ചക്ക തന്നെ രക്ഷ

Posted on: July 13, 2016 6:00 am | Last updated: July 12, 2016 at 11:53 pm
SHARE

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വ്യത്യസ്തമായ ഒരു പരിപാടി നടന്നു. ചക്ക വിളംബര യാത്രയുടെ ഫഌഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ച ചടങ്ങായിരുന്നു അത്. ഒരു കാലത്ത് മലയാളിയുടെ നാട്ടിന്‍ പുറങ്ങളില്‍ ചക്കക്കുണ്ടായിരുന്ന പ്രാധാന്യം ഓര്‍മിപ്പിക്കല്‍ കൂടിയായിരുന്നു അത്. തൊഴിലില്ലായ്മയുടെ പേരില്‍ അന്യദേശത്തേക്ക് വിമാനം കയറാന്‍ ഒരുങ്ങുന്നവര്‍ക്കും അവിടങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചു വന്ന് കുന്തിച്ചിരിക്കുന്നവര്‍ക്കും നമ്മുടെ പരിസരങ്ങളില്‍ സുലഭമായ അനേകം തൊഴിലവസരങ്ങള്‍ കണ്ടെത്താനുള്ള അവസരമായിരിക്കും ഈ ചക്ക വിളംബരം. ചക്ക പോലെ അതത് സീസണുകളില്‍ നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഫലങ്ങള്‍ ഉപയോഗപ്പെടുത്തി തൊഴിലില്ലായ്മ എന്ന മഹാ വിപത്തിനെ നമുക്കൊഴിവാക്കാന്‍ സാധിക്കും. ചക്ക വിളംബര യാത്രയോടെ കൊണ്ടുവരുന്ന വിവിധ പദ്ധതികള്‍ അതിന് മുതല്‍ക്കൂട്ടാവുന്നതാണ്.
ഒരു കാലത്ത് നമ്മുടെ നാട്ടിലെ പ്രധാന ഭക്ഷ്യ വസ്തുവായിരുന്നല്ലോ ചക്കയും ചക്ക കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളും. ഷവര്‍മ്മയും പാസ്തയും ബര്‍ഗറും ഫപ്‌സും തട്ടിയെടുത്ത ആ നല്ലകാലത്തേക്ക് നമുക്ക് തിരിച്ചുപോകാം. ഇനി നമുക്ക് ചക്കയും ചക്ക വിഭവങ്ങളും ശീലമാക്കാം. അത്രയേറെയുണ്ട് ചക്കകൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങള്‍. ഫാസ്റ്റ്ഫുഡും മറ്റു വൈദേശീയരുടെ ഭക്ഷണ ശൈലികളും മുഖേനെയുള്ള രോഗങ്ങള്‍ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോള്‍ ഔഷധ ഗുണമേറെയുള്ള ചക്കയുടെ തിരിച്ചുവരവ് തീര്‍ച്ചയായും ആശ്വാസം നല്‍കും.
ചക്ക സുലഭമല്ലാത്ത സ്ഥലങ്ങളില്‍ ഒരു ചക്കച്ചുളക്ക് തന്നെ അഞ്ച് മുതല്‍ 15 രൂപ വരെ വില ഈടാക്കുന്നുണ്ട്. പഴുത്ത് വീണ് ആര്‍ക്കും വേണ്ടാതെ ചീഞ്ഞളിഞ്ഞ് പോകുന്ന നമ്മുടെ നാട്ടിലെ ചക്കകളെല്ലാം കയറ്റുമതി ചെയ്താല്‍ തന്നെ എത്ര ലാഭകരമായ വ്യാപാരമായിരിക്കും അത്. ചക്ക കൊണ്ടുണ്ടാക്കാവുന്ന അനേക വിഭവങ്ങളുണ്ട്. നമ്മുടെ നാട്ടിലെ രോഗ വിതരണക്കാരയ ഫാസ്റ്റ് -ജംഗ് ഫുഡുകള്‍ക്ക് പകരം ചക്ക കൊണ്ടുണ്ടാക്കാവുന്ന വിവിധ ഭക്ഷോത്പന്നങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചക്കപ്പഴവും ചക്കപുഴുക്കും ചക്കപ്പവും ചക്ക വറുത്തതും മാത്രമേ നമ്മുടെ നാട്ടില്‍ ചക്കകൊണ്ടുള്ള വിഭവങ്ങളില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഇതിനു പുറമെ ചക്കക്കുരു കട്‌ലറ്റ്, ചക്കക്കുരു ഹല്‍വ, ചക്ക അട, ഇടിച്ചക്ക ബോ, ഇടിച്ചക്ക പക്കോട, ഹല്‍വ, വൈന്‍, ഐസ്‌ക്രീം എന്നിവയും ചക്ക കൊണ്ടുണ്ടാക്കാവുന്ന സ്വാദിഷ്ടമായ വിഭവങ്ങളാണ്.
