എഴുന്നേറ്റിരിക്കാനാകാത്ത രോഗികള്‍ക്ക് പ്രതീക്ഷ നല്‍കി ‘ഇനായ കെയര്‍ സെന്റര്‍’

Posted on: July 13, 2016 7:03 pm | Last updated: July 13, 2016 at 7:03 pm
SHARE

Enaya1ദോഹ: എഴുന്നേറ്റിരിക്കാനോ കിടന്നിടത്തു നിന്നു അനങ്ങാനോ കഴിയത്ത രോഗികള്‍ക്ക് പ്രത്യേക പരിചരണത്തിലൂടെ പുരോഗതി പ്രാപിക്കാന്‍ സഹായക്കുന്ന ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ ഇനായ സ്‌പെഷ്യലൈസ്ഡ് കെയര്‍ സെന്റര്‍ ആശ്വാസമാകുന്നു. അനങ്ങാന്‍ കഴിയാത്ത രോഗികള്‍ക്ക് അത്യാവശ്യം ചലനങ്ങള്‍ക്കു സഹായിക്കുന്ന പരിചരണമാണ് മൊബിലിറ്റി പ്രോഗ്രാമിലൂടെ സെന്റര്‍ നടപ്പിലക്കി വരുന്നത്.
അനങ്ങാനോ അവയങ്ങള്‍ ചലിപ്പിക്കാനോ കഴിയാതെയാണ് സെന്ററില്‍ 90 ശതമാനം രോഗികളും പ്രവേശിപ്പിക്കപ്പെടുന്നത്. ഇവരുടെ നില മെച്ചപ്പെടുത്തുന്നതിനുള്ള ചികിത്സാ രീതിയാണ് സെന്റര്‍ നടപ്പിലാക്കുന്നത്. അനങ്ങാന്‍ കഴിയാത്ത അവസ്ഥ രോഗികളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ദീര്‍ഘകാലം പ്രവര്‍ത്തിക്കാതിരിക്കുനനതിനെത്തുടര്‍ന്ന് മസിലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നമാണ് പ്രധാനം. തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയാത്തവിധം അവ അപകടത്തിലാകും. ശ്വാസകോശങ്ങളില്‍ ദ്രവം അടിഞ്ഞു കൂടുന്നതിനും ഹൃദയഭാഗത്തേക്ക് രക്തസഞ്ചാരം തടസപ്പെടുന്നതിനും കാരണമാകും. തൊലികള്‍ക്ക് കേടുപറ്റുകയും സമ്മര്‍ദം ഉയര്‍ന്ന ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകളും മറ്റും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മജ്ജകളുടെ സാന്ദ്രത കുറയുന്നതും ദീര്‍ഘാകലം ഒരേ കിടപ്പു കിടക്കുന്നവര്‍ നേരിടുന്ന പ്രശ്‌നമാണ്. ശരീരത്തിന്റെ സാധാരണ ഭാരം നിലനിര്‍ത്താനാകാത്തതും പ്രതിസന്ധി സൃഷ്ടിക്കും. ശാരീരിക പ്രശ്‌നത്തിനു പുറമേ രോഗികള്‍ ഒരൂ റൂമില്‍ മാത്രം ദീര്‍ഘകാലം കഴിഞ്ഞു കൂടുന്നതും സമൂഹത്തില്‍ നിന്നും അകന്നു കഴിയേണ്ടി വരുന്നതും മാനസിക പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നു. ഉറക്കക്കുറവുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും വിഷാദരോഗവും പിടിപെടാം. ഇത്തരം മാനസികാവസ്ഥകള്‍ ശാരീരികാരോഗ്യത്തെയും ബാധിക്കും. ഈ സാഹചര്യത്തെ മറി കടക്കുന്നതിനാണ് ഇനായ കെയര്‍ സെന്റര്‍ സൗകര്യമൊരുക്കുന്നത്. രോഗികള്‍ക്ക് ഇരിക്കാനും ചലിക്കാനും കഴിയുന്ന രീതിയിലുള്ള പരിചരണങ്ങളിലൂടെ ഇവിടെ പ്രവേശിക്കപ്പെടുന്ന വലിയൊരു ശതമാനം രോഗികളും ഇരിക്കാന്‍ സാധിക്കുന്ന വിധം പുരോഗതി പ്രാപിക്കുന്നുണ്ടെന്ന് എച്ച് എം സി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ശാരീരികമായ പരിചരണങ്ങള്‍ക്കൊപ്പം മനശ്ശാസ്ത്രപരമായ പരിചരണം കൂടി നല്‍കിയാണ് രോഗികളെ പുരോഗതിയിലേക്കു കൊണ്ടുവരുന്നത്. ഇരിക്കാന്‍ സാധിക്കുന്ന രോഗികളെ പിന്നീട് വീല്‍ ചെയര്‍ ഉപയോഗിക്കുന്നതിനും ശേഷം നടക്കുന്നതിനുമെല്ലാം പ്രാപ്തരാക്കുന്നു. ജിം തെറാപ്പിയിലൂടെയാണ് തുടര്‍ന്നുള്ള പരിചരണം.
മൊബിലിറ്റി പ്രോഗ്രാം വിജയകരമായ ഒരു ആശയമായിരുന്നുവെന്ന് എച്ച് എം സി കണ്‍ടിന്യൂ കെയര്‍ ഗ്രൂപ്പ് മേധാവി മഹ്മൂദ് അല്‍ റൈസി പറഞ്ഞു. ബെഡില്‍ നിന്നും വീല്‍ ചെയറിലേക്കു വരുന്നവരുടെ എണ്ണം 2011ല്‍ 23 ശമതാനമായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 84 ശതമാനമായി ഉയര്‍ന്നു. ഇത് മികച്ച സൂചനയാണ്. കിടക്കയില്‍ കഴിച്ചു കൂട്ടേണ്ടി വരുമെന്നുറപ്പിച്ച രോഗികള്‍ക്ക് ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുവരവാണിതെന്നും അദ്ദേഹം പറഞ്ഞു.