Connect with us

Kerala

ഇസില്‍ ബന്ധം: നിജസ്ഥിതി പുറത്തുകൊണ്ടുവരണം: കേരള മുസ്‌ലിം ജമാഅത്ത്

Published

|

Last Updated

കോഴിക്കോട്: തീവ്രചിന്താഗതിയില്‍ ആകൃഷ്ടരായി കേരളത്തിലെ ഏതാനും ആളുകള്‍ വിദേശ രാജ്യത്തേക്ക് കടന്നുവെന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
വാര്‍ത്ത ശരിയാണെങ്കില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ വ്യക്തമായി അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണം. രാജ്യം വിട്ടുവെന്ന് പറയപ്പെടുന്നവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇനിയും വ്യക്തത വന്നിട്ടില്ല. നിജസ്ഥിതി പൂര്‍ണമായും പുറത്തുകൊണ്ടുവരുന്നതിന് സര്‍ക്കാര്‍ എല്ലാ മാര്‍ഗങ്ങളും ആരായണമെന്നും ദുരൂഹതകള്‍ നീക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ നിരുത്തരവാദപരമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗുണം ചെയ്യില്ല എന്ന് മാത്രമല്ല, അത് അന്വേഷണത്തെ അവതാളത്തിലാക്കാനും സാധ്യതയുണ്ട്.
ഇസില്‍ അടക്കം എല്ലാ തീവ്രവാദ ചിന്താഗതികളും ഇസ്‌ലാമികവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. സമാധാനത്തിന്റെ ദര്‍ശനമായ ഇസ്‌ലാമിനോട് ഇത്തരം ശക്തികള്‍ കാട്ടുന്ന ക്രൂരതയെക്കാള്‍ ഭയാനകമായ മറ്റൊന്നില്ല. സുന്നി നേതൃത്വം ഈ യാഥാര്‍ഥ്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിരപരാധികളെ അറുകൊല ചെയ്ത് നീങ്ങുന്ന ഇസി ല്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ ലോകത്ത് അരാജകത്വം മാത്രമാണ് സൃഷ്ടിക്കുന്നത്.
മുസ്‌ലിം രാജ്യങ്ങളില്‍ കൊടും ക്രൂരത വിതച്ച് പതിനായിരങ്ങളെ കൊന്നൊടുക്കിയും ലക്ഷങ്ങളെ അഭയാര്‍ഥികളാക്കിയും തേരുരുട്ടുന്ന തീവ്രവാദി വിഭാഗം ഒടുവില്‍ പുണ്യമദീനയില്‍ പോലും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. തിരുനബിയുടെ സന്ദേശങ്ങളല്ല അവരുടെ മാതൃകയെന്നതിന് ഇതില്‍പ്പരം ദൃഷ്ടാന്തങ്ങള്‍ വേണ്ടതില്ല. തീവ്ര ചിന്താഗതികളുടെ ദുഃസ്വാധീനത്തിലോ വഴിപിഴച്ച ആശയത്തിന്റെ പേരിലോ ഏതെങ്കിലും വിഭാഗം സമാധാനത്തില്‍നിന്ന് വ്യതിചലിക്കുന്നുണ്ടെങ്കില്‍ അത് ഏതെങ്കിലും മത സമൂഹങ്ങളെ മാറ്റിനിര്‍ത്താനുള്ള ന്യായമായി മാറിക്കൂടാ- സെക്രട്ടേറിയറ്റ് തുടര്‍ന്ന് പറഞ്ഞു.
സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, പ്രൊഫ. കെ എം എ റഹീം, അഡ്വ. എ കെ ഇസ്മാഈല്‍ വഫ സംബന്ധിച്ചു.