ചക്കയുടെ ഔഷധ ഗുണത്തില്‍ തര്‍ക്കമില്ല. പ്രമേഹത്തിന് പച്ച ചക്കയും പച്ച ചക്ക കൊണ്ടുണ്ടാക്കുന്ന ചക്കപ്പുഴുക്കും കഴിക്കുന്നത് ഫലപ്രദമാണെന്ന് അന്തരാഷ്ട്ര തലത്തില്‍ തെളിയിക്കപ്പെട്ടതാണ്.
ചക്കയുടെ ഗുണങ്ങള്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല. ചക്കയില്‍ ഫൈബര്‍ (നാരുകള്‍) ധാരാളമുള്ളതിനാല്‍ സുഖശോധനയുണ്ടാകും. കുടലിന് ഉത്തമമാണ്. വീട്ടില്‍ പ്ലാവുണ്ടെങ്കില്‍ ആയുസ്സ് പത്ത് വയസ്സ് കൂടുമെന്ന ചൊല്ലിന് ഇതും കാരണമാണ്. ചക്കപ്പുഴുക്ക് കഴിക്കുന്നതിനാല്‍ പ്രമേഹം കൂടുന്ന പ്രശ്‌നമില്ല. കുടല്‍ എപ്പോഴും കഴുകി വൃത്തിയാക്കിയതു പോലെ ഇരിക്കുന്നതിനാല്‍ കുടല്‍ സംബന്ധമായ അസുഖങ്ങള്‍ വരില്ല. മറ്റു പഴങ്ങളെക്കാള്‍ അസിഡിറ്റിയും തീരെ കുറവാണ് ചക്കയില്‍.
കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമങ്ങളെ നേരിടാന്‍ ചക്കക്ക് വലിയ ഒരു പങ്ക് വഹിക്കാനാവുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. കേരളത്തില്‍ സുലഭമായി വളരുന്ന ഈ ഫലം ആധുനികതയുടെ പളപളപ്പില്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ല. കൂടുതലും പാഴാക്കി കളയുകയാണു. കുറെയധികം ചക്ക തമിഴ്‌നാട്ടിലേക്ക് കയറ്റി അയക്കുന്നുമുണ്ട്. ചക്ക സുലഭമായി ലഭിക്കുന്ന കാലഘട്ടം ഏപ്രില്‍ മുതല്‍ ജൂലായ് വരെയാണ്. ഏതു കാലാവസ്ഥയിലും കായ്ക്കുന്ന ഒരു പ്രത്യേക ഇനം പ്ലാവ് ഉണ്ടെന്നു പറയപ്പെടുന്നു. എന്നാല്‍ ഇത് കേരളത്തില്‍ സാധാരണയല്ല. ചില പ്രത്യേക കാലയളവില്‍ മാത്രം ലഭിക്കുന്നതുമുലവും സൂക്ഷിച്ചു വെക്കാനുള്ള സാങ്കേതിക വിദ്യയുടെ അഭാവവും ആണ് ചക്ക ഉപയോഗിക്കുന്നതിലെ പ്രശ്‌നങ്ങള്‍. വലിയ അളവില്‍ പ്രത്യേക കാലത്തു മാത്രം ലഭിക്കുന്നതിനാലും, ചെറിയ ചെറിയ കുടുംബങ്ങളായി വിഭജിക്കപ്പെട്ടതിനാലും, മഴക്കാലത്തു വിവിധ രോഗങ്ങള്‍ക്കു ചക്ക കാരണമാകും എന്ന തെറ്റിദ്ധാരണ മൂലവും ആണ് ഇത് വേണ്ടത്ര ഉപയോഗിക്കപ്പെടാതെ പോകുന്നത്. മാരകമായ കീടനാശിനികള്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കാന്‍ വിധിക്കപ്പെട്ട നമ്മുടെ നാട്ടില്‍ ഏറ്റവും പ്രകൃതിദത്തമായ ചക്കയുടെ പ്രധാന്യം തിരിച്ചറിയാന്‍ എന്നാണ് നമുക്ക് സാധിക്കുക?