ഷാര്‍ജ അന്താരാഷ്ട്ര സമ്മേളനത്തിന് മര്‍കസ് വിദ്യാര്‍ഥികള്‍

Posted on: July 13, 2016 12:25 am | Last updated: July 13, 2016 at 12:25 am
SHARE

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ .ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍ത്വത്തില്‍ സംഘടിപ്പിക്കുന്ന അല്‍ മുന്‍തഹദ 16 ാമത് അന്താരാഷ്ട്ര ഇസ്‌ലാമിക പഠന കോണ്‍ഫറന്‍സിനു ഇന്ത്യയില്‍ നിന്ന് 20 വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് മര്‍കസു സ്സഖാഫത്തിസ്സുന്നിയ്യയില്‍ നിന്ന് പതിനഞ്ച് പേരും മലപ്പുറം മഅ്ദിനില്‍ നിന്ന് അഞ്ച് പേരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിരവധി രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആഗോളതലത്തില്‍ പ്രശസ്തമായ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ ചര്‍ച്ച ചെയ്യുകയും തനതായ ഇസ്‌ലാമിക ആശയങ്ങള്‍ പ്രബോധനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്യും.
ഷാര്‍ജ ശൈഖിന്റെ നേതൃത്വത്തിലുള്ള ഷാര്‍ജ ഇസ്‌ലാമിക് ഫോറത്തിന്റെ മേല്‍നോട്ടത്തിലാണ് പരിപാടികള്‍ നടക്കുന്നത്. അറബ് ലോകത്തുള്ള പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്മാരാണ് ക്ലാസുകള്‍ നയിക്കുക. ഈ മാസം പതിനാറ് മുതല്‍ 28 വരെയാണ് കൊണ്‍ഫറന്‍സ് നടക്കുന്നത്. ഇന്ത്യന്‍ പ്രതിനിധികള്‍ മര്‍കസ് മുദര്‍രിസ് അബ്ദുല്ല സഖാഫി മലയമ്മയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഷാര്‍ജയിലേക്ക് പുറപ്പെടും.