ദക്ഷിണ സുഡാന്‍: നവ സാമ്രാജ്യത്വത്തിന്റെ ഇര

സുഡാനോടുള്ള ആശ്രിതത്വം ഒഴിവാക്കാന്‍ വഴിയുണ്ടെന്ന് വ്യാമോഹിപ്പിച്ചാണ് ദക്ഷിണ സുഡാനെന്ന ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രത്തെ പാശ്ചാത്യ ശക്തികള്‍ നട്ടുപിടിപ്പിച്ചത്. എണ്ണ എത്യോപ്യയില്‍ എത്തിച്ച് ശുദ്ധീകരിക്കാമെന്നായിരുന്നു ഒരു വാഗ്ദാനം. സ്വന്തമായി റിഫൈനറികള്‍ സ്ഥാപിച്ചു നല്‍കുമെന്നും പറഞ്ഞിരുന്നു. ഒന്നും നടന്നില്ല. പകരം എണ്ണ സമ്പത്ത് തുച്ഛ വിലക്ക് വന്‍ ശക്തികള്‍ കൈക്കലാക്കുന്നു. നവ സാമ്രാജ്യത്വത്തിന്റെ കുതന്ത്രങ്ങളാണ് ഏറ്റവും വേഗം വളരുന്ന ആഫ്രിക്കന്‍ രാജ്യമെന്ന് ഖ്യാതി കേട്ട സുഡാനെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ഇന്ന് ലോകത്തെ ഏറ്റവും അശാന്തമായ ഭൂവിഭാഗമാണ് ദ.സുഡാന്‍. ഏറ്റവും ഉയര്‍ന്ന ശിശു മരണ നിരക്ക്, ഏറ്റവും കടുത്ത ദാരിദ്ര്യം. ഉത്തര സുഡാനുമായുള്ള എണ്ണ പങ്കുവെക്കല്‍ കരാര്‍ ഫലപ്രദമായി നടപ്പാക്കുക മാത്രമാണ് സര്‍വനാശത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി. ആഭ്യന്തരമായ ഐക്യത്തിന്റെ സാധ്യതകള്‍ സ്വയം ആരായുകയും വേണം.
Posted on: July 14, 2016 6:00 am | Last updated: July 13, 2016 at 11:44 pm
SHARE

map-south-sudan-web copyവിഭജനങ്ങള്‍ ചില അനിവാര്യതയില്‍ നിന്നാണ് ഉണ്ടാകുന്നത്. ഒരുമിച്ച് നില്‍ക്കാന്‍ സാധിക്കാത്ത വിധം വൈജാത്യങ്ങള്‍ ജ്വലിച്ചു നില്‍ക്കുമ്പോള്‍ മറ്റു വഴികളെല്ലാം അടയുന്നു. ആ അര്‍ഥത്തില്‍ ദേശ രാഷ്ട്രങ്ങളുടെ ചരിത്രം വിഭജനത്തിന്റെയും പുതു രാഷ്ട്ര പിറവികളുടെയും ചരിത്രമാണെന്ന് പറയാം. വേര്‍പെട്ട് പോകലിന്റെ മുറവിളികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേള്‍ക്കുന്നത്. ബ്രിട്ടനിലെ സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നും സ്‌പെയിനിലെ കാറ്റലോണിയയില്‍ നിന്നും ഉക്രൈനിലെ ക്രിമിയയില്‍ നിന്നും ഇത് കേള്‍ക്കുന്നു. ഇത്തരം അഭിവാഞ്ജകള്‍ ഒരു വശത്ത് വിഘടനവാദമെന്ന് വിളിച്ച് അധിക്ഷേപിക്കപ്പെടുന്നു. മറുവശത്ത് അത് സ്വാതന്ത്ര്യദാഹമാണ്. ഈ വിഘടന/ സ്വാതന്ത്ര്യ ത്വരകള്‍ ബാഹ്യപ്രേരിതമായിരിക്കരുതെന്നും സങ്കുചിത രാഷ്ട്രീയ, വര്‍ഗീയ ലക്ഷ്യങ്ങളായിരിക്കരുത് അതിന്റെ അടിസ്ഥാനമെന്നും ദക്ഷിണ സുഡാനില്‍ ഒഴുകുന്ന ചോരപ്പുഴ സാക്ഷ്യപ്പെടുത്തുന്നു. 2011 ജൂലൈ ഒന്‍പതിന് നിലവില്‍ വന്ന ദക്ഷിണ സുഡാന്‍ സമ്പൂര്‍ണ വിഭജനത്തിന്റെ ഏറ്റവും പുതിയ പതിപ്പായിരുന്നു. നൂറ് ശതമാനം ജനങ്ങള്‍ വോട്ട് ചെയ്ത ഹിതപരിശോധനയുടെ പിന്‍ബലത്തിലാണ് ഐക്യ സുഡാനില്‍ നിന്ന് വേര്‍പെട്ട് ജുബ തലസ്ഥാനമായി തെക്കന്‍ സുഡാന്‍ പിറന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട രക്ത രൂക്ഷിത പ്രക്ഷോഭത്തിനൊടുവിലാണ് ഹിതപരിശോധനയും രാഷ്ട്ര പിറവിയും സാധ്യമായത്.
