പണമിടപാടുകള്‍ക്ക് നോള്‍ കാര്‍ഡ്; ആര്‍ ടി എയും സ്മാര്‍ട് ദുബൈ ഓഫീസും ധാരണാപത്രം ഒപ്പിട്ടു

Posted on: July 13, 2016 6:34 pm | Last updated: July 21, 2016 at 7:53 pm
SHARE
മതര്‍ അല്‍ തായറും ഡോ. ആഇശ ബിന്‍ത് ബുതി ബിന്‍ ബിശ്‌റും  ധാരണാപത്രത്തില്‍ ഒപ്പുവെച്ചപ്പോള്‍
മതര്‍ അല്‍ തായറും ഡോ. ആഇശ ബിന്‍ത് ബുതി ബിന്‍ ബിശ്‌റും
ധാരണാപത്രത്തില്‍ ഒപ്പുവെച്ചപ്പോള്‍

ദുബൈ: ദുബൈയില്‍ ചെറിയ പണമിടപാടുകള്‍ക്ക് ആര്‍ ടി എയുടെ നോള്‍കാര്‍ഡ് സംവിധാനം ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് സ്മാര്‍ട് ദുബൈ ഓഫീസും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. നിരവധി സി ഇ ഒമാരും ഡയറക്ടര്‍മാരും സംബന്ധിച്ച ചടങ്ങില്‍ ആര്‍ ടി എ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ് ചെയര്‍മാനുമായ മതര്‍ അല്‍ തായറും സ്മാര്‍ട് ദുബൈ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ആഇശ ബിന്‍ത് ബുതി ബിന്‍ ബിശ്‌റുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്.
പ്രധാന ലക്ഷ്യങ്ങളില്‍ ആര്‍ ടി എയുമായി സഹകരണവും ഏകോപനവും നടത്തുന്നതില്‍ അല്‍ തായര്‍, സ്മാര്‍ട് ദുബൈ ഓഫീസ് അധികൃതര്‍ക്ക് നന്ദി രേഖപ്പെടുത്തി. സ്മാര്‍ട് സേവനങ്ങള്‍ വഴി ഇടപാടുകള്‍ ശക്തിപ്പെടുത്താനും സംയുക്ത സംരംഭ പ്രവര്‍ത്തനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കുകയും നടപടിക്രമങ്ങള്‍ ക്രിയാത്മകമാക്കുകയുമാണ് ലക്ഷ്യമെന്ന് അല്‍ തായര്‍ വ്യക്തമാക്കി.
തന്ത്രപ്രധാന പദ്ധതികളിലും ലക്ഷ്യങ്ങളിലുമുള്ള പങ്കാളിത്തംവഴി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണവും ഏകീകരണവും ആശയ വിനിമയവും ശക്തിപ്പെടുമെന്ന് ഡോ. ആഇശ പറഞ്ഞു. ഇടപാടുകളില്‍ സംതൃപ്തിയും കാര്യക്ഷമതയുമുള്ള ആഗോള നഗരമായി ദുബൈയെ മാറ്റുകയാണ് ലക്ഷ്യമെന്നും ആഇശ കൂട്ടിച്ചേര്‍ത്തു.