ഫുട്‌സാലില്‍ പന്ത് തട്ടാന്‍ നക്ഷത്രതാരങ്ങള്‍ ഇന്ത്യയിലേക്ക്‌

Posted on: July 13, 2016 12:22 am | Last updated: July 13, 2016 at 12:22 am
SHARE

CnKc7RVUIAAfE9tചെന്നൈ: ലോകഫുട്‌ബോളിലെ ചരിത്രപുരുഷന്‍മാരായ റൊണാള്‍ഡീഞ്ഞോ, റയാന്‍ ഗിഗ്‌സ്, പോള്‍ സ്‌കോള്‍സ്, ഹെര്‍നന്‍ ക്രെസ്‌പോ എന്നിവര്‍ ഇന്ത്യന്‍ മണ്ണില്‍ പന്ത് തട്ടാനെത്തുന്നു. ഫുട്‌ബോളിന്റെ തമ്പുരാന്‍മാര്‍ പക്ഷേ, പ്രീമിയര്‍ ഫുട്‌സാല്‍ രാജ്യാന്തര ടൂര്‍ണമെന്റ് കളിക്കാനാണ് ഇവിടെയെത്തുന്നത്.
ഫുട്‌ബോളിന്റെ ചെറുരൂപമായ ഫുട്‌സാലില്‍ ഒരു ടീമില്‍ ഗോളിയുള്‍പ്പടെ അഞ്ച് പേരാണുണ്ടാവുക. ഈ മാസം പതിനഞ്ചിന് ചെന്നൈയിലാണ് ടൂര്‍ണമെന്റിന് കിക്കോഫ്. 24ന് ഗോവയിലാണ് ഫൈനല്‍. ആറ് ടീമുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് കൊച്ചി ടീമുണ്ട്. ചെന്നൈ, കൊല്‍ക്കത്ത, മുംബൈ, ഗോവ, ബെംഗളുരു എന്നിങ്ങനെയാണ് മറ്റ് ടീമുകള്‍. രണ്ട് ഗ്രൂപ്പുകളിലായിട്ട് പ്രാഥമിക റൗണ്ട്. ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിഫൈനലിന് യോഗ്യത നേടും.
പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ലൂയിസ് ഫിഗോയാണ് പ്രഥമ ഫുട്‌സാല്‍ പ്രീമിയര്‍ ടൂര്‍ണമെന്റിന് ചുക്കാന്‍ പിടിക്കുന്നത്. ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ ഈ ഇന്‍ഡൂര്‍ ഗെയിമിന് എതിരാണ്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ താരമായ പോള്‍ സ്‌കോള്‍സ് ബെംഗളുരു ടീമിന്റെ മാര്‍ക്വു താരമാണ്. കന്നഡ ഫിലിം സ്റ്റാര്‍ പുനീത് രാജ്കുമാറാണ് ടീമിന്റെ ഉടമ. പോര്‍ച്ചുഗല്‍ മുന്‍ താരം ഡെക്കോയും മാര്‍ക്വു താരമായി ഫുട്‌സാലിലുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും പരുക്ക് കാരണം പിന്‍മാറി.
ഇതോടെ, ഫുട്‌സാലിലെ പെലെ എന്നറിയപ്പെടുന്ന ഫല്‍കാവോയെ ചെന്നൈ ടീം മാര്‍ക്വു താരമായി കരാറൊപ്പിട്ടു. റയല്‍മാഡ്രിഡിന്റെ മുന്‍ സ്പാനിഷ് താരം മൈക്കല്‍ സല്‍ഗാഡോയാണ് കൊച്ചിയുടെ മാര്‍ക്വു താരം. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഹെര്‍നന്‍ ക്രെസ്‌പോ കൊല്‍ക്കത്തയുടെ മാര്‍ക്വു താരം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്ലെയറും പിന്നീട് കോച്ചുമായി പ്രവര്‍ത്തിച്ച റയാന്‍ ഗിഗ്‌സിനെ മുംബൈ മാര്‍ക്വു താരമാക്കി. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയെ ഗോവ റാഞ്ചി.