Connect with us

Kerala

ഇന്തോ- യു കെ ആരോഗ്യ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രതിനിധിയായി വടകര സ്വദേശി

Published

|

Last Updated

വടകര: ഈ മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ഇന്തോ-യുകെ ഉന്നത ആരോഗ്യ ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വടകര സ്വദേശിയായ ഡോ. സുദിന്‍ കുമാര്‍ പങ്കെടുക്കും. ആരോഗ്യ ഉച്ചകോടിയുടെ ഭാഗമായി ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ 20ന് ഡോ. സുദിന്‍ കുമാര്‍ ഹോമിയോപ്പതിക് ചികിത്സാ മേഖലയെ കുറിച്ചു പ്രസംഗിക്കും. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഹോമിയോപ്പതിയെ കുറിച്ചു പ്രസംഗിക്കുന്ന ആദ്യത്തെ ഡോക്ടറായി ഈ മലയാളി ചരിത്രത്തിലിടം നേടുകയാണ്. വടകര ചോമ്പാലയിലെ തട്ടോളിക്കര സ്വദേശിയാണ് ഡോ. സുദിന്‍ കുമാര്‍. ഹോമിയോപ്പതിയുടെ പിതാവായ ഡോ. സാമുവല്‍ ഹാനിമാന്റെ 261ാം ജന്മദിനത്തോടനുബന്ധിച്ചു കഴിഞ്ഞ എപ്രിലില്‍ ജര്‍മനിയില്‍ നടന്ന ലോക ഹോമിയോപ്പതിക് ഡോക്ടര്‍മാരുടെ ആഗോള സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 50 അംഗസംഘത്തെ നയിച്ചത് ഡോ. സുദിന്‍ കുമാറായിരുന്നു. ജര്‍മനിയിലെ ടോര്‍ഗോ നഗരത്തിലെ ഡോ. ഹാനിമാന്റെ വസതിയില്‍ നടന്ന സെമിനാറില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത പ്രബന്ധം അവതരിപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ സെക്രട്ടറി ജനറലാണ്. ഹോമിയോപ്പതിക് മെഡിക്കല്‍ പനോരമ എന്ന മെഡിക്കല്‍ ജേണലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയും പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്റെ സ്ഥാപക ട്രഷറായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പത്താം ബാച്ച് വിദ്യാര്‍ഥിയായിരുന്നു. വടകര മുക്കാളിയില്‍ പ്രാക്ടീസ് ചെയ്തു വരികയാണ്. തട്ടോളിക്കര യുപി സ്‌കൂള്‍, മടപ്പള്ളി ഗവ. സ്‌കൂള്‍, മടപ്പള്ളി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തട്ടോളിക്കരയിലെ പരേതനായ വട്ടക്കണ്ടി ബാലന്‍ മാസ്റ്റര്‍- കമലാക്ഷി ടീച്ചര്‍ ദമ്പതികളുടെ മകനാണ്. അധ്യാപികയായ ഷെറിന്‍ തിലകാണ് ഭാര്യ. വിദ്യാര്‍ഥിനികളായ നിധി, ദിയ എന്നിവര്‍ മക്കളാണ്.

പിന്നാക്ക വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍
50 ശതമാനം വര്‍ധിപ്പിക്കും
തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുളള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ധിപ്പിക്കുമെന്നു മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചു. ബി സത്യന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി. 2016-17 സാമ്പത്തിക വര്‍ഷം ഏതാണ്ട് 413 കോടി രൂപ എസ് സി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യവിതരണത്തിന് ആവശ്യമായി വരും. ഇത്രയും തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പിന്നോക്ക- ഒ ഇ സി വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ക്ക് നടപ്പു വര്‍ഷം 162 കോടിയോളം രൂപ വേണം. കുടിശിക നല്‍കാനുളള 163 കോടി രൂപയും ചേര്‍ത്ത് ഒട്ടാകെ 325 കോടി രൂപ ആവശ്യമാണ്. ഇക്കാര്യം മന്ത്രിസഭ വന്നയുടന്‍ ശ്രദ്ധയില്‍ വരികയും ഇത് ധനകാര്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും അതനുസരിച്ച് മുന്‍ സര്‍ക്കാര്‍ വകയിരുത്തിയ 125.60 കോടി രൂപക്ക് പുറമേ പുതുക്കിയ ബജറ്റില്‍ പദ്ധതി ഇനത്തില്‍ 50 കോടിയും പദ്ധതിയേതര ഇനത്തില്‍ 150 കോടിയും ഉള്‍െപ്പടെ 200 കോടി രൂപ അധികം വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Latest