പുതിയ രാഷ്ട്രം വരുമ്പോള്‍ സമാധാനം പുലരുമെന്ന് ജനം വിശ്വസിച്ചു കാണും. പരസ്പരം പോരടിക്കുന്ന വംശീയ ഗ്രൂപ്പുകളുടെ സാന്നിധ്യമാണ് തങ്ങളുടെ ജനപഥത്തിന്റെ ശാപമെന്ന് അവര്‍ക്കറിയാം. ഈ ഗ്രൂപ്പുകള്‍ക്കെല്ലാം ആയുധം നല്‍കി പക്ഷം പിടിക്കുന്നത് ഇസ്‌റാഈലും അമേരിക്കയും ബ്രിട്ടനുമാണ്. എല്ലാ ഗോത്ര വിഭാഗങ്ങള്‍ക്കും സ്വന്തമായി സേനയുണ്ട്. അവരവരുടെ നിയന്ത്രണത്തില്‍ ഭൂവിഭാഗങ്ങളും. എന്നിട്ടും ജനങ്ങള്‍ പ്രതീക്ഷിച്ചു; സ്വതന്ത്ര രാഷ്ട്ര പദവി തങ്ങളുടെ നേതാക്കളെ ഉത്തരവാദിത്വം പഠിപ്പിക്കുമെന്ന്. സ്വാതന്ത്ര്യത്തിന്റെ അഞ്ചാണ്ട് പിന്നിടുമ്പോള്‍ ഈ പ്രതീക്ഷയെല്ലാം അസ്തമിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ, തലസ്ഥാനമായ ജുബയിലടക്കം നടന്ന കലാപത്തില്‍ 300ലധികം പേരാണ് മരിച്ചത്. ഇത് ഔദ്യോഗിക കണക്കാണ്. യഥാര്‍ഥ മരണ സംഖ്യ ഇതിന്റെ പലമടങ്ങ് വരും. തികഞ്ഞ അരാജകത്വമാണ് രാജ്യത്തെങ്ങും. നിയമവാഴ്ച എന്നൊന്നില്ല. പ്രസിഡന്റ് സല്‍വാ കിറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും വൈസ് പ്രസിഡന്റ് റീക് മച്ചറുടെ ഗ്രൂപ്പുമാണ് തെരുവില്‍ ഏറ്റുമുട്ടുന്നത്. ഇരു പക്ഷത്തിന്റെയും സൈന്യം കൊമ്പു കോര്‍ക്കുമ്പോള്‍ ഔദ്യോഗിക സൈന്യത്തിന് ഒന്നും ചെയ്യാനില്ല. യു എന്നിന്റെ സമാധാനപാലക സേനയും കാഴ്ച കാണുന്നു. ഒടുവിലിപ്പോള്‍ ആഫ്രിക്കന്‍ യൂനിയന്റെയും യു എന്നിന്റെയും ശക്തമായ താക്കീതിന്റെ പുറത്ത് വെടിനിര്‍ത്തല്‍ സാധ്യമായിരിക്കുന്നു. പക്ഷേ, എത്ര കാലം വെടിനിര്‍ത്തും?
