തിലെ അധ്യാപകരും വിദ്യാര്‍ഥികളും ഇടുക്കി കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലും ബാറുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് മദ്യലഭ്യത കുറഞ്ഞതോടെ പല മദ്യപാനികളുടെയും കുടുംബത്തോടുള്ള പെരുമാറ്റത്തില്‍ മാറ്റം വന്നതായും കുടുംബാവശ്യത്തിന് അവര്‍ നേരത്തെ ചെലവിട്ടതിനേക്കാളും കൂടുതല്‍ തുക വിനിയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. ജോലിക്ക് വൈകിയെത്തിയിരുന്ന പലരം കൃത്യസമയത്ത് ഹാജറാകുന്നതായും പഠനം വെളിപ്പെടുത്തി. മദ്യലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് രാവിലെയുള്ള മദ്യപാനം ഉപേക്ഷിച്ചതാണ് ജോലിയില്‍ കൃത്യ സമയം പാലിക്കാന്‍ സഹായകമായതെന്ന് പലരും വെളിപ്പെടുത്തി. മദ്യം നിരോധിക്കുന്നത് ആളുകള്‍ മറ്റു ലഹരി വസ്തുക്കളെ ആശ്രയിക്കാന്‍ ഇടയാക്കുമെന്ന ആശങ്ക അസ്ഥാനത്താണെന്നും പഠനം കണ്ടെത്തി. പുതിയ മദ്യനയത്തെ തുടര്‍ന്ന് കുടി നിര്‍ത്തിയവരില്‍ ക്രമേണ എല്ലാ തരം ലഹരിയോടും താത്പര്യം കുറഞ്ഞുവരുന്നതായാണ് അനുഭവപ്പെട്ടത്.
അതേ സമയം മദ്യനയം ഫലം ചെയ്തില്ലെന്നാണ് ഇപ്പോഴത്തെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറയുന്നത്. ബാറുകള്‍ പൂട്ടിയതിന് ശേഷം സംസ്ഥാനത്ത് ലഹരി ഉപയോഗത്തില്‍ എഴുപത് ശതമാനം വര്‍ധനവാണുണ്ടായതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. റെയില്‍, റോഡ്, വിമാനം വഴിയെല്ലാം സംസ്ഥാനത്തേക്ക് ലഹരി വസ്തുക്കള്‍ എത്തിക്കൊണ്ടിരിക്കയാണെന്നും സ്‌കൂള്‍ പരിസരങ്ങളില്‍ ഇവയെല്ലാം വ്യാപകമാണെന്നും അദ്ദേഹം പറയുന്നു. കണക്കുകളെ ആധാരമാക്കി തന്നെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയും.എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും കഴിഞ്ഞ ദിവസം സമാന പ്രസ്താവന നടത്തിയിരുന്നു. കഴിഞ്ഞ യു ഡി എഫ് നയത്തില്‍ അവരുടെ നയങ്ങള്‍ക്കനുസൃതമായും പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ അവരുടെ രാഷ്ട്രീയ താത്പര്യത്തിന് അനുയോജ്യമായും സ്ഥിതി വിവരക്കണക്കുള്‍ വരുന്നതിന്റെ പിന്നിലെ രഹസ്യമെന്താണ്?
അധികാരത്തിലേറിയാല്‍ യു എഡി എഫ് സര്‍ക്കാറിന്റെ മദ്യനയം തിരുത്തുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ എല്‍ ഡി എഫ് നേതൃത്വത്തിന്റെ പ്രഖ്യാപനം. ഇത് സ്ത്രീ വോട്ടര്‍മാര്‍ മുന്നണിയെ കൈയൊഴിയാന്‍ ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നതോടെ ദേശീയ നേതൃത്വം ഇടപെടുകയും പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും തിരുത്തുകയുമുണ്ടായി. എന്നാല്‍ അധികാരത്തിലേറിയതോടെ ബാറുകള്‍ തുറക്കാനുള്ള നീക്കത്തിലാണോ സര്‍ക്കാര്‍ എന്ന് സന്ദേഹിപ്പിക്കുന്ന തരത്തിലാണ് ഇതു സംബന്ധിച്ച ബന്ധപ്പെട്ടവരുടെ പ്രസ്താനകള്‍ വന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാറിന്റെ ഈ പുതിയ നിലപാടിനെ സാധൂകരിക്കാനാണോ ബാര്‍ പൂട്ടിയത് സമൂഹത്തില്‍ ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ലെന്ന പുതിയ പ്രസ്താവനകളുടെ പിന്നില്‍? മദ്യലഭ്യത ഉദാരമാക്കാനുള്ള നീക്കമാണ് നടക്കുന്നതെങ്കില്‍ അത് ജനവിരുദ്ധവും സി പി എം കേന്ദ്ര നേതൃത്വം ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പിന്റെ ലംഘനവുമാണ്. രാഷട്രീയ താത്പര്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ചു സ്ഥിതിവിവരക്കണക്കുകള്‍ മാറുന്ന പ്രവണത ജനങ്ങള്‍ക്ക് അതിലള്ള വിശ്വാസം നഷ്ടപ്പെടുത്താന്‍ ഇടയാക്കുകയും ചെയ്യും.