പി ജയരാജന്‍ കണ്ണൂരില്‍ ആക്രമണത്തിന് പരസ്യമായി ആഹ്വാനം നല്‍കുന്നു: രമേശ് ചെന്നിത്തല

Posted on: July 13, 2016 12:13 pm | Last updated: July 13, 2016 at 4:57 pm
SHARE

ramesh chennithalaതിരുവനന്തപുരം: പി ജയരാജന്‍ കണ്ണൂരില്‍ ആക്രമണത്തിന് പരസ്യമായി ആഹ്വാനം നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കണ്ണൂരിനെ കുരുതിക്കളമാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം നേതാവ് പി. ജയരാജനാണെന്നും മുഖ്യമന്ത്രി കാര്യങ്ങളെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയത്. ഹെഡ്‌കോണ്‍സ്റ്റബിളിനെ മാറ്റുന്ന ലാഘവത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഡിജിപിയെ മാറ്റിയതെന്നും ചെന്നിത്തല ആരോപിച്ചു.

എന്നാല്‍, ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കു മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയത് സാധാരണ നടപടിയാണെന്ന് വ്യക്തമാക്കി. നാടിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഡിജിപിയെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. പോലീസിനുണ്ടായ ചില വീഴ്ചകളെ ഡിജിപി ന്യായീകരിച്ചിരുന്നു. ഇത്തരം ആളുകളെ തല്‍സ്ഥാനത്ത് വച്ചുകൊണ്ടിരിക്കരുത് എന്നതാണ് സര്‍ക്കാരിന്റെ നയം. ഇക്കാര്യത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.