അല്‍പ്പം ചരിത്രം

റീക് മച്ചര്‍
റീക് മച്ചര്‍

ഈജിപ്തിനെയും ബ്രിട്ടനെയും അറേബ്യന്‍ നാടുകളെയും മാറ്റിവെച്ച് ആധുനിക സുഡാന്റെ ചരിത്രം അസാധ്യമാണ്. അറബി സമൂഹവുമായുള്ള കച്ചവട ബന്ധം മേഖലയില്‍ സാമൂഹിക മുന്നേറ്റവും ഇസ്‌ലാമിക സംസ്‌കാരവും ഊട്ടിയുറപ്പിച്ചു. ഈജിപ്തുമായുള്ള സാംസ്‌കാരിക ബന്ധം ഈജിപ്ഷ്യന്‍ ഭരണാധികാരികള്‍ സുഡാനുമേല്‍ രാഷ്ട്രീയ അധികാരം സ്ഥാപിക്കുന്നതിന് വഴിയൊരുക്കി. 1820ല്‍ മുഹമ്മദ് അലി പാഷാ ഇന്നത്തെ ഉത്തര സുഡാന്റെ അധികാരം പിടിച്ചു. അദ്ദേഹം ഈജിപ്തിന്റെ സ്വയം പ്രഖ്യാപിത ഭരണാധികാരി ആയിരുന്നു. തന്റെ പുതിയ പുത്രികാരാജ്യത്തിന്റെ ചുമതല അദ്ദഹം മകന്‍ തൗഫീഖിനെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന്റെ അവസാന കാലമാകുമ്പോള്‍ വിവിധ ഗോത്ര ഗ്രൂപ്പുകള്‍ ഭരണത്തിനെതിരെ തലപൊക്കി തുടങ്ങി. തൗഫീഖ് കുറുക്കുവഴി സ്വീകരിച്ചു. കലാപകാരികളെ നേരിടാന്‍ ബ്രിട്ടീഷ് സഹായം തേടി. ഈ സഹായ അഭ്യര്‍ഥന പിന്നീട് വന്ന പങ്കിട്ടെടുക്കലിന്റെ തുടക്കമായിരുന്നു. ബ്രിട്ടന് വലിയ താത്പര്യങ്ങളുണ്ടായിരുന്നു. നൈല്‍ നദിയിലെ വെള്ളം തൊട്ട് മേഖലയിലെ മറ്റ് പ്രകൃതി വിഭവങ്ങള്‍ വരെയുള്ള നീണ്ട് പരന്നു കിടക്കുന്നതായിരുന്നു ആ താത്പര്യങ്ങള്‍. പക്ഷേ, ഈജിപ്തിനെ അവഗണിക്കാന്‍ ബ്രിട്ടന് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് അധികാരം പങ്കുവെക്കുകയെന്ന തന്ത്രം ബ്രിട്ടന്‍ പുറത്തെടുത്തു. ഈജിപ്തില്‍ ഈ വീതം വെപ്പിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നുണ്ടായിരുന്നു.
1950കളില്‍ ഈജിപ്തില്‍ അധികാരത്തിലെത്തിയ ജമാല്‍ അബ്ദുന്നാസര്‍ ബ്രിട്ടീഷുകാരെ തുരത്താന്‍ സുഡാന്റെ സ്വയം ഭരണ അവകാശം വകവെച്ച് കൊടുക്കുകയെന്ന തീരുമാനത്തില്‍ എത്തി. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ആശീര്‍വാദത്തോടെ 1956ല്‍ സ്വതന്ത്ര സുഡാന്‍ പിറന്നു. ഈജിപ്ത്, ചെങ്കടല്‍, എരിത്രിയ, എത്യോപ്യ, കെനിയ, ഉഗാണ്ട, ഡി ആര്‍ കോംഗോ, ചാഡ്, ലിബിയ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന പുതിയ രാജ്യം. ഫലഭൂയിഷ്ടമായ മണ്ണുള്‍ക്കൊള്ളുന്ന ഉത്തര ദേശം. എണ്ണ സമ്പത്ത് കൊണ്ട് അനുഗ്രഹീതമായ ദക്ഷിണ ദേശം. എല്ലാവരുടെയും പിന്തുണയോടെ ആദ്യത്തെ പ്രസിഡന്റ്- ഇസ്മാഈല്‍ അസ്ഹരി.
