മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്നത് അപലപനീയം: ഉമ്മന്‍ ചാണ്ടി

Posted on: July 13, 2016 12:26 am | Last updated: July 13, 2016 at 12:26 am
SHARE

OOMMEN CHANDYതിരുവനന്തപുരം: സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അതിന്റെ പേരില്‍ ഒരു സമുദായത്തെ കുറ്റപ്പെടുത്താനാവില്ല. യുവാക്കളെ കാണാതായതുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്ന് ബജറ്റ് ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭീകരവാദത്തിന്റെ പേരില്‍ ചില സമുദായങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം. ഇതിന് എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളെ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി തള്ളിപ്പറയാനും ദേശീയ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും തയാറായിയെന്നത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഗൗരവമായി കാണണം. സമുദായ സൗഹാര്‍ദത്തിന് വിഘാതമായ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കണം. സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിന് എല്ലാവിധ പിന്തുണയുമുണ്ടാകും. എന്നാല്‍ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്ന വിധത്തിലുള്ള ശ്രമങ്ങളുണ്ടായാല്‍ ശക്തമായി എതിര്‍ക്കും. കഴിഞ്ഞ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന വിധത്തിലുള്ള ധനമന്ത്രി തോമസ് ഐസകിന്റെ നടപടികള്‍ ശരിയല്ല. ധവളപത്രത്തിലുടനീളം തനിക്ക് അനുകൂലമായ കണക്ക് അവതരിപ്പിക്കുക മാത്രമാണ് ധനമന്ത്രി ചെയ്തത്. നികുതി ഇതര വരുമാനത്തെകുറിച്ച് ഒരു കണക്കും ധവളപത്രത്തില്‍ ഉണ്ടായിരുന്നില്ല. നികുതി ഇതര വരുമാനം 2006-11 കാലയളവില്‍ 4277 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് 18016 കോടി രൂപയായി ഉയര്‍ന്നു. ലോട്ടറി വരുമാനം 27 ഇരട്ടിയായി- ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.