രാജ്യാന്തര മധുവിധു കേന്ദ്രമായി ഹൃദയാകൃതിയിലുള്ള ദ്വീപ്

Posted on: July 13, 2016 6:30 pm | Last updated: July 13, 2016 at 8:47 pm
SHARE

dubai-heart-of-europeദുബൈ: രാജ്യാന്തര മധുവിധു കേന്ദ്രമായി ഹൃദയത്തിന്റെ ആകൃതിയില്‍ നിര്‍മിച്ച ദുബൈയിലെ ദ്വീപ് ശ്രദ്ധേയമാവുന്നു. മധുവിധു ആഘോഷിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുന്നവരെയാണ് ദ്വീപ് മാടിവിളിക്കുന്നത്. ക്ലെയിന്റിന്‍സ്റ്റ് രൂപകല്‍പന ചെയ്ത കൃത്രിമ ദ്വീപാണ് ലോകത്തെങ്ങുമുള്ള നവദമ്പതിമാരെ മധുവിധു ആഘോഷിക്കാന്‍ ദുബൈയിലേക്ക് ക്ഷണിക്കുന്നത്. സ്‌നേഹത്തിന്റെ ചിഹ്നമായ ഹൃദയാകൃതിയിലാണ് ദ്വീപ് നിര്‍മിച്ചിരിക്കുന്നത്. മാലി ദ്വീപുകള്‍, ബോറ ബോറ, കരീബിയന്‍ ദ്വീപുകള്‍ എന്നിവയില്‍ നിന്നെല്ലാം പ്രചോദനം ഉള്‍കൊണ്ടാണ് ദുബൈയിലെ ഇത്തരം ഒന്ന് സാക്ഷാത്ക്കരിച്ചിരിക്കുന്നത്.
ഹൃദയാകൃതിയിലുള്ള ദ്വീപ് നവദമ്പതിമാരുടെ ഇഷ്ടയിടമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ക്ലെയിന്റിന്‍സ്റ്റ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ നവംബറിലാണ് നിര്‍മാണ കമ്പനി രൂപകല്‍പനയില്‍ മാറ്റം വരുത്തി ഹൃദയത്തിന്റെ ആകൃതി തിരഞ്ഞെടുത്തത്. ഹോട്ടലുകള്‍, ഒഴുകി നടക്കുന്ന വില്ലകള്‍ എന്നിവയെല്ലാമാണ് നവദമ്പതിമാരെ ആകര്‍ഷിക്കുന്നത്. ഇത്തരം വില്ലകള്‍ ബോട്ടുജെട്ടികളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ സൗകര്യപ്രദവുമാണ്. കരയില്‍നിന്ന് 20 മിനുട്ടിനകം എത്തിച്ചേരാവുന്ന രീതിയിലാണ് ദ്വീപിന്റെ രൂപകല്‍പന. കരയില്‍നിന്ന് ആറര കിലോമീറ്റര്‍ മാത്രം അകലത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. നവദമ്പതിമാര്‍ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ദ്വീപില്‍ ഒരുക്കിയിട്ടുണ്ട്.
ഫ്‌ളോട്ടിംഗ് സീഹോഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന 90 വില്ലകളാണ് ദ്വീപിനെ ആകര്‍ഷകമാക്കുന്നത്. ഒഴുകി നടക്കുന്ന ഇവക്കൊപ്പം പൂര്‍ണമായും വെള്ളത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു വില്ലയും കമ്പനി നിര്‍മിച്ചിട്ടുണ്ടെന്ന് ക്ലെയിന്റിന്‍സ്റ്റ് ചെയര്‍മാന്‍ ജോസഫ് ക്ലെയിന്റിന്‍സ്റ്റ് വ്യക്തമാക്കി. സെന്റ് പീറ്റേഴ്‌സ് ഐലന്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ദമ്പതിമാരുടെയും നവദമ്പതിമാരുടെയും ഇഷ്ടയിടമായി ദ്വീപ് മാറിയിരിക്കയാണ്. പുറത്തെ താപനില ക്രമീകരിക്കാനുള്ള അത്യാധുനിക സംവിധാവും ഇവിടെയുണ്ട്.
പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ അടങ്ങിയ ദ്വീപ് സ്വകാര്യത കാത്തുസുക്ഷിക്കുന്നതിനൊപ്പം പ്രശാന്തതക്കും പ്രധാന്യം നല്‍കുന്നതാണ്. ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള അതിഥി സല്‍കാരമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഒരിക്കല്‍ വന്നാല്‍ ആരും അത് മറക്കില്ലെന്നും ക്ലെയിന്റിന്‍സ്റ്റ് പറഞ്ഞു.