സാമ്രാജ്യത്വം ഉപേക്ഷിച്ച് മടങ്ങിയ ഇടങ്ങളിലെല്ലാം അവര്‍ അന്തഃച്ഛിദ്രത്തിന്റെ വിത്തുകള്‍ പാകിയിട്ടുണ്ട്. ഇവിടെയും അത് നടന്നു. ഈജിപ്തിന് വേണ്ടി ബ്രിട്ടന്‍ ഭരിച്ചിരുന്നപ്പോള്‍ ഭരണ സൗകര്യത്തിനെന്ന പേരില്‍ ദക്ഷിണ സുഡാെനയും ഉത്തര സുഡാനെയും രണ്ട് യൂനിറ്റുകളായാണ് കണ്ടിരുന്നത്. ഉത്തര സുഡാന്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശം. ദക്ഷിണ സുഡാനാകട്ടെ ഗോത്രാരാധകരുടെയും ക്രിസ്ത്യാനികളുടെയും നാട്. ഇതൊരു വൈരുധ്യമാക്കി വളര്‍ത്താനാണ് സാമ്രാജ്യത്വ ശക്തികള്‍ പിന്നീട് ശ്രമിച്ചത്. ദക്ഷിണ സുഡാന്‍കാരുടെ ഉള്ളില്‍ വര്‍ഗീയതയും വിഘടനവാദവും കുത്തി വെച്ചു. നിരവധി ഗറില്ലാ ഗ്രൂപ്പുകള്‍ അവിടെ വളര്‍ന്നു വന്നു. 1962ല്‍ ക്രൂരമായ കലാപം. ആയിരങ്ങള്‍ മരിച്ചു വീണു. 1972ല്‍ ആഡിസ് അബാബ സമാധാന സമ്മേളനം. അവിടെ വെച്ച് ദക്ഷിണ സുഡാന് കൂടുതല്‍ സ്വയം ഭരണാധികാരങ്ങള്‍ നല്‍കാന്‍ ധാരണയായി. അശാന്തിക്ക് താത്കാലിക ശമനം.
കൃത്യം പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ 1983ല്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. അപ്പോഴേക്കും ജോണ്‍ നാരംഗിന്റെ നേതൃത്വത്തില്‍ സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്‌മെന്റ് എന്ന ലക്ഷണമൊത്ത സായുധ സംഘടന ദക്ഷിണ ഭാഗത്ത് ഉദയം ചെയ്തിരുന്നു. ഇപ്പുറത്ത് തീവ്ര നിലപാടുകള്‍ കൊണ്ട് അടയാളപ്പെടുത്തപ്പെട്ട ഇസ്‌ലാമിസ്റ്റ് നേതാവ് ഉമര്‍ ബാശിറും. ദക്ഷിണ സുഡാനിലെയും ദര്‍ഫൂറിലെയും വിമതര്‍ക്ക് മേല്‍ പ്രസിഡന്റ് ബാശിര്‍ ഉരുക്കു മുഷ്ടി പ്രയോഗിച്ചു. വംശഹത്യയുടെ പേരില്‍ അദ്ദേഹത്തിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ശരിക്കും തളര്‍ന്ന ബാശിറിന് മുന്നില്‍ അന്താരാഷ്ട്ര സമ്മര്‍ദത്തിന് വഴങ്ങുകയല്ലാതെ വഴിയില്ലായിരുന്നു. 2005ലെ സമാധാന ഉച്ചകോടിയില്‍ ദക്ഷിണ സുഡാന്റെ കാര്യത്തില്‍ ഹിതപരിശോധനക്ക് തീരുമാനമായി. അങ്ങനെയാണ് 2011ല്‍ ഹിതപരിശോധന നടന്നതും ദക്ഷിണ സുഡാന്‍ പിറന്നതും.

