Connect with us

Kerala

മാധ്യമപ്രവര്‍ത്തകന്റെ റോളില്‍ മുന്‍മന്ത്രി കെ പി മോഹനന്‍ നിയമസഭയില്‍

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മുന്‍മന്ത്രി കെ പി മോഹനന്‍ വീണ്ടും നിയമസഭയില്‍. മാധ്യമ പ്രവര്‍ത്തകന്റെ റോളില്‍ പ്രസ് ഗ്യാലറിയില്‍ ആയിരുന്നെന്ന് മാത്രം. മോഹനന്‍ തന്നെയായിരുന്നു ഇന്നലെ പ്രസ് ഗ്യാലറിയുടെ ശ്രദ്ധാകേന്ദ്രം. ചോദ്യോത്തര വേള മുതല്‍ നടപടിക്രമങ്ങളെല്ലാം കുറിച്ചെടുത്തു. ആദ്യചോദ്യം കൃഷി വകുപ്പുമായി ബന്ധപ്പെട്ടതായതോടെ അദ്ദേഹത്തിനും ആവേശം.
തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന “പടയണി” പത്രത്തിന്റെ ലേഖകനായാണ് അദ്ദേഹം സഭയില്‍ വന്നത്. 1973ലാണ് കെ പി മോഹനന്റെ പിതാവ് മുന്‍മന്ത്രി പി ആര്‍ കുറുപ്പ് പടയണി എന്ന സായാഹ്ന പത്രം തുടങ്ങുന്നത്. തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്, മാഹി മേഖലകളിലാണ് ഈ പത്രത്തിന്റെ പ്രചാരം. പടയണിയുടെ തുടക്കക്കാലത്തുതന്നെ കെ പി മോഹനന്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറായിരുന്നു. പിതാവിന്റെ മരണശേഷം രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും പത്രം നടത്തിപ്പിലും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.
സഭാ റിപ്പോര്‍ട്ടിംഗിങ്ങിനായാണ് താന്‍ എത്തിയതെന്ന് പറഞ്ഞാണ് മോഹനന്‍ പ്രസ് ഗ്യാലറിയിലേക്ക് കടന്നത്. കേട്ടവര്‍ വിശ്വസിക്കില്ലെന്ന് കരുതിയ അദ്ദേഹം റിപ്പോര്‍ട്ടിംഗിനു ശേഷം താന്‍ തയാറാക്കിയ കുറിപ്പും മാധ്യമങ്ങള്‍ക്ക് കാണിച്ചു കൊടുത്തു. സംശയിച്ച് നിന്നവരെ പ്രസ് പാസും കാണിച്ചു. പത്രപ്രവര്‍ത്തനവും രാഷ്ട്രീയവും ഒരുമിച്ചുകൊണ്ടുപോകാനാണ് മോഹനനു താത്പര്യം.
സഭയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കുപുറമെ സഭയിലെ സംഭവ വികാസങ്ങളടങ്ങിയ സ്ഥിരം കോളവും പടയണിയില്‍ ഉണ്ടാകും. പ്രസ് ഗ്യാലറിയില്‍ തങ്ങളുടെ മുന്‍ സഹപ്രവര്‍ത്തകന്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ ചില എം എല്‍ എമാര്‍ക്ക് അത്ഭുതം. ചില അംഗങ്ങള്‍ മുന്‍മന്ത്രിയെ അഭിവാദ്യം ചെയ്തു.

Latest