സല്‍വാ കിര്‍
സല്‍വാ കിര്‍

ജന്‍മ ദോഷങ്ങള്‍
പാശ്ചാത്യര്‍ പറയുന്നത് കേട്ട് കിണറില്‍ ചാടിയ ദക്ഷിണ സുഡാന് തിരിച്ചു കയറാന്‍ അറിയില്ലായിരുന്നു. രാഷ്ട്രീയ അധികാരം കൈവന്ന എസ് പി എല്‍ എമ്മിന് ഭരിക്കാനുള്ള ഐക്യബലം ഇല്ലായിരുന്നു. ഗോത്രാഭിമാനത്തില്‍ അധിഷ്ഠിതമായ ഭിന്നത അതിവേഗം ശക്തിയാര്‍ജിച്ചു. ജോണ്‍ ഗാരംഗിന്റെ നേതൃത്വത്തില്‍ ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ രണ്ടാം നിരക്കാരായിരുന്നു ഇപ്പോഴത്തെ പ്രസിഡന്റ് സല്‍വാ കിറും വൈസ് പ്രസിഡന്റ് റീക് മച്ചറും. ദക്ഷിണ സുഡാന്റെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗാരംഗിന്റെ കാലത്ത് തന്നെ ഈ രണ്ടാം നിരക്കാര്‍ തമ്മില്‍ വടംവലി ശക്തമായിരുന്നു. (ഗാരംഗ് മരിച്ചത് ഹെലികോപ്റ്റര്‍ അപകടത്തിലായിരുന്നു) ദിങ്കാ ഗോത്രക്കാരനാണ് സല്‍വാ കിര്‍. മച്ചര്‍ നുവര്‍ ഗോത്രക്കാരനും. ദിങ്കാ വിഭാഗമാണ് ഭൂരിപക്ഷം. എന്നാല്‍, സൈനികബലം കൊണ്ടും കന്നുകാലി സമ്പത്ത് കൊണ്ടും ഒട്ടും പിറകിലല്ല നുവറുകള്‍. പുതിയ ഭരണ സംവിധാനം വന്നപ്പോള്‍ കിര്‍ പ്രസിഡന്റും മച്ചര്‍ വൈസ് പ്രസിഡന്റുമായി. പക്ഷേ, ഭരണം മുന്നോട്ടു പോകവേ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. സല്‍വാ കിര്‍ തങ്ങളുടെ ഗോത്രത്തെ പരിഗണിക്കുന്നില്ലെന്ന് നുവര്‍ പ്രമുഖര്‍ പരാതിപ്പെട്ടു. സല്‍വാ കിര്‍ ചെവി കൊടുത്തതേയില്ല. ഒടുവില്‍ മച്ചറിനെ സല്‍വാ കിര്‍ നിഷ്‌കരുണം പുറത്താക്കി. അതോടെ സൈന്യം നെടുകെ പിളര്‍ന്നു. ബോര്‍ പോലുള്ള തന്ത്രപ്രധാനവും എണ്ണ സമ്പന്നവുമായ പ്രദേശങ്ങള്‍ വിമതര്‍ പിടിച്ചടക്കി. രാജ്യം പിളരുമെന്ന ഘട്ടം വരെയെത്തി. പാശ്ചാത്യരുടെ ഉപദേശം അപ്പോഴുമെത്തി. മച്ചറിന് വൈസ് പ്രസിഡന്റ് കസേര തിരിച്ച് കിട്ടി. സംഘര്‍ഷത്തിന് ചെറിയ ഇടവേള.
തങ്ങളെ പിന്തുണക്കുന്ന ചില സൈനികരെ അറസ്റ്റ് ചെയ്യാന്‍ പ്രസിഡന്റ് ഉത്തരവിട്ടുവെന്ന് പറഞ്ഞാണ് ഇത്തവണ, സ്വാതന്ത്ര്യത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍, മച്ചറിന്റെ നുവര്‍ വിഭാഗം കലാപം തുടങ്ങിയത്. മറുഭാഗം നോക്കി നിന്നില്ല. അങ്ങനെയാണ് സംഘര്‍ഷത്തിന്റെയും കലാപത്തിന്റെയും ഒരു കയറ്റിറക്കത്തിന് കൂടി ഈ നവ ആഫ്രിക്കന്‍ രാഷ്ട്രം കീഴ്‌പ്പെട്ടത്. നഗരങ്ങളും ഗ്രാമങ്ങളും ഗോത്രത്തലവന്‍മാര്‍ പങ്കിട്ടെടുത്തു കഴിഞ്ഞു. വെടിനിര്‍ത്തല്‍ ദുര്‍ബലമാകുമെന്ന് എല്ലാ നിരീക്ഷകരും ആശങ്കപ്പെടുന്നത് അത്‌കൊണ്ടാണ്.
കലാപത്തിന്റെ
ഗുണഭോക്താക്കള്‍
ദക്ഷിണ സുഡാനിലെ എണ്ണപ്പാടങ്ങളില്‍ നിന്ന് പ്രതിദിനം അഞ്ച് ലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. തെക്കും വടക്കും പെടാത്ത അബേയി മേഖലയില്‍ നിന്ന് വേറെയും. പക്ഷേ, ഇവ ശുദ്ധീകരിക്കാനുള്ള സംവിധാനം ദക്ഷിണ സുഡാനില്‍ ഇല്ല. അതിന് ഉത്തര സുഡാനെ ആശിയിച്ചേ തീരൂ. ഉമര്‍ ബാശിര്‍ ഭരണകൂടവുമായി രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നപ്പോഴും എണ്ണക്കരാറുകള്‍ കൃത്യമായി പാലിക്കപ്പെട്ടിരുന്നു. കാരണം അത് ഇരുപക്ഷത്തിന്റെയും നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നു. ഒരു വേള ഈ പരമ്പരാഗത വൈരികള്‍ക്കിടയിലെ സമാധാനത്തിന്റെ ഒറ്റയടിപ്പാതയായിരുന്നു എണ്ണ സമ്പത്ത്. ദക്ഷിണ സുഡാന്റെ രൂപവത്കരണത്തിന് വഴി തുറന്ന 2005ലെ സമാധാന കരാറിന്റെ അടിസ്ഥാനം തന്നെ എണ്ണ വരുമാനത്തിന്റെ പങ്കിടലായിരുന്നു.
സഹവര്‍തിത്വത്തിന്റെ ഈ സാധ്യത തകര്‍ക്കാനാണ് പാശ്ചാത്യര്‍ കൗശലപൂര്‍വം ശ്രമിച്ചത്. ഉത്തര സുഡാനുമായുള്ള ആശ്രിതത്വം ഒഴിവാക്കാന്‍ വഴിയുണ്ടെന്ന് വ്യാമോഹിപ്പിച്ച് ദക്ഷിണ സുഡാനെന്ന ക്രിസ്ത്യന്‍ രാഷ്ട്രത്തെ അവര്‍ നട്ടുപിടിപ്പിക്കുകയായിരുന്നു. എണ്ണ എത്യോപ്യയില്‍ എത്തിച്ച് ശുദ്ധീകരിക്കാമെന്നായിരുന്നു ഒരു വാഗ്ദാനം. സ്വന്തമായി റിഫൈനറികള്‍ സ്ഥാപിച്ചു നല്‍കുമെന്നും പറഞ്ഞിരുന്നു. അഞ്ച് കൊല്ലമായിട്ടും ഒന്നും നടന്നില്ല. പകരം എണ്ണ സമ്പത്ത് തുച്ഛ വിലക്ക് വന്‍കിടക്കാര്‍ കൈക്കലാക്കുന്നു. കലാപ കലുഷിതമായ രാജ്യത്ത് എണ്ണക്കൊള്ള നിര്‍ബാധം നടക്കുന്നു.
നവ സാമ്രാജ്യത്വത്തിന്റെ കുതന്ത്രങ്ങളാണ് ഏറ്റവും വേഗം വളരുന്ന ആഫ്രിക്കന്‍ രാജ്യമെന്ന് ഖ്യാതി കേട്ട സുഡാനെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ഇന്ന് ലോകത്തെ ഏറ്റവും അശാന്തമായ ഭൂവിഭാഗമാണ് ദ. സുഡാന്‍. ഏറ്റവും ഉയര്‍ന്ന ശിശു മരണ നിരക്ക്. ഏറ്റവും കടുത്ത ദാരിദ്ര്യം. ഉത്തര സുഡാനുമായുള്ള എണ്ണ പങ്കുവെക്കല്‍ കരാര്‍ ഫലപ്രദമായി നടപ്പാക്കുക മാത്രമാണ് സര്‍വനാശത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി. ആഭ്യന്തരമായ ഐക്യത്തിന്റെ സാധ്യതകള്‍ സ്വയം ആരായുകയും വേണം.